ഖാരിഫിന് മുന്നേ പച്ചപ്പട്ടണിഞ്ഞ് സലാലയിലെ മലനിരകള്‍; 'പച്ചപുതച്ച' ദൃശ്യം വൈറൽ, സഞ്ചാരികളുടെ ഒഴുക്ക്
സലാല ∙ ഖാരിഫ് കാലത്തിന് മുന്നേ പച്ചപ്പട്ടണിഞ്ഞ് ദോഫാര്‍ ഗവര്‍ണറേറ്റിലെ മലനിരകള്‍. കഴിഞ്ഞ ആഴ്ചകളില്‍ തുടര്‍ച്ചയായി ലഭിച്ച മഴ ദോഫാറിലെ മരുഭൂമിയെ
സലാല ∙ ഖാരിഫ് കാലത്തിന് മുന്നേ പച്ചപ്പട്ടണിഞ്ഞ് ദോഫാര്‍ ഗവര്‍ണറേറ്റിലെ മലനിരകള്‍. കഴിഞ്ഞ ആഴ്ചകളില്‍ തുടര്‍ച്ചയായി ലഭിച്ച മഴ ദോഫാറിലെ മരുഭൂമിയെ
സലാല ∙ ഖാരിഫ് കാലത്തിന് മുന്നേ പച്ചപ്പട്ടണിഞ്ഞ് ദോഫാര്‍ ഗവര്‍ണറേറ്റിലെ മലനിരകള്‍. കഴിഞ്ഞ ആഴ്ചകളില്‍ തുടര്‍ച്ചയായി ലഭിച്ച മഴ ദോഫാറിലെ മരുഭൂമിയെ
സലാല ∙ ഖാരിഫ് കാലത്തിന് മുന്നേ പച്ചപ്പട്ടണിഞ്ഞ് ദോഫാര്‍ ഗവര്‍ണറേറ്റിലെ മലനിരകള്‍. കഴിഞ്ഞ ആഴ്ചകളില്‍ തുടര്‍ച്ചയായി ലഭിച്ച മഴ ദോഫാറിലെ മരുഭൂമിയെ പച്ചപ്പട്ടണിയിച്ചു. പര്‍വതങ്ങളിലും മണല്‍ കൂനകളിലുമെല്ലാം ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നത് ഏറെ മനോഹരമായ കാഴ്ചയാണിപ്പോള്‍. വസന്തകാലം ഇത്തവണ നേരത്തെ എത്തിയേക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഖാരിഫ് അനുഭൂതി നേരത്തെ ലഭിച്ചു തുടങ്ങിയതോടെ സലാലയിലേക്ക് സഞ്ചാരികളുടെ വരവുതുടങ്ങി.
ഖാരിഫിനെ ഓര്‍മിപ്പിക്കും വിധം വാദി ദര്‍ബാത്തിലുള്‍പ്പെടെ വെള്ളച്ചാട്ടം രൂപപ്പെട്ടു. മഴ ലഭിച്ച് പച്ചപ്പ് നിറഞ്ഞതോടെ ഒട്ടകങ്ങള്‍ക്കും ആടുമാടുകള്‍ക്കും തീറ്റയും സുലഭമായി. ജബല്‍ അയ്യൂബിലും ഇത്തീനിലും ശാത്തിലും റയ്‌സൂത്തിലുമെല്ലാം ചെറുതും വലുതുമായ കുന്നുകള്‍ പച്ചവിരിച്ചിരിക്കുകയാണ്. ഇതുവഴി യാത്ര ചെയ്യുന്നവരെല്ലാം ഇവ ആസ്വദിക്കുന്നു. പച്ചപുതച്ച ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു.
എല്ലാ വര്‍ഷവും ജൂണ്‍ 21 മുതല്‍ സെപ്റ്റംബര്‍ 21 വരെയാണ് ഔദ്യോഗിക ഖാരിഫ് കാലം. രാജ്യത്തെ ഏറ്റവും വലിയ വിനോദ സഞ്ചാര കാലം കൂടിയാണിത്. ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഇളം കാറ്റും ചാറ്റല്‍ മഴയും നിറഞ്ഞ ശരത്കാല വിസ്മയമാണ് ഖാരിഫ് സീസണ്‍ ആയി അറിയപ്പെടുന്നത്. അറേബ്യന്‍ മേഖല കനത്ത ചൂടില്‍ വലയുമ്പോള്‍ കേരളമടക്കമുള്ള സ്ഥലങ്ങളിലെ കാലാവസ്ഥയ്ക്ക് സമാനമായി ദോഫാര്‍ മേഖല മാറും. താപനില ക്രമാതീതമായി താഴും. ദോഫാറിലെ അന്തരീക്ഷം തണുക്കും. നേരിയ മഴയും മഞ്ഞുമായി പ്രകൃതി കൂടുതല്‍ സുന്ദരിയാകും.
ഖാരിഫ് കാലം ആരംഭിക്കുന്നത് മുതല്‍ രാജ്യത്തിന്റെ അകത്തുനിന്നു പുറത്തുനിന്നുമായി ലക്ഷക്കണക്കിനാളുകളാണ് സലാലയിലെ പ്രകൃതി ആസ്വദിക്കാനായി എത്താറുള്ളത്. ടൂറിസ്റ്റുകളുടെ വരവിനോടനുബന്ധിച്ച് ടൂറിസം മന്ത്രാലയത്തിന്റെയും ദോഫാര്‍ ഗവര്‍ണറേറ്റിന്റെയും കീഴില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ടൂറിസം ഫെസ്റ്റിവല്‍ അടുത്ത മാസം ആരംഭിക്കും.
∙ ഖാരിഫ് ഫെസ്റ്റിവല്‍ ജൂണ്‍ 20 മുതല്‍
ഖാരിഫ് കാലത്ത് സഞ്ചാരികള്‍ക്കായി ഒരുക്കുന്ന ഖാരിഫ് ഫെസ്റ്റിവല്‍ ഇത്തവണ ജൂണ്‍ 20 മുതല്‍ തുടക്കം കുറിക്കും. 90 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വ്യത്യസ്ത വിനോദ പരിപാടികള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ ഇത്തവണ ഇരട്ടി സമയം ഖാരിഫ് ഫെസ്റ്റിവലിനുണ്ടാകും. ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചാരികള്‍ക്ക് ഉത്സവാന്തരീക്ഷം ആസ്വദിക്കാനാകും. അതീന്‍ സ്‌ക്വയര്‍ പ്രദേശത്ത് പുതിയതും ആകര്‍ഷണീയവുമായ വ്യത്യസ്ത പരിപാടികള്‍ ഈ വര്‍ഷമുണ്ടാകും. സ്‌പോര്‍ട്‌സ് ചാലഞ്ച് മൈതാനം, ലൈറ്റ് ലേസര്‍ ഷോ, സഞ്ചാരികള്‍ക്കുള്ള സമഗ്ര സേവനങ്ങള്‍ തുടങ്ങി പരമ്പരാഗത കലാരൂപങ്ങള്‍, പൈതൃക ചന്തകള്‍, വ്യത്യസ്ത കരകൗശല വസ്തുക്കള്‍, ഒമാനി സംസ്‌കാരവുമായി ബന്ധപ്പെട്ട തത്സമയ കലാപരിപാടികള്‍, പ്രകടനങ്ങള്‍ എന്നിവയെല്ലാം അരങ്ങേറും.
∙ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി
ഖാരിഫ് സീസണുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ദോഫാര്‍ നഗരസഭാ കൗണ്‍സില്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. സീസണുമായി ബന്ധപ്പെ പരിപാടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. സീസണ്‍ സമയത്തെ ഗതാഗതം സുഗമമാക്കുന്നതുള്‍പ്പെടെയുള്ള നടപടികളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ഗവര്‍ണറേറ്റില്‍ ഖാരിഫ് സീസണുമായി ബന്ധപ്പെട്ട് വാണിജ്യ മേഖലയിലെ എല്ലാവിധ മുന്നൊരുക്കങ്ങളും അധികൃതര്‍ നിരീക്ഷിച്ചുവരികയാണ്. ചരക്കുകളുടെയും ഭക്ഷ്യ സേവനങ്ങളുടെയും വിതരണം, വാണിജ്യ ബാങ്കുകളുടെ സേവനങ്ങള്‍, ഗ്യാസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്തും. ഭക്ഷ്യവസ്തുക്കളുടെയും അടിസ്ഥാന സാധനങ്ങളുടെയും വരവ് സുഗമമാക്കുന്നതിനും വിപണികള്‍ നിരീക്ഷിക്കുന്നതിനും ഖാരിഫ് സീസണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍ നല്‍കുന്ന സൗകര്യങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കാനും അധികൃതര്‍ ശ്രമം നടത്തിവരുന്നുണ്ട്. ദോഫാറിലെയും ഗവര്‍ണറേറ്റിലേക്കുള്ള പാതയിലെയും ഇന്ധന കേന്ദ്രങ്ങളില്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പരിശോധന നടത്തി. പ്രതിദിനം വലിയ തോതില്‍ സന്ദര്‍ശകരെത്തുന്ന ഖാരിഫ് കാലത്ത് ഇന്ധന ലഭ്യതയും ഇന്ധന കേന്ദ്രങ്ങളിലെ മറ്റു സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. ദോഫാറിലേക്കുള്ള പ്രധാന പാതകളിലാണ് ഇന്ധന വിതരണ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധന നടത്തിയത്.
∙ കഴിഞ്ഞ വര്‍ഷം പത്ത് ലക്ഷത്തോളം സഞ്ചാരികള്‍
കഴിഞ്ഞ വര്‍ഷം ഖാരിഫ് കാലത്ത് ദോഫാര്‍ സന്ദര്‍ശിച്ചത് പത്ത് ലക്ഷത്തോളം സഞ്ചാരികളാണ്. 2023 ജൂണ്‍ 21 മുതല്‍ സെപ്റ്റംബർ 21 വരെയുള്ള കാലയളവില്‍ 962,000 പേര്‍ സലാലയിലെത്തി. 2022ല്‍ ഇതേ കാലയളവില്‍ സഞ്ചാരികള്‍ 813,000 ആയിരുന്നുവെന്നും ദേശീയ സ്ഥിതി വിവര കേന്ദ്രം കണക്കുകള്‍ വ്യക്തമാക്കുന്നു. 103 ദശലക്ഷം ഒമാനി റിയാലാണ് ഖാരിഫ് സന്ദര്‍ശകര്‍ ദോഫാറില്‍ ചെലവഴിച്ചത്. 2022ല്‍ ഇത് 86 ദശലക്ഷം ആയിരുന്നു.
ഖാരിഫ് സഞ്ചാരികളില്‍ പകുതിയില്‍ അധികവും ഒമാനി പൗരന്‍മാരായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 666,307 സ്വദേശികളാണ് ദോഫാറിലെത്തിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 190,853 സന്ദര്‍ശകരെത്തി. ആകെ സഞ്ചാരികളില്‍ 19.8 ശതമാനമാണിത്. 68,100 സന്ദര്‍ശകര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായിരുന്നു. അറബ് രാഷ്ട്രങ്ങളില്‍ നിന്ന് 31,214 പേരും യൂറോപ്പില്‍ നിന്ന് 1,982 പേരും ഖാരിഫ് ആസ്വദിക്കാനെത്തി.