‘ഉയരത്തിൽ നിന്ന് വീണു, തൊഴിലുടമ ചതിച്ചു’; പുതുതായി യുഎഇയിൽ തൊഴിൽത്തേടിയെത്തുന്നവർ അറിയേണ്ടതെന്തെല്ലാം
ഷാർജ ∙ രണ്ടര മാസത്തോളം വീൽചെയറിൽ ദുബായിലെ ജയിലിൽ കഴിഞ്ഞ തിരുവനന്തപുരം ഭരതന്നൂർ സ്വദേശി രാജേഷ് നായര്‍(40) നാട്ടിലേക്ക് മടങ്ങി. ജോലിക്കിടെ സ്കഫോൾഡിങ്ങിൽ നിന്ന് വീണ് ഇടതുകാലിന് ബലക്ഷയയമുണ്ടാവുകയും തൊഴിൽ നഷ്ടപ്പെട്ടതോടെ മുഴുപ്പട്ടിണിയിലാവുകയും
ഷാർജ ∙ രണ്ടര മാസത്തോളം വീൽചെയറിൽ ദുബായിലെ ജയിലിൽ കഴിഞ്ഞ തിരുവനന്തപുരം ഭരതന്നൂർ സ്വദേശി രാജേഷ് നായര്‍(40) നാട്ടിലേക്ക് മടങ്ങി. ജോലിക്കിടെ സ്കഫോൾഡിങ്ങിൽ നിന്ന് വീണ് ഇടതുകാലിന് ബലക്ഷയയമുണ്ടാവുകയും തൊഴിൽ നഷ്ടപ്പെട്ടതോടെ മുഴുപ്പട്ടിണിയിലാവുകയും
ഷാർജ ∙ രണ്ടര മാസത്തോളം വീൽചെയറിൽ ദുബായിലെ ജയിലിൽ കഴിഞ്ഞ തിരുവനന്തപുരം ഭരതന്നൂർ സ്വദേശി രാജേഷ് നായര്‍(40) നാട്ടിലേക്ക് മടങ്ങി. ജോലിക്കിടെ സ്കഫോൾഡിങ്ങിൽ നിന്ന് വീണ് ഇടതുകാലിന് ബലക്ഷയയമുണ്ടാവുകയും തൊഴിൽ നഷ്ടപ്പെട്ടതോടെ മുഴുപ്പട്ടിണിയിലാവുകയും
ഷാർജ ∙ ദുബായിലെ ജയിലിൽ രണ്ടര മാസത്തോളം വീൽചെയറിൽ കഴിഞ്ഞ തിരുവനന്തപുരം ഭരതന്നൂർ സ്വദേശി രാജേഷ് നായര്‍(40) നാട്ടിലേക്ക് മടങ്ങി. ജോലിക്കിടെ സ്കഫോൾഡിങ്ങിൽ നിന്ന് വീണ് ഇടതുകാലിന് ബലക്ഷയയമുണ്ടാവുകയും തൊഴിൽ നഷ്ടപ്പെട്ടതോടെ മുഴുപ്പട്ടിണിയിലാവുകയും തൊഴിലുടമ ചതിച്ചതിനെ തുടർന്ന് ജയിൽ വാസം അനുഭവിക്കേണ്ടി വരികയും ചെയ്ത ഇലക്ട്രോണിക് എൻജിനീയറിങ്ങിൽ ഡിപ്ലോമയുള്ള രാജേഷിന്‍റെ കദനകഥ ഇന്നലെ മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഒട്ടേറെ പേർ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബന്ധപ്പെടുകയും പലവിധ സഹായം ലഭിക്കുകയും ചെയ്തു.
അജ്മാനിലെ വികാസ് കൾചറൽ സെന്‍റർ(വിസിസി) ഭാരവാഹികളായ ഹരി, ഗിരീഷ്, വിനോദ് എന്നിവരുടെ പിന്തുണയോടെ യുഎഇയിലെ പ്രമുഖ അഭിഭാഷക പ്രീതാ ശ്രീറാം മാധവ് നടത്തിയ പ്രയത്നമാണ് രാജേഷിനെ നാട്ടിലെത്തിക്കാനുള്ള അനുമതി ലഭിച്ചതിന് പിന്നിൽ. വീസാ കാലാവധി കഴിഞ്ഞതിനുള്ള പിഴ ഒഴിവാക്കുകയും കേസുകളിൽ നിന്ന് അധികൃതർ മുക്തരാക്കുകയും ഇന്നലെ ഔട്ട് പാസ് ലഭിക്കുകയും ചെയ്തു. പറക്കമുറ്റാത്ത മക്കളുടെ അടുത്ത് എത്രയും പെട്ടെന്ന് എത്തി അവർക്ക് തണലേകുകയാണ് കഴിഞ്ഞ നാല് വർഷമായി നാട്ടിലേക്ക് പോകാത്ത രാജേഷിന്‍റെ ആഗ്രഹം. ഇന്ന് രാവിലെ വിമാനത്താവളത്തിൽ ഹരി, ഗിരീഷ്, വിനോദ്, അഡ്വ. പ്രീതാ ശ്രീറാം മാധവ്, മുഹമ്മദ് നൗഫർ എന്നിവർ രാജേഷിന് യാത്രയയപ്പ് നൽകി. ഉച്ചയ്ക്ക് 12.40നുള്ള ഐഎക്സ് 546 എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് രാജേഷ് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്.
∙ രാജേഷിന്‍റെ ദുരനുഭവം മറ്റുള്ള പ്രവാസികൾക്ക് പാഠമാകണം
കഴിഞ്ഞ 17 വർഷമായി യുഎഇയിൽ നല്ല നിലയിൽ ജോലി ചെയ്തു വരികയായിരുന്ന രാജേഷിന്‍റെ ജീവിതം പെട്ടെന്ന് തകർന്നുപോയതെങ്ങനെയെന്ന് നാട്ടിൽ നിന്ന് ജോലിക്കെത്തുന്നവരും ഇവിടെ ജോലി ചെയ്യുന്നവരുമായ ഓരോ പ്രവാസിയും മനസിലാക്കണമെന്ന് അഡ്വ.പ്രീത ശ്രീറാം മാധവ് പറയുന്നു.
നാട്ടിൽ നിന്ന് ആരെങ്കിലും ജോലി അന്വേഷിച്ച് യുഎഇയിലോ മറ്റേതെങ്കിലും ഗൾഫ് രാജ്യത്തോ എത്തുന്നു എന്നിരിക്കട്ടെ, കുറേ കാലം അലഞ്ഞ ശേഷമായിരിക്കാം ഇയാള്‍ക്ക് ഒരിടത്ത് നിയമനം ലഭിക്കുന്നത്. പെട്ടെന്ന് തന്നെ തൊഴിൽ വീസ പാസ്പോർട്ടിൽ പതിക്കുകയും ചെയ്യുന്നു. എന്നാൽ, ഏതെങ്കിലും കേസിൽപ്പെട്ടു കിടക്കുന്ന കമ്പനിയുടമ ഒരുക്കുന്ന കെണിയാണിതെന്ന് അയാൾ തിരിച്ചറിയുന്നില്ല. സ്നേഹവും സൗഹാർദവും നടിച്ച് യുവാവിന്‍റെ പാസ്പോർട്ട് ജാമ്യം വയ്ക്കാനുള്ള അനുമതി നേടുന്നു. ജോലി നഷ്ടപ്പെടുമോ എന്ന ഭയവും ഉടമയുമായി നല്ല ബന്ധം സ്ഥാപിക്കുക ഗുണകരമാകുമെന്ന് കരുതുകയും ചെയ്യുന്നത് വഴി ജാമ്യം നിൽക്കുന്നതോടെ യഥാർഥത്തിൽ കെണിയിലകപ്പെടുകയാണ് ചെയ്യുന്നത്.
ഉടമ പിന്നീട് മുങ്ങുന്നതോടെ കേസുകൾ പാസ്പോർട്ട് ഉടമസ്ഥനായ യുവാവിന്‍റെ തലയിലാകുന്നു. ഇതാണ് രാജേഷിന്‍റെ കാര്യത്തിൽ സംഭവിച്ചത്. പാസ്പോർട്ട് ജാമ്യം വച്ചു കഴിഞ്ഞ ശേഷം കുറ്റക്കാരൻ ഹാജരാകാതിരുന്നാൽ കേസിന്‍റെ പൂർണ ഉത്തരവാദിത്തം പാസ്പോർട്ട് ഉടമസ്ഥന്‍റേതായിരിക്കും. റാഷിദിയ്യ പൊലീസ് ഉദ്യോഗസ്ഥർ യാത്രാ വിലക്ക് നേരിട്ടിരുന്ന രാജേഷിന്‍റെ പരിതാപകരമായ അവസ്ഥ മനസിലായതിനാലാണ് കേസുകൾ യഥാർഥ കുറ്റവാളിയുടെ പേരിൽ തന്നെയാക്കാനും പാസ്പോർട്ട് തിരിച്ചുകൊടുക്കാനും വഴിയൊരുക്കിയത്. ഇതിനായി 20 ദിവസം തുടർച്ചയായി അഡ്വ.പ്രീതയ്ക്ക് പൊലീസ് സ്റ്റേഷൻ സന്ദർശിക്കേണ്ടി വന്നു. ഇല്ലായിരുന്നെങ്കിൽ രാജേഷിന് വീൽചെയറിൽ തന്നെ യുഎഇയിൽ തുടരേണ്ടി വന്നേനെ. തൊഴിലുടമ മാത്രമല്ല, സുഹൃത്തുക്കളും ബന്ധുക്കളും കാണിക്കുന്ന ഇത്തരം ചതിയിൽപ്പെട്ട് ജീവിതം ദുരിതത്തിലായ ഒട്ടേറെ പേർ ഗൾഫിലുണ്ട്. പാസ്പോർട്ട് ജാമ്യത്തിന് ആര് ചോദിച്ചാലും നൽകാതിരിക്കൽ മാത്രമാണ് ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള പോംവഴി.
∙ ഒളിച്ചോടി എന്ന് പരാതിപ്പെടാം
ജോലി രാജിവച്ച് മറ്റൊരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നതിനിടെ പലരുടെയും വീസാ കാലാവധി കഴിയുകയും അതു പുതുക്കാതെ ഇവിടെ തന്നെ തുടരുകയും ചെയ്യുന്നതാണ് പൊതുവേ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ ഇടയിലെ മറ്റൊരുപ്രശ്നം. ഇതിനിടെ കാലാവധി കഴിഞ്ഞും രാജ്യത്ത് നിന്നതിനുള്ള പിഴ ചുമത്തപ്പെടുകയും പുതിയ വീസ അടിക്കുമ്പോഴേയ്ക്കും അത് വലിയൊരു സംഖ്യയാകുകയും കടുത്ത സാമ്പത്തിക പ്രശ്നത്തിൽപ്പെടുകയും ചെയ്യുന്നു. സന്ദർശക വീസക്കാർ കാലാവധി കഴിഞ്ഞ് യുഎഇയിൽ നിന്നാൽ അടുത്ത ദിവസം തന്നെ അബ്സ്കോൻഡിങ്(ഒളിച്ചോടി)യതായി ട്രാവൽ ഏജൻസിക്ക് പരാതി നൽകാം. അവർക്ക് തങ്ങളുടെ ഇടപാടുകൾ തുടരാൻ പറ്റാത്തതുകൊണ്ടാണിത് ചെയ്യുന്നത് എന്നതിനാൽ അവരെ ആർക്കും കുറ്റപ്പെടുത്താനുമാവില്ല. തൊഴിൽ വീസക്കാർ കമ്പനിയിൽ നിന്ന് മുൻകൂട്ടി അറിയിക്കാതെ ഏഴ് ദിവസം മാറി നിന്നാൽ തൊഴിലുടമയ്ക്ക് അബ് സ്കോൻഡിങ് പരാതി നൽകാനുള്ള അവകാശമുണ്ട്.
∙ ക്ഷമ വേണം, സമയമെടുക്കും
ഒരാൾക്ക് ഏതെങ്കിലും കമ്പനിയിലോ മറ്റോ ജോലി കിട്ടിക്കഴിഞ്ഞാൽ വീസ നടപടികൾക്കായി പാസ്പോർട് കൈമാറുന്നു. എന്നാൽ വീസ സ്റ്റാംപ് ചെയ്ത് എമിറേറ്റേസ് ഐഡി കിട്ടിയാൽ മാത്രമേ അയാൾക്ക് ജോലിയിൽ പ്രവേശിക്കാൻ നിയമസാധുതയുള്ളൂ. എമിറേറ്റ്സ് ഐഡി കിട്ടാതെ ജോലി ചെയ്യുമ്പോൾ പരിശോധനയിൽ പിടികൂടിയാൽ ജയിലിലടച്ച് ആജീവനാന്ത യാത്രാ വിലക്ക് ചുമത്തി നാടുകടത്തും. സലൂൺ, ബ്യൂട്ടി പാർലറുകൾ, കഫ്റ്റീരിയ, റസ്റ്ററന്‍റ്, ഗ്രോസറി, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ചെറുകിട വ്യാപാര സ്ഥാപനങ്ങളിലാണ് ഇത്തരത്തിൽ സന്ദർശക വീസക്കാരെ സാധാരണയായി ജോലിക്ക് നിർത്താറുള്ളത്. അതേസമയം, ഒരാളുടെ പേരിൽ അറസ്റ്റ് വാറണ്ടുണ്ടെങ്കിൽ കോടതി മുഖേന വീസ സ്റ്റാംപ് ചെയ്യാനും പാസ്പോർട്ട് പുതുക്കാനും സാധിക്കാവുന്നതുമാണ്.
∙ സന്ദർശകവീസയിൽ ജോലി ചെയ്യുന്നവർ സൂക്ഷിക്കുക
സന്ദർശക വീസയിലെത്തി ജോലി ചെയ്യുന്നവർക്ക് പിന്നീട് ശമ്പളകുടിശ്ശികയുണ്ടായാൽ ലേബർ കോടതിയെ സമീപിക്കാനുള്ള അവകാശമില്ല. സമീപിച്ചാൽ സന്ദർശക വീസയിൽ ജോലി ചെയ്തതിനുള്ള ശിക്ഷ കൂടി അനുഭവിക്കണം. നാടുകടത്തലാണ് ഇതിന്‍റെ ശിക്ഷ. സന്ദർശക വീസക്കാർക്ക് ജോലി നൽകുന്ന തൊഴിലുടമയ്ക്ക് അരലക്ഷം ദിർഹം വരെയാണ് പിഴ.
∙ വിശ്വാസമല്ല, യുക്തിയാണ് പ്രധാനം
ഏതെങ്കിലും കമ്പനിയിൽ സെയിൽസ് വിഭാഗത്തിലോ മറ്റോ ജോലി ചെയ്യുന്നവർ ക്ലൈന്‍റിൽ നിന്ന് പണം വാങ്ങിക്കുമ്പോൾ റെസീപ്റ്റ് കൊടുക്കുക സാധാരണമാണ്. എന്നാൽ ഈ തുക കമ്പനിയുടെ ഫിനാൻസ് വിഭാഗത്തിൽ ഏൽപ്പിക്കുമ്പോൾ അത് കൈമാറിയതിന്‍റെ രസീത് വാങ്ങാറുമില്ല. ഇതോടെ ആ പണം കമ്പനിയിൽ ഏല്‍പിച്ചതിന്‍റെ തെളിവാണ് ഇല്ലാതാകുന്നത്. ഏതെങ്കിലും സാഹചര്യത്തിൽ കമ്പനിയുടമയുമായി പിണങ്ങുകയോ ജോലി മാറുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഉടമയ്ക്ക് നിങ്ങളുടെ പേരിൽ വേണമെങ്കിൽ പണം തന്നില്ലെന്ന് പറഞ്ഞ് കേസ് കൊടുക്കാം. ഇത്തരത്തിൽ ഒട്ടേറെ കേസുകൾ റജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്.
∙ എമിറേറ്റ്സ് ഐഡിയിൽ സ്വന്തം ഫോൺ നമ്പർ
യുഎഇയിൽ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്ന പലരുടേയും എമിറേറ്റ്സ് ഐഡിയിൽ സ്വന്തം പേരിലുള്ള ഫോൺ നമ്പരിന് പകരം കമ്പനി പിആർഒയുടെയോ സുഹൃത്തുക്കളുടേയോ മറ്റോ ഫോൺ നമ്പരാണ് നൽകാറ്. വീസ സ്റ്റാംപ് ചെയ്ത് എമിറേറ്റ്സ് ഐഡിയിൽ സ്വന്തം നമ്പര്‍ ചേർക്കേണ്ടതാണ്. അല്ലെങ്കിൽ പൊലീസ്, എമിഗ്രേഷൻ തുടങ്ങിയ ഗവ.സ്ഥാപനങ്ങളിൽ നിന്ന് എന്തെങ്കിലും പിഴയൊടുക്കാനോ, കേസോ ഉണ്ടെങ്കിൽ സന്ദേശം അയക്കുക ആ നമ്പരിലേയ്ക്കായിരിക്കും. യാത്ര ചെയ്യാനായി വിമാനത്താവളത്തിലെത്തുമ്പോഴായിരിക്കും നിങ്ങളുടെ കേസിനെയും പിഴയെയും പറ്റി അറിയുന്നത്. യാത്രാ വിലക്കാണെങ്കിൽ കേസ് തീർത്ത് വരാന്‍ തിരിച്ചയക്കും. അറസ്റ്റ് വാറണ്ടാണെങ്കിൽ ജയിലിലേയ്ക്ക് അയക്കും.
∙ ചെക്കിൽ ഒപ്പിടാൻ വരട്ടെ...
കമ്പനിയിൽ പുതുതായി ജോലിക്കെത്തുന്ന പലരെയും കുറച്ചു ദിവസം കഴിയുമ്പോൾ ചില കമ്പനികൾ സൈനിങ് അതോറിറ്റിയാക്കി മാറ്റുന്നു. ഇതുവഴി കമ്പനി ചെക്കുകളിൽ അവർ ഒപ്പിടുന്നു. അവ പിന്നീട് അക്കൗണ്ടിൽ പണമില്ലാത്ത കാരണത്താൽ മടങ്ങുമ്പോഴാണ് തങ്ങള്‍ക്ക് പറ്റിയ ചതിയെക്കുറിച്ച് ഇവർ ബോധവാന്മാരാകുന്നത്. തുടർന്ന് ആ കേസുകൾ തീർത്ത് പുതിയത് വരുന്നതിന് മുൻപേ നാട്ടിലേയ്ക്കോ ജിസിസിയിലേയ്ക്കോ ചേക്കേറുന്നു. നിലവിൽ യുഎഇയിൽ നിന്ന് ചെക്ക് കേസിലോ മറ്റോ പെട്ട് നാട്ടിലേക്ക് പോയവരെ ഇന്‍റർപോൾ വഴി പിടികൂടാൻ സാധിക്കും. ഇവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും നിയമമുണ്ട്. ഇത്തരത്തിൽ ഒട്ടേറെ കേസുകൾ നാട്ടിൽ നടന്നുവരുന്നു. ഫോൺ:+971 50 885 6798 (അഡ്വ.പ്രീത ശ്രീറാം മാധവ്).
∙ ചികിത്സ, പിന്നെയൊരു ജോലി രാജേഷിന്‍റെ ചെറിയ സ്വപ്നങ്ങൾ
തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നിന്ന് ഇലക്ട്രോണിക് എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയ ശേഷം 1999ൽ ഹോട്ടൽ മാനേജ്മെന്‍റിൽ ബിരുദവും നേടി. ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന കമ്പനിയുടെ ഭാഗമായി നേവൽ ഓഫിസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ 3 വർഷം ജോലി ചെയ്തു. 2006ലാണ് യുഎഇയിലെത്തിയത്. ദുബായിലെ ഒരു ഫയൽ ആൻഡ് സേഫ്റ്റി കമ്പനിയിൽ ജോലി ലഭിച്ചു. വൈകാതെ വിവാഹിതനായി. 2 മക്കളും ജനിച്ചു. ഇതിനിടെ സിവിൽ ഡിഫൻസിന്‍റെ അപ്രൂവൽ കാർഡും സ്വന്തമാക്കി. നാട്ടിൽ വാർഷികാവധിക്ക് പോയി കോവിഡ്19ന് തൊട്ടു മുൻപ് യുഎഇയില്‍ തിരിച്ചെത്തിയ ശേഷയിരുന്നു കാര്യങ്ങളെല്ലാം കൈവിട്ടുപോയ സംഭവങ്ങൾ അരങ്ങേറുന്നത്.
ലോകം കോവിഡ് മുക്തമായ ശേഷം ദുബായിലെ ഒരു ഈജിപ്ഷ്യൻ കമ്പനിയിൽ മികച്ച ശമ്പളത്തിന് എജിനീയറായി ജോലി ലഭിച്ചപ്പോൾ അങ്ങോട്ട് മാറാൻ തീരുമാനിച്ചു. വീസ പതിക്കാൻ പാസ്പോർട്ട് കൈമാറുകയും ചെയ്തു. എന്നാൽ, ഏതോ 2 കേസുകളിൽപ്പെട്ട തൊഴിലുടമ ജാമ്യത്തിന് രാജേഷിന്‍റെ പാസ്പോർട്ടാണ് കോടതിയിൽ നൽകിയത്. വൈകാതെ എടുത്തു തരാമെന്നായിരുന്നു വാഗ്ദാനം. ദുബായ് ഹിൽസ് മാളില്‍ സ്കഫോൾഡിങ്ങിൽ കയറി ജോലി ചെയ്യവേ 2 മീറ്റർ ഉയരത്തിൽ നിന്ന് താഴെ വീണു. അബദ്ധത്തിൽ ഇടതുകാലായിരുന്നു താഴെ കുത്തിയത്. ഉടൻ റാഷിദ് ആശുപത്രിയിലെത്തിച്ചെങ്കിലും ആ കാലിന് ബലക്ഷയമുണ്ടായി, നടക്കാനോ എണീറ്റ് നിൽക്കാനോ സാധിച്ചില്ല. അതേസമയം, ആശുപത്രിയിലെത്തിച്ച ശേഷം തൊഴിലുടമ തിരിഞ്ഞുനോക്കിയതുമില്ല. മാത്രമല്ല, പുതിയ ജോലിയും വീസയുമെല്ലാം സ്വപ്നം മാത്രമായി. ദുബായ് ചാരിറ്റി സമ്മാനിച്ച വീൽചെയറിലായിരുന്നു തുടർ ജീവിതം. സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ നിന്ന് അജ്മാനിലെ താമസ സ്ഥലത്തെത്തി. എന്നാൽ, ഭക്ഷണത്തിനോ മുറി വാടക നൽകാനോ വകയുണ്ടായിരുന്നില്ല. കുറേക്കാലം സുഹൃത്തുക്കൾ സഹായിച്ചെങ്കിലും അവർക്ക് ബുദ്ധിമുട്ടാകേണ്ടെന്ന് കരുതി പലപ്പോഴും പട്ടിണിയിൽ കഴിഞ്ഞു.
ചിലർ നിർബന്ധിച്ച് നൽകുന്ന പണം മുറി വാടകയായി നൽകും. രാവിലെ വീൽചെയറിൽ മുറിവിട്ടിറങ്ങും. കടകളുടെ അരികിൽ വെറുതെ ഇരിക്കും. തന്‍റെ സ്വകാര്യ ദുഃഖം ആരും കാണാതെ കരഞ്ഞു തീർക്കുമായിരുന്നു രാജേഷ്. ഇതിനിടെ പരിചയപ്പെട്ട തൃശൂർ സ്വദേശി യാണ് വികാസ് കൾചറൽ സെന്‍റർ(വിസിസി) ഭാരവാഹികളായ ഹരി, ഗിരീഷ്, വിനോദ് എന്നിവർ ചേർന്ന് രാജേഷിനെ പ്രശ്നങ്ങളിൽ നിന്ന് മുക്തനാക്കി നാട്ടിലേയ്ക്ക് അയക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതിനിടെ രാജേഷിന്‍റെ വീസാ കാലാവധി കഴിഞ്ഞ് ഏറെ മാസങ്ങളായിരുന്നു. എട്ട് മാസം മുൻപ് ഒരു ദിവസം വീസയും എമിറേറ്റ്സ് ഐഡിയുമടക്കമുള്ള താമസ രേഖകൾ പുതുക്കാത്തതിന്‍റെ പേരിൽ രാജേഷിനെ അജ്മാൻ പൊലീസിലെ സി ഐഡി വിഭാഗം പിടികൂടി ജയിലിലടച്ചു. ഇതിന് ശേഷമാണ് വിസിസി ഭാരവാഹികൾ അഡ്വ.പ്രീതാ ശ്രീറാം മാധവിന്‍റെ സഹായം തേടിയത്.
റാഷിദിയ്യ പൊലീസ് സ്റ്റേഷനിൽ രാജേഷിന്‍റെ പേരിലുണ്ടായിരുന്ന 2 കേസുകളെക്കുറിച്ച് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തിയ അഡ്വ.പ്രീത പൊലീസിന് കാര്യം ബോധ്യമായതോടെ പരാതി പിൻവലിക്കുകയും രാജേഷിനെ ജയിൽ മോചിതനാക്കുകയും ചെയ്തു. കൂടാതെ, ഈജിപ്ഷ്യന്‍റെ പേരിലേക്ക് തന്നെ കേസുകൾ മാറ്റുകയുമുണ്ടായി. വിദഗ്ധ ചികിത്സ നൽകിയാൽ കാലിന്‍റെ ബലക്ഷയം ഭേദമാക്കാമെന്നാണ് യുഎഇയിലെ ഡോക്ടർമാർ പറഞ്ഞത്. നാട്ടിലെത്തിയ ശേഷം എങ്ങനെയെങ്കിലും ചികിത്സ നടത്താനാണ് തീരുമാനം. പിന്നെ എന്തെങ്കിലും ജോലി ചെയ്ത് മക്കളെ വളർത്തണം. കഴിഞ്ഞപോയ കറുത്ത ദിനങ്ങളെ മറന്ന് സ്വസ്ഥമായി ജീവിക്കണം.