സംഗീത, നൃത്ത, രുചിക്കൂട്ടുമായി മദർ ഓഫ് ദ് നേഷൻ ഫെസ്റ്റ്
Mail This Article
അബുദാബി ∙ യുഎഇയുടെ പാരമ്പര്യ കാഴ്ചകളും സാംസ്കാരിക വൈവിധ്യങ്ങളുമായി മദർ ഓഫ് ദ് നേഷൻ ഫെസ്റ്റിവലിന് അബുദാബിയിൽ തുടക്കമായി. കോർണിഷിൽ 24 ദിവസം നീളുന്ന ഉത്സവത്തിൽ സംഗീതവും നൃത്തവും ഫാഷനും രുചിവൈവിധ്യവും സാങ്കേതികതയും കോർത്തിണക്കിയ ഉത്സവം സാംസ്കാരിക, ടൂറിസം വിഭാഗമാണ് (ഡിസിടി) സംഘടിപ്പിക്കുന്നത്. ഇത്തവണ അബുദാബിക്ക് പുറമെ അൽദഫ്ര, അൽഐൻ എന്നിവിടങ്ങളിലും നടത്തിവരുന്നു.
യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പത്നിയും ജനറൽ വിമൻസ് യൂണിയൻ പ്രസിഡന്റും സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡിന്റെയും സുപ്രീം ഫാമിലി ഡവലപ്മെൻറ് ഫൗണ്ടേഷന്റെയും അധ്യക്ഷയും രാഷ്ട്രമാതാവുമായ ഷെയ്ഖ ഫാത്തിമ ബിൻത് മുബാറക്കിനോടുള്ള ആദരസൂചകമായാണ് ഉത്സവം.
രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും പ്രമേയമാക്കിയ ഉത്സവത്തിൽ കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിന് പ്രചോദനം നൽകുന്ന ഒട്ടേറെ പരിപാടികളും ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യക്കാരായ കുടുംബങ്ങൾക്ക് ഒന്നടങ്കം പങ്കെടുക്കാവുന്ന വിനോദ പരിപാടികളാണ് മുഖ്യ ആകർഷണം. ത്രിൽ, അമ്യൂസ്, ഇൻഡൾജ്, എന്റർടെയ്ൻ എന്നീ 4 സോണുകളായി തിരിച്ചാണ് ഉത്സവം ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളുടെ ഇഷ്ടകേന്ദ്രമായ അമ്യൂസ്മെന്റ് മാതൃകയിലാണ് ത്രിൽ സോൺ ഒരുക്കിയിരിക്കുന്നത്.
ടിക്കറ്റ് 30 ദിർഹം മുതൽ. കുറഞ്ഞ ടിക്കറ്റിൽ നിശ്ചിത സോണുകളിലേക്കും വിനോദ കേന്ദ്രങ്ങളിലേക്കും മാത്രമാകും പ്രവേശനം. 150 ദിർഹത്തിന്റെ ടിക്കറ്റ് എടുത്താൽ എല്ലായിടത്തേക്കും പ്രവേശനമുണ്ട്. സംഗീത പരിപാടികൾക്ക് 45 ദിർഹത്തിന്റെ പ്രത്യേക ടിക്കറ്റ് എടുക്കണം. ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ അർധരാത്രി 12 വരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ അർധരാത്രി 12 വരെയുമാണ് പ്രവേശനം.