നാടകരംഗം സജീവമാക്കി ബഹ്‌റൈൻ; അഭിനയിക്കാൻ വീട്ടമ്മമാരും
Mail This Article
മനാമ∙ നാടകങ്ങൾക്ക് കാണികളും അഭിനേതാക്കളും ഇല്ലാതാവുന്നു, നാടകങ്ങൾ അന്യം നിന്ന് പോകുന്നു എന്നൊക്കെയുള്ള വിലാപങ്ങൾക്കിടയിൽ നാടകം എന്ന് കേട്ടാൽ ഓടിയെത്താനും നാടകങ്ങൾ അവതരിപ്പിക്കാനും കാണാനും തയ്യാറാകുന്ന നിരവധി ആളുകൾ ഉണ്ട് ബഹ്‌റൈനിൽ. പ്രവാസത്തിന്റെ തിരക്ക് പിടിച്ച തൊഴിൽ ജീവിതത്തിനിടയിലും ഏറെ വൈകുവോളമുള്ള നാടക റിഹേഴ്‌സലുകൾ നടത്തി നാടക കലയെ നിലനിർത്താനും പുതിയ ആശയങ്ങൾ അരങ്ങിലെത്തിക്കാനും ചെറുപ്പക്കാർ അടക്കമുള്ള നിരവധി പ്രവാസി മലയാളികളാണ് മുന്നോട്ട് വരുന്നത്. അഭിനയരംഗത്തേയ്ക്ക് വീട്ടമ്മമാരും ആവേശത്തോടെ കടന്നുവരുന്നു എന്നതാണ് മറ്റൊരു സവിശേഷത.
ബഹ്‌റൈനിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നായ ബഹ്‌റൈൻ കേരളീയ സമാജം തന്നെയാണ് ഇന്നും ബഹ്‌റൈന്റെ നാടക കലയെ സജീവമാക്കുന്നത്. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നിരവധി നാടകങ്ങൾ വേദിയിലെത്തുന്നു. നരേന്ദ്ര പ്രസാദ് അനുസ്‌മരണ നാടക മത്സരം ആണ് സമാജത്തിന്റെ നാടക രാവുകളെ ഇപ്പോൾ സജീവമാക്കുന്നത് . കഴിഞ്ഞമാസം 3 മുതലാണ് ഇത്തവണത്തെ നാടകമത്സരം ഇവിടെ നടന്നുവരുന്നത്. ബഹ്‌റൈനിലെ നാടകകലാകാരന്മാർക്ക്നി വേണ്ടി ഏർപ്പെടുത്തിയ ഈ നാടകമത്സരത്തിൽ ഇത്തവണ നിരവധി നാടകങ്ങൾ അവതരിപ്പിക്കുന്നു.
അവയിൽ തിരെഞ്ഞെടുക്കപ്പെട്ട 9 നാടകങ്ങളാണ് തുടർച്ചയായ ദിവസങ്ങളിൽ അരങ്ങിൽ എത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള പ്രമുഖ നാടക കലാകാരന്മാരായ ഹരിലാൽ, മഞ്ജുളൻ തുടങ്ങിയവരാണ് വിധി കർത്താക്കൾ. മികച്ച രംഗപടവും ദീപ വിതാനവും ഒരുക്കി മത്സര നാടകങ്ങൾ മികച്ച നിലവാരം പുലർത്തി ഇത്തവണയും ഈ നാടകമത്സരം മുന്നേറുകയാണ്.
എ. ശാന്തകുമാറിന്റെ രചനയിൽ ബേബിക്കുട്ടൻ സംവിധാനം ചെയ്ത സ്വപ്നവേട്ട, സതീഷ് കെ. സതീഷിന്റെ രചനയിൽ അനീഷ് നിർലൻ സംവിധാനം ചെയ്ത 'ഗ്രീൻ റൂം', ജയൻ മേലത്തിന്റെ രചനയിൽ നജീബ് മീരാൻ സംവിധാനം ചെയ്ത 'ബുധിനി', ജലീലിന്റെ രചനയിൽ ഹരീഷ് മേനോൻ സംവിധാനം ചെയ്ത 'മുയലുകളുടെ ആരാമം', ഗിരീഷ് കര്ണാടിന്റെ രചനയിൽ ഷാഗിത്ത് സംവിധാനം നിർവഹിച്ച 'നാഗമണ്ഡല', എ. ശാന്തകുമാറിന്റെ രചനയിൽ ദിപിൻദാസ്, സജീഷ് തീക്കുനി എന്നിവർ സംവിധാനം നിർവഹിച്ച 'സുഖനിദ്രകളിലേയ്ക്ക്', ഷബിനി വാസുദേവ് എഴുതി ബോണി ജോസ് സംവിധാനം ചെയ്യുന്ന 'ശകുനി', രതീഷ് കണിശൻ എഴുതി സംവിധാനം ചെയ്ത 'ര ക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്' ,രാജേഷ് സോമൻ എഴുതി സംവിധാനം ചെയ്ത 'സൗരയൂഥ' എന്നീ നാടകങ്ങളാണ് ഇത്തവണ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.
∙ പ്രവാസികളുടെ നാടക ചരിത്രം ഇന്നും ഇന്നലെയും തുടങ്ങിയതല്ല
ഒരു കൂട്ടം കലാകാരന്മാർ നാടകങ്ങൾ അവതരിപ്പിച്ചു കൊണ്ട് 75 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച കൂട്ടായ്മയാണ് ബഹ്‌റൈൻ കേരളീയ സമാജം തന്നെയായി മാറിയതെന്ന് മുൻ പ്രവാസികൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അന്തരിച്ച ചലച്ചിത്ര നടന്മാരായ തിലകൻ, രാജൻ പി ദേവ്, കാവാലം നാരായണപ്പണിക്കർ, കെ പി എ സി ലളിത തുടങ്ങി നിരവധി ആളുകൾ ബഹ്‌റൈൻ കേരളീയസമാജത്തിലെ നാടക പ്രവർത്തനങ്ങളിൽ ഭാഗഭാക്കായിട്ടുണ്ട്. നാടകാചാര്യൻ എൻ. എൻ. പിള്ളയുടെ ജന്മശദാബ്ദിയോടനുബന്ധിച്ച് സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ 10 നാടകങ്ങളും അവതരിപ്പിക്കപ്പെട്ടിരുന്നു. മഹാകവി ഭാസന്റെ, വിഖ്യാതമായ നാടകമായ ഊരുഭംഗം", ഫെഡറികോ ഗാർഷ്യ ലോർക്കയുടെ " യെർമ ", കെപിഎസിയുടെ അശ്വമേധം, കാവാലത്തിന്റെ അവനവൻ കടമ്പ, ഭഗവതജ്ജുകം തുടങ്ങി കേരളത്തിൽ അവതരിപ്പിക്കപ്പെട്ട പല പ്രഫഷണൽ നാടകങ്ങളും ബഹ്‌റൈനിലെ നാടകകലാകാരന്മാരുടെ കൈകളിൽ ഭദ്രമായിരുന്നു. പലപ്പോഴും രംഗപടം ഒരുക്കാനുള്ള സാധന സാമഗ്രികൾ ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴും ഏതു വിധേനയും ലഭ്യമാക്കിയോ കലാസംവിധായകരുടെ കൈവിരുതിൽ കൃത്രിമമായോ ഉണ്ടാക്കുന്ന പല സെറ്റുകൾ നാട്ടിൽ നിന്നെത്തുന്ന പ്രഗത്ഭരെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
∙ സജീവമായി ബഹ്‌റൈൻ പ്രതിഭയും
ബഹ്‌റൈൻ നാടക പ്രവർത്തനങ്ങളിൽ സജീവ പങ്ക് വഹിക്കുന്ന സംഘടനകളിൽ ശ്രദ്ധേയമായ സംഘടനയാണ് ബഹ്‌റൈൻ പ്രതിഭ. പുരോഗമനാശയങ്ങൾ കൊണ്ടുവരുന്നതിലും തുടർച്ചയായ നാടക ക്യാംപുകൾ നടത്തി നാടക പ്രവർത്തകരെ മുന്നോട്ട് കൊണ്ടുവരുന്നതിലും പ്രതിഭ മുൻ പന്തിയിലാണ്. സാംകുട്ടി പട്ടംകരിയെപ്പോലെ നിരവധി നാടക പ്രവർത്തകർ പ്രതിഭയുടെയും ക്യാംപുകളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. രണ്ടു മണിക്കൂർ നീളുന്ന നാല് നാടകങ്ങൾ ഒരൊറ്റ ദിവസം തന്നെ ബഹ്‌റൈൻ കേരളസമാജത്തിന്റെ വേദിയിൽ അരങ്ങിലെത്തിച്ചതിന്റെ ക്രെഡിറ്റും ബഹ്‌റൈൻ പ്രതിഭയ്ക്ക് സ്വന്തം .
∙ നടികളാകാൻ വീട്ടമ്മമാർ മുന്നോട്ട് വരുന്നു
ബഹ്‌റൈനിലെ നാടകപ്രവർത്തനങ്ങൾ വിജയിക്കുന്നതിനുള്ള ഒരു കാരണം അഭിനേത്രികൾക്ക് പഞ്ഞമില്ല എന്നതാണ്. കേരളത്തിൽ നാടകങ്ങളിൽ അഭിനയിക്കാൻ ഇപ്പോഴും നടികളെ ലഭ്യമാകാതിരിക്കുന്ന അവസ്‌ഥയിലും ബഹ്‌റൈനിൽ അഭിനയിക്കാൻ തയ്യാറായി നിരവധി വീട്ടമ്മമാരും സ്‌ഥാപനങ്ങളിൽ ജോലിയുള്ള മറ്റു പ്രഫഷണൽ രംഗത്തുള്ളവരും കടന്നുവരുന്നു എന്നത് ശ്രദ്ധേയമാണ്.ഇവിടെ നാടകം ഒരു ജീവിതോപാധിയായി കാണുന്നില്ല എന്നതും സമ്മർദ്ദമേറിയ ജോലികളിൽ നിന്ന് ഒരാശ്വാസം എന്ന നിലയിലും സ്ത്രീകൾ നാടകത്തെ സമീപിക്കുന്നു എന്നതുമാണ് ഇതിന് കാരണം. പല സംഘടനകളുടെയും പേരിൽ മത്സരിക്കുന്ന നാടക ഗ്രൂപ്പുകൾ പലപ്പോഴും ഒരു കുടുംബത്തെപ്പോലെ നാടക സംഘത്തെയും കാണുന്നു.
∙ സമാജത്തിലെ നാടകവേദി നൽകുന്ന സൗകര്യങ്ങൾ
ജിസിസിയിൽ തന്നെ സ്വന്തമായി ആസ്‌ഥാനമന്ദിരമുള്ള ബഹ്‌റൈൻ കേരളീയ സമാജം വളരെ ദീർഘവീക്ഷണത്തോടെ നിർമിച്ച കെട്ടിടമാണ്. ഏതൊരു നാടകവും അവതരിപ്പിക്കാനുതകുന്ന വിശാലമായ സ്റ്റേജ് ,അതിവിശാലമായ ഗ്രീൻ റൂമുകൾ,പരിശീലനങ്ങൾക്കായി നിരവധി ഹാളുകൾ,ശബ്ദ വെളിച്ച ക്രമീകരണങ്ങൾ നടത്താനുള്ള സൗകര്യം,രംഗപടം ഒരുക്കാൻ ആത്മാർഥമായ കലാകാരന്മാർ തുടങ്ങി ഒരു നാടകത്തിന് വേണ്ടുന്നത് എല്ലാം ഇവിടെ ലഭ്യമാണ് എന്നത് നാടക പ്രേമികൾക്ക് ലഭിക്കുന്ന പ്രചോദനം ചെറുതല്ല. നാടകങ്ങൾ ചെയ്യുന്നവർക്ക് വ്യാഴം,വെള്ളി തുടങ്ങിയ ദിവസങ്ങൾ ഒഴികെ വേദികൾ നൽകാൻ സമാജം തയാറാണെന്ന് പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പ്രഖ്യാപിക്കുകയും ചെയ്തത് ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കുള്ള ഊർജ്ജം കൂടിയാണ്.
∙ സംഗീത നാടക അക്കാദമിയുടെ ജിസിസിയിലെ ആദ്യ എക്സ്റ്റൻഷൻ ഉദ്ഘാടനത്തിന് ഒതുങ്ങി
2010 ൽ അന്നത്തെ കേരള സംഗീത നാടക അക്കാദമി ചെയർമാൻ ചലച്ചിത്ര തരാം മുകേഷ് ഉദ്ഘാടനം ചെയ്തതാണ് കേരള സംഗീത നാടക അക്കാദമിയുടെ ജിസിസിയിലെ ആദ്യത്തെ എക്സ്റ്റൻഷൻ കേന്ദ്രം. എന്നാൽ പതിവ് പോലെ ബഹ്‌റൈൻ കലാകാരന്മാർ ഒരുക്കിയ നാടകങ്ങൾ നടന്നു, അക്കാദമിയുടെ നേതൃത്വത്തിൽ ഒരു നാടകമത്സരവും നടന്നു എന്നതൊഴിച്ചാൽ പിന്നീട് പ്രവാസി കലാകാരന്മാർക്ക് ഗുണകരമായ ഒരു പ്രവർത്തനവും നടന്നില്ല. മാറി മാറി വരുന്ന സർക്കാരുകളും സാംസ്കാരിക മന്ത്രിമാരും പ്രവാസി കലാകാരന്മാർക്ക് വേണ്ടി വാഗ്‌ദാനങ്ങൾ പലതും നൽകുന്നുണ്ടെങ്കിലും അക്കാദമി പ്രവാസികൾക്ക് വേണ്ടി ആരംഭിച്ച നാടക മത്സരം പോലും പിന്നീട് നടന്നില്ല.