ADVERTISEMENT

അജ്മാൻ ∙ എന്റെ മോന്റെ ജീവിതം കൊണ്ടാണ് അവർ പന്താടിയത്. ഞങ്ങൾ അനുഭവിക്കുന്ന നഷ്ടത്തിനും മാനസീക പീഡനത്തിനും നീതി ലഭിക്കുന്നതു വരെ പോരാടും. ഒരു പ്രവാസി ആയിപ്പോയി എന്നതുകൊണ്ട് ഞാൻ പോരാട്ടത്തിൽ നിന്ന് പിന്മാറുമെന്ന് ആരും കരുതേണ്ട–അജ്മാനിൽ താമസിക്കുന്ന തൃശൂർ ചാവക്കാട് പാലയൂർ സ്വദേശി ഷാഫിൽ അലിക്കുട്ടിയുടേതാണ് ഇൗ വാക്കുകൾ. കടുത്ത തലവേദനയ്ക്ക് ചാവക്കാട് താലൂക്ക് ഗവ. ആശുപത്രിയിൽ കുത്തിവയ്പ് നൽകിയതിനെ തുടർന്ന് ഒരു കാൽ തളർന്നുപോയ മുഹമ്മദ് ഗസാലി എന്ന ഏഴു വയസ്സുകാരന്റെ പിതാവാണ് ഷാർജയിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായ ഷാഫിൽ. നടക്കാനാകാത്തതിനാൽ പഠനം പോലും പ്രതിസന്ധിയിലായ മകന്റെ അവസ്ഥയോർത്ത് നീറിക്കരയുകയാണ് ഇദ്ദേഹം. 

∙സിറിഞ്ച് വലിച്ചെറിഞ്ഞ് മെയിൽ നഴ്സ്  
കഴിഞ്ഞ ഡിസംബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് ഷാഫിൽ യുഎഇയിലായിരുന്നു. രണ്ടാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഗസാലി സ്കൂളിൽ നിന്ന് വന്നത് കടുത്ത തലവേദനയോടെയായിരുന്നു. കുട്ടി നിർത്താതെ കരയാൻ തുടങ്ങി. അധ്യാപിക കൂടിയായ ഷാഫിലിന്‍റെ ഭാര്യ ഹബീബ  കുട്ടിയെ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. അവിടെ ടോക്കണെടുത്ത് കാത്തിരുന്നപ്പോൾ കുട്ടി ഛർദിക്കുകയും ചെയ്തു. ഡോക്ടർ പരിശോധിച്ച് തലവേദനയ്ക്കും ഛർദിക്കുമുള്ള കുത്തിവയ്പ് എഴുതിക്കൊടുത്തു. പുരുഷ നഴ്സായിരുന്നു കുത്തിവയ്പ് നടത്തിയത്. ഛർദിക്കുള്ള ഇൻജക്‌ഷൻ വച്ചപ്പോൾ കൈയിലെ ആ ഭാഗം നീരുവന്നു വീർത്തു. തലവേദനയ്ക്കുള്ള കുത്തിവയ്പ് അരക്കെട്ടിന് താഴെയായിരുന്നു. ആദ്യത്തേതിന്റെ വേദന പോകാത്തതിനാൽ മകൻ ഇത്തിരി കഴിഞ്ഞ് വച്ചാൽമതിയെന്ന് അഭ്യർഥിക്കുകയും എന്നാൽ സിറിഞ്ച് അവിടെയിട്ട് മെയിൽ നഴ്സ് അവിടെ നിന്ന് പോകുകയുമായിരുന്നു. ഹബീബ നഴ്സിനെ സമീപിച്ച് മകനെ കാര്യങ്ങൾ മനസിലാക്കിക്കൊടുത്തുകൊള്ളാം എന്ന് പറ‍ഞ്ഞ് തിരികെ വിളിച്ചു കൊണ്ടുവന്നു ഇൻജക്‌ഷൻ എടുപ്പിച്ചു. നല്ല ദേഷ്യത്തിലായിരുന്നു നഴ്സ് കുത്തിവച്ചതെന്ന് ഹബീബ പറഞ്ഞു. അപ്പോൾ തന്നെ തന്റെ കാലിന് എന്തോ സംഭവിച്ചെന്ന് കുട്ടി ഹബീബയെ അറിയിച്ചു. അതു പിന്നീട് കടുത്ത വേദനയായി. 

തുടർന്ന് ആശുപത്രിയിൽ പരാതിപ്പെട്ടപ്പോൾ, കുഴപ്പമില്ല, ചില കുട്ടികൾക്ക് അങ്ങനെയുണ്ടാകാറുണ്ടെന്നായിരുന്നു മറുപടി. ഒന്നുരണ്ട് മണിക്കൂർ കാത്തിരുന്നാൽ അത് മാറിക്കോളുമെന്നും സമാധാനിപ്പിച്ചു. ഒന്നര മണിക്കൂറോളം കാത്തിരുന്നിട്ടും വേദന മാറാത്ത കാര്യം മറ്റൊരു ഡോക്ടറെ അറിയിച്ചപ്പോൾ പേടിക്കാനൊന്നുമില്ല, വൈകാതെ മാറിക്കോളുമെന്ന് ഉപദേശിച്ച് പുരട്ടാൻ മരുന്നു നൽകി വീട്ടിലേക്ക് പറഞ്ഞയച്ചു.

അതിന് ശേഷം സ്വകാര്യാശുപത്രിയിൽ കൊണ്ടുപോയി കാണിച്ചപ്പോൾ പരിശോധിച്ച ശേഷം അവർ പറഞ്ഞത് കുട്ടിയുടെ കാലിന് എന്തോ പ്രശ്നം പറ്റിയിട്ടുണ്ടെന്നായിരുന്നു. ഇതറിഞ്ഞയുടനെ ഷാഫിൽ യുഎഇയിൽ നിന്ന് ഷാർജയിലെത്തി. ആശുപത്രിയിൽ കുട്ടിയെ പരിശോധിച്ച ഡോക്ടർ കുട്ടിയുടെ കാലിന്റെ ഞരമ്പ് തളർന്നുപോയിട്ടുണ്ടെന്ന് വിധിയെഴുതി. ആദ്യം നടത്തിയ കുത്തിവയ്പിലായിരിക്കാം ഇത് സംഭവിച്ചതെന്നും അറിയിച്ചു. തുടർന്ന് പൊലീസ്, ജില്ലാ മെ‍ഡിക്കൽ ഒാഫിസർ, ചൈൽഡ് പ്രൊട്ടക്‌ഷൻ വിഭാഗം എന്നിവർക്ക് പരാതി നൽകി. പരാതി ലഭിച്ചതിനെ തുടർന്ന് ചാവക്കാട് പൊലീസ് വീട്ടിൽ വന്നു മൊഴിയെടുത്തു. ഗുരുവായൂർ എഎസ്പിയാണ് കേസന്വേഷിക്കുന്നത്.

∙കുട്ടി തന്നെ ചവിട്ടിയെന്ന് മെയിൽ നഴ്സ്
കുത്തിവയ്പ് നടത്തുമ്പോൾ മുഹമ്മദ് ഗസാലി തന്നെ ചവിട്ടി എന്ന കാരണത്താലാണ് ദേഷ്യപ്പെട്ടതെന്നായിരുന്നു മെയിൽ നഴ്സിന്റെ ആരോപണം. മകൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ലെന്നാണ് ഹബീബ മൊഴി നൽകിയത്. അല്ലെങ്കിൽത്തന്നെ ഒരു ഏഴ് വയസ്സുകാരൻ വേദന കാരണം ചവി‌ട്ടിപ്പോയിട്ടുണ്ടെങ്കിൽ അതെല്ലാം നിസാരമായി കാണേണ്ട കടമ ഒരു നഴ്സിനില്ലേ? ആ കുട്ടിയുടെ ജീവൻ വച്ചാണോ പ്രതികാരം ചെയ്യേണ്ടതെന്ന് ഷാഫിൽ ചോദിക്കുന്നു. അന്നു മുതൽ ഇതുവരെ മകൻ നന്നായൊന്ന് ഉറങ്ങിയിട്ടില്ല. ഇടതുകാൽ നിലത്ത് ചവിട്ടുമ്പോൾ തന്നെ കുട്ടി വേദന കാരണം നിലവിളിക്കുന്നു. കുറച്ച് നേരം ശമനമുണ്ടാകുമ്പോള്‍ വീണ്ടും പൂർവാധികം ശക്തിയോടെ വേദന പിടികൂന്നതായി പറഞ്ഞു. ഇതിൽ ഒന്നാമത്തെ കാരണക്കാരൻ മെയിൽ നഴ്സാണ്. ഡോക്ടറുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ട്. ഇത്തരം മെഡിക്കൽ ‍ജീവനക്കാർ ഇൗ മേഖലയ്ക്ക് തന്നെ ശാപമാണ്. കുട്ടി അനുഭവിക്കുന്ന വേദന കാണേണ്ടി വരുന്നത് ഞാനും ഭാര്യയുമാണ്. കുട്ടികൾക്ക് കുത്തിവയ്പൊക്കെ നടത്തുമ്പോൾ ക്ഷമയും വാത്സല്യവുമൊക്കെയാണ് വേണ്ടത്. അതില്ലാത്തത് വലിയ വീഴ്ച തന്നെ. ആശുപത്രിക്കും ഡോക്ടർക്കും മെയിൽ നഴ്സിനുമെതിരെ പൊതുജനങ്ങളുടെ പ്രതിഷേധം ഉയർന്നപ്പോൾ താത്കാലിക നിയമനത്തിൽ ജോലി ചെയ്യുകയായിരുന്ന വനിതാ ‍ഡോക്ടറെ പിരിച്ചുവിട്ടു. നഴ്സിനെ അയാളുടെ വീട്ടിനടുത്തുള്ള ആശുപത്രിയിലേക്ക് സ്ഥലം മാറ്റുകയാണുണ്ടായത്. ഇത് രാഷ്ട്രീയ സ്വാധീനമുപയോഗിച്ചുള്ള കളിയായിരുന്നു എന്ന് പിന്നീട് മനസിലായി. ഇൗ നഴ്സിനെതിരെ നേരത്തെ തന്നെ പരാതിയുണ്ടായിരുന്നുവെന്ന് ഇതേ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞിട്ടുണ്ട്.

പിന്നീട് വിദഗ്‌ധഡോക്ടറെ കാണിച്ചപ്പോൾ കാലിന്റെ തളർച്ച ചിലപ്പോഴേ മാറു എന്നായിരുന്നു ആദ്യം  അഭിപ്രായപ്പെട്ടത്.  നിരന്തരം ഫിസിയോ തെറാപ്പിയടക്കമുള്ള ചികിത്സ നൽകി.വാക്കിങ് സ്റ്റിക് ഉപയോഗിച്ചാണ് കുറച്ചൊക്കെ നടക്കാൻ ശ്രമിക്കുന്നത്. സ്കൂളിലേക്കു പോകാൻ സാധിക്കാത്തത് കുട്ടിയെ  തളര്‍ത്തിയിട്ടുണ്ട്. മോനും ഞങ്ങളും അനുഭവിച്ച വേദനയ്ക്ക് സർക്കാർ ഉത്തരം പറഞ്ഞേതീരൂ എന്നാണ് ഷാഫിലിന്റെ ആവശ്യം. വൈകാതെ നാട്ടിലെത്തി ഇതിനായുള്ള കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം. അതിന് മുൻപായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ പരാതിപ്പെടും. അതിന് പ്രവാസികളുടെ പിന്തുണ ഇദ്ദേഹം തേടുന്നു.

English Summary:

Medical Negligence; Seven year old's leg weakened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com