ADVERTISEMENT

ഷാർജ ∙ ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമദ് അൽ ഖാസിമിയോടൊപ്പം ആളറിയാതെ സെൽഫിയെടുത്ത് ഫൊട്ടോഗ്രഫറും സൂപ്പർ മാർക്കറ്റിലെ ഡെലിവറി ബോയിയുമായ മലയാളി യുവാവ്. ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന എക്സ്പോഷർ രാജ്യാന്തര ഫോട്ടോ പ്രദർശനത്തിലാണ് കണ്ണൂർ പാനൂർ സ്വദേശിയായ സിറാജ് വി.പി.കീഴ്മാടത്തിന് അപ്രതീക്ഷിതമായ സൗഭാഗ്യം ലഭിച്ചത്. 

ഫൊട്ടോഗ്രഫി ഹോബിയാക്കിയ സിറാജ് ഇന്നലെ (ബുധൻ) ജോലിയുടെ ഇടവേളയിൽ എക്സ്പോഷർ 2024ന് എത്തിയതായിരുന്നു. നല്ല ഫോട്ടോകൾ തേടി അലയുന്നതിനിടെ ഒരു ഹാളിൽ ഏതോ ഷെയ്ഖ് നിൽക്കുന്നത് കണ്ടു. ചുറ്റും വലിയ തിരക്കില്ലെങ്കിലും ഷെയ്ഖിന് സുരക്ഷയൊരുക്കി പൊലീസ്  ഇത്തിരി മാറി നിൽക്കുന്നതായി കണ്ടു.

സിറാജിന് വേണ്ടി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമദ് അൽ ഖാസിമി.
സിറാജിന് വേണ്ടി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമദ് അൽ ഖാസിമി.

വലിയ ഷെയ്ഖ് ആണെന്ന് മനസ്സിലായ സിറാജ് മറ്റൊന്നും ചിന്തിക്കാതെ ഒരു സെൽഫിയെടുത്തോട്ടെ എന്ന് ഷെയ്ഖ് സുൽത്താനോട് നിഷ്കളങ്കമായി ചോദിക്കുകയായിരുന്നു. ജോലിയുടെ ഇടവേളകളിൽ ഇടജോലികൾക്കായി സമയം കണ്ടെത്തുന്ന സിറാജ് ഇതേക്കുറിച്ച് പറയുന്നു:  'ഇന്നലെ സൂപ്പർമാർക്കറ്റിലെ ജോലിയുടെ ഇടവേളയിലെ സൈഡ് ജോലി കുറച്ചു നേരത്തെ കഴിഞ്ഞു. എന്നാപ്പിന്നെ ഫോട്ടോ ഫെസ്റ്റിവലിന് പോയാലോ എന്നായി ചിന്ത. എക്സ്പോ സെന്ററിലേക്ക് 8 കിലോമീറ്റർ ദൂരമുണ്ട്. എങ്കിലും പുസ്തകമേളയ്ക്കും മറ്റു എക്സിബിഷനുമെല്ലാം എത്രയോ തവണ സൈക്കിൾ ചവിട്ടിയിട്ടുണ്ടല്ലോ എന്നോർത്ത് സൈക്കിൾ ആഞ്ഞു ചവിട്ടി. അവിടെ എത്തി റജിസ്ട്രേഷൻ കഴിഞ്ഞു. ഉള്ളിൽ തിരക്ക് കാര്യമായില്ല. നിറയെ ഫോട്ടോകൾ. ചിലത് നോക്കി മൊബൈലിൽ പകർത്തുമ്പോൾ മുന്നിൽ അതാ നിൽക്കുന്നു, ഏതോ വലിയ ഷെയ്ഖ്! ആരാണെന്ന് പെട്ടെന്ന് മനസ്സിലാകാതെ ഒന്ന് അമ്പരന്നു. ഒന്ന് സലാം ചൊല്ലിയാലോ എന്ന് ആലോചിച്ചു. ധൈര്യസമേതം അസ്സലാമു അലൈക്കും എന്ന് പറഞ്ഞു. അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് സലാം മടക്കി വ അലൈക്കുമസ്സലാം. ഉള്ളിൽ ഭയമുണ്ടായിരുന്നു കാരണം വസ്ത്രം അഴുക്കുപുരണ്ടതാണ്, ചെറിയ ദുർവാസനയുമുണ്ടായിരിക്കാം എങ്കിലും  ഒരു സെൽഫി എടുത്തോട്ടെ എന്ന് ചോദിച്ചു. അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് തന്നെ സെൽഫിക്ക് പോസ് ചെയ്തു. രണ്ടു മൂന്ന് സെൽഫി എടുത്തു.

അദ്ദേഹത്തിൻറെ കൂടെ ഒരുപാട് പേരുണ്ടായിരുന്നു എല്ലാവരും നല്ല സന്തോഷത്തിലുമായിരുന്നു. അതിൽ ഒരാളോട് ചോദിച്ചു, ഫോട്ടോ എടുത്തു തരുമോയെന്ന് അങ്ങനെ കുറച്ചു ഫോട്ടോ കൂടി എടുത്തു. പിന്നീട് ഞാൻ പറഞ്ഞു, യുഎഇയിലെ മലയാളം പത്രങ്ങളിലും ഓൺലൈനിലുമെല്ലാം ഞാനെടുത്ത ഫോട്ടോ വരാറുണ്ടെന്ന്. അപ്പോൾ എന്നോട് ചോദിച്ചു, ഫൊട്ടോഗ്രഫർ ആണോയെന്ന്. ഞാൻ അല്ലെന്ന് പറഞ്ഞു. സൂപ്പർ മാർക്കറ്റിൽ ഡെലിവറിയാണ് ജോലിയെന്ന് പറഞ്ഞപ്പോൾ എന്നെത്തന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു, 'ഞാൻ കുറച്ചു ഫോട്ടോയ്ക്ക് നിൽക്കാം താങ്കൾ വേണ്ടത്രെ എടുത്തോളൂഎന്ന്. പക്ഷേ അത് മാധ്യമങ്ങളിൽ വരുമോ എന്നും തമാശയായി എന്നോട് ചോദിച്ചു. പിന്നെ സലാം പറഞ്ഞു പിരിഞ്ഞു. അപ്പോഴും ആരോടെങ്കിലും അതേത് ഷെയ്ഖാണെന്ന് ചോദിക്കാൻ ധൈര്യം വന്നില്ല.

ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമദ് അൽ ഖാസിമിയോടൊപ്പം സിറാജ്. പൊലീസ് എടുത്തു കൊടുത്ത ചിത്രം.
ഷാർജ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമദ് അൽ ഖാസിമിയോടൊപ്പം സിറാജ്. പൊലീസ് എടുത്തു കൊടുത്ത ചിത്രം.

ഇതല്ല രസം, വൈകിട്ട് ഞാൻ പരിചയക്കാരനായ ഒരു അറബിയുടെ വീട്ടിൽ സാധനങ്ങൾ ഡെലിവറി ചെയ്യാൻ പോയപ്പോൾ അദ്ദേഹത്തിന് സെൽഫികളും മറ്റു ഫോട്ടോകളും കാണിച്ചു. അദ്ദേഹം അദ്ഭുതം കൊണ്ട് തുള്ളിച്ചാടി. 'മാഷാ അള്ളാ, ഷെയ്ഖ് സുൽത്താൻ ബിൻ അഹമദ് അൽ ഖാസിമിയാണല്ലോ ഇത്?! ഇതെങ്ങനെ ഫോട്ടോയെടുത്തു' എന്നൊക്കെ ചോദിച്ചു. അപ്പോഴാണ് എനിക്ക് മനസ്സിലായത്, ഞാൻ ചെയ്തത് ഇത്തിരി കടുംകൈയായിപ്പോയല്ലോയെന്ന്'. യുഎഇയിലെ ഭരണാധികാരികളുടെ എളിമയും ജനകീയതയുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വർഷങ്ങളായി ഷാർജ അൽ ജുബൈലിലെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന സിറാജ് പറയുന്നു.

English Summary:

V.P. Keezhmadam's Selfie with Deputy Ruler of Sharjah Sultan Bin Ahmed Al Qasimi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com