യുഎഇയിൽ വ്യാഴാഴ്ച വരെ മഴ, കാറ്റിനും സാധ്യത; ജാഗ്രതാ നിർദേശം
Mail This Article
ദുബായ് ∙ യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ പെയ്ത കനത്ത മഴയെ തുടർന്ന് റോഡുകളിൽ കെട്ടിനിന്ന വെള്ളം ഷാർജ മുനിസിപാലിറ്റി ഒഴിവാക്കി. ഈ ആഴ്‌ച മുഴുവന്‍ കൂടുതൽ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മഴയെ തുടർന്ന് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആളുകളോട് അഭ്യർഥിച്ചു. ഷാർജയുടെ ചില ഭാഗങ്ങൾ, ഉമ്മുൽ ഖുവൈൻ, കിഴക്കൻ തീരത്തുള്ള ഖോർഫക്കാൻ എന്നിവിടങ്ങളിലായിരുന്നു കനത്ത മഴ പെയ്തത്. ദുബായിൽ അപകടകരമായ ഡ്രൈവിങ്ങിന് 24 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പൊലീസ് പിടിച്ചെടുത്തു. അൽ റുവൈയ്യ മേഖലയിൽ പ്രതികൂല സാഹചര്യങ്ങളിലും അപകടകരവും അശ്രദ്ധവുമായ ഡ്രൈവിങ്ങിൽ ഏർപ്പെട്ടിരുന്നതായി സേന അറിയിച്ചു. വ്യാഴാഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ചില തീരദേശ, വടക്കൻ, കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും അബുദാബി പൊലീസ് അറിയിച്ചു. മഴയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. ഇലക്‌ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനങ്ങളോട് നിർദ്ദേശിച്ചു. ദൃശ്യപരത കുറവുള്ള സമയത്ത് ഡിപ്പ്-ബീം ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കാനും സാധ്യമെങ്കിൽ കനത്ത മഴയുള്ള സമയങ്ങളിൽ വാഹനമോടിക്കുന്നത് ഒഴിവാക്കാനും അഭ്യർഥിച്ചു.
കാലാവസ്ഥാ വാർത്തകൾക്കായി ഔദ്യോഗിക സ്രോതസ്സുകൾ പിന്തുടരാനും കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. യുഎഇയിലുടനീളമുള്ള കനത്ത മഴയുടെ ദൃശ്യങ്ങൾ കാലാവസ്ഥയെ ട്രാക്ക് ചെയ്യുന്ന സോഷ്യൽ മീഡിയ അക്കൗണ്ടായ സ്റ്റോം സെന്ററിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.