ADVERTISEMENT

ദോഹ∙ ലെവൽ 3 ഓട്ടോണമസ് വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാനുള്ള നടപടികളിൽ ഗതാഗതമന്ത്രാലയം. വാഹന ലോകത്ത് മുന്നേറുന്ന സ്വയംനിയന്ത്രിത വാഹനങ്ങളുടെ സാങ്കേതിക വിദ്യയ്ക്ക് അനുസൃതമായി നയങ്ങളും വികസിപ്പിക്കും. അടുത്ത 5 വർഷത്തിനുള്ളിൽ സ്വയംനിയന്ത്രിത  വാഹന രംഗത്ത് വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രാലയത്തിലെ പബ്ലിക് ട്രാൻസ്‌പോർട്ട് വകുപ്പ് പ്രൊജക്ട് മാനേജർ മെസ്‌നദ് അലി അൽ മിസ്‌നദ് വ്യക്തമാക്കി. 

ലോകത്തിലെ പൊതുഗതാഗത സംവിധാനത്തിൽ അതിവേഗം വികസിക്കുന്ന സാങ്കേതിക വിദ്യകൾക്കൊപ്പം മുന്നേറുന്നതിൽ മന്ത്രാലയം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഗതാഗത മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഓട്ടോണമസ് വാഹനങ്ങൾ.  ഇതു സംബന്ധിച്ച് വിശദ പഠനം നടത്തി ഇത്തരം വാഹനങ്ങളുടെ പൂർണതോതിലുള്ള പ്രവർത്തനത്തിന് രാജ്യം വികസിപ്പിക്കേണ്ട പ്രധാന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാണ് ഓട്ടോണമസ് വാഹന നയത്തിന് തുടക്കമിട്ടതെന്നും അൽ മിസ്‌നെദ് വിശദമാക്കി. ഓട്ടോണമസ് വാഹനങ്ങളുടെ പഞ്ചവത്സര നയങ്ങളിൽ സാങ്കേതികവിദ്യകളുടെ അടിസ്ഥാന സൗകര്യ വികസനം, സൈബർ സുരക്ഷ, ആവശ്യമായ നിയമനിർമാണങ്ങൾ തുടങ്ങി 7 പ്രധാന ഘടകങ്ങളിലാണ് ഉന്നൽ നൽകുന്നത്.

ഒന്നു മുതൽ 5 വരെ വ്യത്യസ്ത ലെവലുകളിലാണ് ഓട്ടോണമസ് വാഹനങ്ങളുള്ളത്. മാനുഷിക ഇടപെടൽ ഒട്ടും ആവശ്യമില്ലാത്ത 5 ലെവൽ ലോകത്തെവിടെയും  നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിക്ക സാഹചര്യങ്ങളിലും സ്വയം ഡ്രൈവ് ചെയ്യാൻ കഴിയുന്ന തരത്തിൽ സ്വമേധയാ പ്രവർത്തിക്കുന്നവയാണ് ലെവൽ 3 വാഹനങ്ങൾ. ഇതിൽ സിസ്റ്റം പരാജയപ്പെട്ടാൽ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഡ്രൈവർ തയാറായിരിക്കണം. 

സങ്കീർണമായ പ്രകടനം ആവശ്യമില്ലാത്ത തരത്തിലാണ് ലെവൽ 3 ഓട്ടമേഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. സ്മാർട്, പരിസ്ഥിതി സൗഹൃദ ട്രാൻസിറ്റ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഓട്ടോണമസ് വാഹന നയം മന്ത്രാലയം പ്രഖ്യാപിച്ചത്.  മന്ത്രാലയത്തിന്റെ ലെവൽ 4 ഓട്ടോണമസ് മിനി ബസ് കഴിഞ്ഞ വർഷം ആദ്യം പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

English Summary:

Qatar Ministry of Transport to construct Level 3 autonomous vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com