ADVERTISEMENT

‌അബുദാബി∙ യുഎഇയിലെ പെരുന്നാൾ(ഈദുൽ ഫിത്‌ർ) പ്രാർഥനാ സമയം പ്രഖ്യാപിച്ചു. അതേസമയം, റമസാൻ അവസാനിക്കുന്നതിന്‍റെയും പെരുന്നാൾ തുടക്കത്തിന്‍റെയും സൂചന നൽകുന്ന ചന്ദ്രക്കല നിരീക്ഷണത്തിനായി യുഎഇയിലെ ചന്ദ്രദർശന സമിതി നാളെ( തിങ്കൾ) വൈകിട്ട് യോഗം ചേരും. നാളെ ചന്ദ്രക്കല കണ്ടാൽ മറ്റന്നാൾ(ചൊവ്വ– 9ന്) ആയിരിക്കും പെരുന്നാൾ. ഇല്ലെങ്കിൽ 10ന് പെരുന്നാൾ ആഘോഷിക്കും. ഇതിനായി പള്ളികളും ഈദ് ഗാഹുകളും ഒരുക്കം പൂർത്തിയാക്കി. 

അൽ മനാർ സെന്‍റർ മൈതാനത്ത് പെരുന്നാൾ നമസ്‌കാരം രാവിലെ 6.18ന് ദുബായ് മതകാര്യവകുപ്പിന്‍റെ സഹകരണത്തോടെ ഇന്ത്യന്‍ ഇസ്​ലാഹി സെന്‍ററും അല്‍മനാര്‍ ഇസ്​ലാമിക് സെന്‍ററും നടത്തുന്ന പെരുന്നാൾ പ്രാർഥന രാവിലെ 6.18ന് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

അല്‍ഖൂസ് അല്‍മനാര്‍ സെന്‍റര്‍ മൈതാനത്ത് നടക്കുന്ന  നമസ്‌കാരത്തിന് അബ്ദുസ്സലാം മോങ്ങവും ഖിസൈസ് ടാര്‍ജറ്റ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഈദ് നമസ്‌കാരത്തിന് മൗലവി ഹുസൈന്‍ കക്കാടും നേതൃത്വം നല്‍കും. ഈ രണ്ട് മലയാള ഈദ് ഗാഹിന് പുറമെ ഖിസൈസ് മുഹൈസിന( സോനാപൂർ) ഉറുദു ഈദ് ഗാഹിന് ഹാഫിസ് നഈമുല്ലാഹ് സനാബുലിയും ബര്‍ഷയില്‍ എന്‍.ജി.എസ് സ്‌കൂളിലെ ഇംഗ്ലിഷ്  ഈദ്ഗാഹിന് അയാസ് ഹൗസിയും ഖിസൈസ് ക്രസന്‍റ് ഇംഗ്ലിഷ് സ്‌കൂളിലെ തമിഴ് ഈദ് ഗാഹിന് ഷെയ്ഖ് മുഫാരിസ് താജുദ്ദീന്‍ നേതൃത്വം നല്‍കും. എല്ലാവരും അംഗശുദ്ധിവരുത്തി മുസല്ല(പ്രാർഥിക്കാനുള്ള വിരിപ്പ്) യുമായിവരേണ്ടതാണ്. സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യവും വിവിധ സ്ഥലങ്ങളില്‍ നിന്ന് വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് 050 5242429 (അല്‍ഖൂസ്), 055 8401357 (ഖിസൈസ്).

∙ ദുബായിലെ പ്രാർഥനാ സമയം
ദുബായിൽ രാവിലെ 6.18നായിരിക്കും പ്രാർത്ഥനയെന്ന് ദുബായ് ഇസ്​ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്‍റ് പ്രതിനിധി അറിയിച്ചു.  

∙ ഷാർജ 
ഷാർജയിലെ ഇസ്​ലാമിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ച ഹിജ്‌റി കലണ്ടർ പ്രകാരം പള്ളികളിലും ഈദ്ഗാഹുകളിലും രാവിലെ 6.17ന് പ്രാർഥന നടക്കും.  

∙ അബുദാബി 
ദുബായിൽ നിന്ന് രണ്ടോ നാലോ മിനിറ്റിന് ശേഷമാണ് അബുദാബിയിലെ പ്രാർഥനാ സമയം. ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്‍റർ പ്രസിദ്ധീകരിക്കുന്ന ഇസ്​ലാമിക് ഹിജ്‌റി കലണ്ടർ പ്രകാരം രാവിലെ 6.22ന് അബുദാബി നഗരത്തിലും 6.15ന് അൽ ഐനിലും നമസ്കാരം നടക്കും.  

∙ അജ്മാൻ, ഉമ്മുൽ ഖുവൈൻ 
സാധാരണയായി ഈ എമിറേറ്റുകളിലെ പെരുന്നാൾ നമസ്കാര സമയക്രമം ഷാർജയ്ക്ക് തുല്യമാണ്– രാവിലെ 6.17ന്.  

∙ റാസൽഖൈമ, ഫുജൈറ
ഈ എമിറേറ്റുകളിലെ സമയം ഷാർജയേക്കാൾ രണ്ട് മിനിറ്റ് പിന്നിലാണ്– രാവിലെ 6.15 ന്.  

∙ പെരുന്നാൾ നമസ്കാരം എങ്ങനെ?
പെരുന്നാൾ നമസ്‌കാരത്തിൽ രണ്ട് റകഅത്ത്(യൂണിറ്റുകൾ)ആണുള്ളത്. ആദ്യത്തേതിൽ, സൂറത്ത് ഫാത്തിഹയും ഖുർആനിലെ മറ്റൊരു അധ്യായവും പാരായണം ചെയ്യുന്നതിനുമുൻപ് ഒന്നിലധികം തക്ബീറുകൾ(അല്ലാഹു അക് ബർ...) ഇമാമിനെ പിന്തുടർന്ന് എല്ലാവരും ചൊല്ലും. രണ്ടാമത്തെ റകഅത്തിലും ഒന്നിലേറെ തക്ബീറുകൾ ചൊല്ലാറുണ്ട്. നമസ്കാരത്തിനൊടുവിൽ ഇമാം രണ്ട് ഭാഗങ്ങളുള്ള പ്രഭാഷണം നടത്തും.  

English Summary:

UAE: Eid Al Fitr Prayer Timings in Abu Dhabi, Dubai, Sharjah revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com