മലയാളം പരീക്ഷ എളുപ്പം; അഡീഷനൽ ഇംഗ്ലിഷ് ‘വെരി ഈസി’
Mail This Article
അബുദാബി ∙ പഠിച്ചതും എളുപ്പമുള്ളതുമായ ഭാഗങ്ങളിൽ നിന്നായിരുന്നു മലയാളം പരീക്ഷയുടെ ചോദ്യങ്ങൾ. റിവിഷൻ ടെസ്റ്റ്, മോഡൽ പരീക്ഷ എന്നിവയെക്കാൾ ലളിതം. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ സാധിച്ചു. ഇതുപോലെ എല്ലാ പരീക്ഷയും എളുപ്പമാകണേ എന്ന പ്രാർഥനയിലാണ് വിദ്യാർഥികൾ. എസ്എസ്എൽസി ആദ്യ പരീക്ഷയെക്കുറിച്ച് ഗൾഫിലെ വിദ്യാർഥികളുടെ പൊതുവെയുള്ള പ്രതികരണം ഇതായിരുന്നു. അഡീഷനൽ ഇംഗ്ലിഷ് പരീക്ഷ എഴുതിയ വിദ്യാർഥികളും വെരി ഹാപ്പി.
ജീവിതത്തിലെ ആദ്യ ബോർഡ് പരീക്ഷയ്ക്ക് പേടിയോടെയാണ് ക്ലാസിലെത്തിയത്. എങ്ങനെയായിരിക്കും പാറ്റേൺ, എഴുതാൻ പറ്റുമോ എന്ന ആശങ്കയും സമ്മർദ്ദവും കാറ്റിൽ പറത്തുന്നതായിരുന്നു ചോദ്യപേപ്പറെന്ന് കണ്ണൂർ സ്വദേശി അനാമിക സജീവ് പറഞ്ഞു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ സാധിച്ചതിലും സന്തോഷം. എട്ടാമത്തെ ചോദ്യം 'ചന്ദന മരത്തെക്കുറിച്ച്' ഞാനെഴുതിയത് ശരയല്ലേ ടീച്ചറേ എന്നായിരുന്നു ചാവക്കാട് ഒരുമനയൂർ സ്വദേശി ഹുദ മലയാളം അധ്യാപികയോട് ചോദിച്ചത്. ടീച്ചർ വിശദീകരിച്ചപ്പോഴാണ് ഹുദയ്ക്ക് ആശ്വാസമായത്. എന്നാൽ എ പ്ലസിൽ കുറവുണ്ടാകില്ലെന്നാണ് കണക്കുകൂട്ടൽ. 'എന്‍റെ മക്കൾക്കെല്ലാം നല്ലോണം എഴുതാൻ പറ്റി. അവർ മിടുക്കന്മാരാണ്. എ പ്ലസ് കിട്ടുമെന്ന് ഉറപ്പുണ്ട്,' അധ്യാപിക കണ്ണൂർ സ്വദേശി ഷബിത നാരായണൻ സാക്ഷ്യപ്പെടുത്തിയപ്പോൾ ആൺകുട്ടികളും കൈയടിച്ചു പാസാക്കി. എന്നാൽ സഫ്‍വാന് എഴുതിത്തീർക്കാൻ സമയം കിട്ടിയില്ലെന്നാണ് പരിഭവം. ടെക്സ്റ്റ് ബുക്കിലെ അതേ ചോദ്യം തന്നെ വന്നതിൽ വിദ്യാർഥികളും അധ്യാപകരും ഹാപ്പി.
നേരിട്ടുള്ള ചോദ്യങ്ങളായതിനാൽ സമാധാനമായി എഴുതാൻ സാധിച്ചുവെന്ന് ഗുരുവായൂർ സ്വദേശി റഫാൻ പറഞ്ഞു. വിചാരിച്ചതിനെക്കാൾ വളരെ എള്ളുപ്പമായിരുന്നുവെന്ന് കണ്ണൂർ സ്വദേശി മുഹമ്മദ് അഫീൻ പറഞ്ഞു. റിവിഷനും മോഡലിനുമെല്ലാം വന്ന ചോദ്യങ്ങളുടെ ആവർത്തനം എല്ലാവരെയും സന്തോഷിപ്പിച്ചതായി മലപ്പുറം സ്വദേശി ഇഷാൻ പറഞ്ഞു.വിചാരിച്ചത്ര കഠിനമായിരുന്നില്ല. സമയത്തിനു തീർക്കാനാവുമോ എന്ന പേടിയുണ്ടായിരുന്നുവെങ്കിലും എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ സാധിച്ചതായി കാസർകോട് സ്വദേശി സാറയും സാക്ഷ്യപ്പെടുത്തി.
ടെൻഷനോടെയാണ് പരീക്ഷാ ഹാളിലെത്തിയത്. എളുപ്പമുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതി തുടങ്ങിയപ്പോൾ പരിഭ്രമം മാറി. പാഠപുസ്തകത്തിലുള്ള ചോദ്യങ്ങൾ തന്നെയാണ് വന്നത്. എല്ലാത്തിനും ഉത്തരം എഴുതിയപ്പോൾ സമയം പോയതറിഞ്ഞില്ലെന്ന് തിരുവനന്തപുരം സ്വദേശി സഞ്ജിത പറഞ്ഞു. സിലബസിനു പുറത്തുനിന്നുള്ള ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നത് സന്തോഷം ഇരട്ടിപ്പിച്ചു. യുഎഇയിലെ 7 കേന്ദ്രങ്ങളിൽനിന്നായി 535 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്.