വീണ്ടും സ്പീഡ് ട്രാക്കിൽ: എട്ടാം ദിവസം വിമാന സർവീസ് പൂർണമായി പുനഃസ്ഥാപിച്ചു, ദുബായിൽ 4 മെട്രോ സ്റ്റേഷനുകൾ ഒഴികെയുള്ളവ തുറന്നു
Mail This Article
ദുബായ്/ ഷാർജ ∙ യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴയിൽ താറുമാറായ വിമാന ഗതാഗതം എട്ടാം ദിവസം പൂർണ തോതിൽ പുനഃസ്ഥാപിച്ചു. ദുബായ്, ഷാർജ, അബുദാബി, റാസൽഖൈമ, ഫുജൈറ രാജ്യാന്തര വിമാനത്താവളങ്ങളിൽനിന്ന് ഇന്നലെ പതിവുപോലെ വിമാനങ്ങൾ സർവീസ് നടത്തി.
ദുബായിൽ 4 മെട്രോ സ്റ്റേഷനുകൾ ഒഴികെയുള്ളവ തുറന്നു. ബസുകളും സർവീസ് പൂർണമായി പുനരാരംഭിച്ചു. മഴക്കെടുതിയുടെ ഒരാഴ്ചയ്ക്കുശേഷം ഓഫിസുകൾ തുറന്നതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. മണിക്കൂറുകൾ സഞ്ചരിച്ചാണ് പലരും ഓഫിസുകളിൽ എത്തിയത്. എന്നാൽ, ഷാർജയിലെ അൽമജാസ്, അൽഖാസിമിയ, ജമാൽ അബ്ദുൽനാസർ സ്ട്രീറ്റ്, കിങ് ഫൈസൽ സ്ട്രീറ്റ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു.
മലിന ജലത്തിൽ നിന്ന് രോഗങ്ങൾ വ്യാപിക്കുന്നതിനാൽ ഇവിടങ്ങളിൽ നിന്ന് താമസക്കാരെ മാറ്റിപ്പാർപ്പിക്കുന്നതിനാണു മുൻഗണന. അബുഷഗാറ, അൽവഹ്ദ ഭാഗങ്ങളിൽ മാത്രമേ അൽപം വെള്ളം കുറഞ്ഞിട്ടുള്ളൂ. ദുരിത ബാധിതരെ സഹായിക്കാനുള്ള പദ്ധതിക്കും ഷാർജ തുടക്കം കുറിച്ചു. കാരുണ്യപ്രവർത്തനങ്ങൾക്ക് സംഭാവന നൽകാനും സൗകര്യമൊരുക്കി. ഷാർജയിൽ 25 വരെ ഓൺലൈൻ പഠനം തുടരും. അബുദാബിയുടെ പടിഞ്ഞാറൻ മേഖലയിൽ മഴ പെയ്യുമെന്ന് പ്രവചനം ഉണ്ടായിരുന്നെങ്കിൽ ഇന്നലെ ശാന്തമായ കാലാവസ്ഥയായിരുന്നു. ഫുജൈറ, അൽഐൻ എന്നിവിടങ്ങളിൽ ഇന്നു മഴ മുന്നറിയിപ്പുണ്ട്.
ഗതാഗതം തിരിച്ചുവിട്ടതിനാൽ ഏറെ ചുറ്റിസഞ്ചരിച്ച് മൂന്നു നാലു മണിക്കൂർ എടുത്താണ് പലരും ലക്ഷ്യസ്ഥാനത്ത് എത്തിയത്. മെട്രോയിലും ബസുകളിലും വൻ തിരക്ക് അനുഭവപ്പെട്ടു. ദുബായിലെ ജോലി കഴിഞ്ഞ് അഞ്ചിന് പുറപ്പെട്ടവർ ഷാർജയിലെ വീടുകളിൽ എത്തിയത് എട്ടര, ഒൻപതു മണിയോടെയാണ്. പ്രധാന റോഡായ അൽഇത്തിഹാദ്, അൽവഹ്ദ റോഡുകൾ ഭാഗികമായി തുറന്നെങ്കിലും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്കുള്ള ലിങ്ക് റോഡുകൾ അടച്ചിരിക്കുകയാണ്. ഏതാനും ദിവസം കൂടി ഗതാഗത നിയന്ത്രണം തുടരുമെന്നാണ് സൂചന.