കാത്തിരുന്ന ശിശിരം; ഗൾഫിലെങ്ങും തണുപ്പെത്തി, ഏറ്റവും കുറഞ്ഞ താപനില റാസൽഖൈമയിൽ
Mail This Article
ദുബായ്∙ മടിച്ചു നിന്ന ശിശിരകാലം ഒടുവിൽ രാജ്യത്തു വിരുന്നെത്തി. തണുപ്പു പ്രതീക്ഷിച്ച നവംബറിനെയും ഡിസംബറിനെയും ജനുവരിയെയും ഗൗനിക്കാതിരുന്ന ശൈത്യം ഫെബ്രുവരിക്ക് വാരിക്കോരി നൽകി. ഇന്നലെ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില റാസൽഖൈമയിലെ ജബൽ ജെയ്സിൽ രേഖപ്പെടുത്തി. 4.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. ഇന്നലെ ഇടയ്ക്കെപ്പോഴോ സൂര്യൻ കരുത്തു കൂട്ടിയെങ്കിലും കൂടുതൽ നേരവും രാജ്യമാകെ മൂടിയ അന്തരീക്ഷമായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗത്ത് പെയ്ത മഴയ്ക്കു പിന്നാലെയാണ് തണുപ്പെത്തിയത്. ബീച്ചുകളിലും തുറന്ന റസ്റ്ററന്റുകളിലും ഇന്നലെ തിരക്കിന്റെ ദിവസമായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കൊടുമുടികളിൽ ഒന്നായ ജബൽ ജെയ്സിലും സഞ്ചാരികളുടെ തിരക്കാണ്. തണുപ്പു വർധിച്ചതോടെ താപനില പൂജ്യത്തിലെത്തുമോ എന്ന കാത്തിരിപ്പിലാണ് മഞ്ഞുപ്രേമികൾ. 2017ൽ ആണ് റാസൽഖൈമയിൽ മഞ്ഞു വീണത്. ജബൽ ജെയ്സിൽ 2009ലും.
യുഎഇയിൽ മഴയ്ക്ക് സാധ്യത
യുഎഇയിൽ ഉപരിതല ന്യൂനമർദ്ദം രൂപപ്പെട്ടതായും മഴയ്ക്കു സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 3 ദിവസമായി രാജ്യത്ത് പൊടിക്കാറ്റും മൂടൽമഞ്ഞും രൂക്ഷമായിരുന്നു.
ഗൾഫിലെങ്ങും തണുപ്പെത്തി
ഗൾഫ് മേഖലയിൽ എല്ലാ രാജ്യങ്ങളിലും ഈ ദിവസങ്ങളിൽ താപനില കുറവാണ്. കുവൈത്തിലും സൗദിയിലും ഒമാനിലും ഖത്തറിലും തണുപ്പ് വർധിച്ചു. സൗദിയിൽ താബൂക്ക് മേഖലയിൽ താപനില പൂജ്യത്തിലെത്തി. ഒമാനിലെ ജബൽ ഷാംസിലും താപനില 3 ഡിഗ്രി സെൽഷ്യസിലെത്തി. സൗദിയിൽ മഞ്ഞു വീണെന്ന് റിപ്പോർട്ടുണ്ട്. കുവൈത്തിലും സ്ഥിതി സമാനമാണ്. ഗൾഫ് മേഖലയിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം തണുപ്പ് കുറവായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായിട്ട് എല്ലാ മേഖലയിലും സ്ഥിതി മാറിത്തുടങ്ങി. ഇന്നലെയാണ്, അതിന്റെ ഏറ്റവും കുറഞ്ഞ താപനിലയിലേക്ക് എത്തിയത്.