നാഫിസ് പൂർത്തിയാക്കിയാൽ കൂടുതൽ ആനുകൂല്യങ്ങൾ
Mail This Article
അബുദാബി ∙ യുഎഇയിൽ സ്വദേശിവൽക്കരണ പദ്ധതി (നാഫിസ്) പൂർത്തീകരിക്കുന്ന സ്വകാര്യമേഖലാ കമ്പനികൾക്ക് പുതിയ ആനുകൂല്യം പ്രഖ്യാപിച്ച് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. നിശ്ചിത കാലയളവിനു മുൻപ് വർഷത്തിൽ 2% ശതമാനം സ്വദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് സർക്കാർ കരാറുകളിൽ മുൻഗണന നൽകാനാണ് തീരുമാനം.
മറ്റ് ആനുകൂല്യങ്ങൾ
ഇതിനു പുറമേ എമിറേറ്റൈസേഷൻ പാർട്‌ണേഴ്‌സ് ക്ലബ്ബിൽ ചേർത്ത് സാമ്പത്തികസഹായം നൽകും. സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ യോഗ്യതയുള്ള സ്വദേശികളുടെ ഡേറ്റാബേസ് ലഭ്യമാക്കുക, സ്വദേശികളുടെ പെൻഷൻ പദ്ധതിക്കു സർക്കാർ സഹായം നൽകുക, മന്ത്രാലയ സേവന ഫീസിൽ 80% വരെ ഇളവ് നൽകുക തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങളുമുണ്ട്. സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് ജോലി ഉറപ്പാക്കി പദ്ധതി വിജയിപ്പിക്കുകയാണ് ലക്ഷ്യം.
നാഫിസ് നിയമം
നിലവിൽ അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം. ഇതു 6 മാസത്തിനിടെ (ജൂൺ, ഡിസംബർ മാസങ്ങളിൽ) 1% വീതം പൂർത്തിയാക്കിയാൽ മതിയെന്ന സാവകാശവും നൽകിയിരുന്നു. നിയമം പാലിക്കാത്ത കമ്പനിക്ക് ആളൊന്നിന് 42,000 ദിർഹം വീതം പിഴ (അർധവാർഷിക പിഴ) ചുമത്തും. മാസത്തിൽ 7000 ദിർഹം വീതം വർഷത്തിൽ ഇത് 84,000 ദിർഹമാകും.
16 ദിവസം കൂടി സമയം
ഈ വർഷത്തെ സ്വദേശിവൽക്കരണ അനുപാതം പൂർത്തിയാക്കാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. ശേഷിച്ച 16 ദിവസത്തിനകം നിശ്ചിത ശതമാനം സ്വദേശികളെ നിയമിച്ച് പിഴയിൽനിന്ന് ഒഴിവാകണം.
900 കമ്പനികൾക്കെതിരെ നിയമ നടപടി
നിയമം ലംഘിച്ച 900 കമ്പനികൾക്കെതിരെ നടപടിയെടുത്തതായി അണ്ടർസെക്രട്ടറി ആയിഷ ബെൽഹാർഫിയ പറഞ്ഞു. ഓരോ ജോലിക്കും ആവശ്യമായ പരിശീലനം നൽകി സ്വദേശികളെ ജോലിക്കു പ്രാപ്തരാണെന്ന് നാഫിസ് ഉറപ്പാക്കുന്നുണ്ട്.