ഒരുലക്ഷത്തോളം ഇന്ത്യൻ തീർഥാടകർ ഹജിനെത്തി
Mail This Article
മക്ക ∙ ഹജ് കർമത്തിനായി സൗദി അറേബ്യയിൽ എത്തിയ ഇന്ത്യൻ തീർഥാടകരുടെ ഒരു ലക്ഷത്തോട് അടുക്കുന്നു. ഇന്നലെ വരെ 333 വിമാനങ്ങളിലായി മലയാളികൾ അടക്കം 98,220 തീർഥാടകരാണ് എത്തിയത്. ഇവരിൽ 74,307 പേർ മക്കയിലും 14,913 പേർ മദീനയിലുമാണ് ഉള്ളത്. മദീനയിൽ നേരിട്ട് എത്തിയവർ 8 ദിവസം അവിടെ തങ്ങിയ ശേഷം മക്കയിൽ എത്തും. മക്കയിൽ നേരിട്ട് എത്തിയവർ ഹജ്ജിനു ശേഷമാകും മദീന സന്ദർശിക്കുക.
വെള്ളിയാഴ്ച ഹറം പള്ളിയിൽ നടന്ന ജുമുഅ നമസ്കാരത്തിൽ ഭൂരിഭാഗം ഇന്ത്യൻ തീർഥാടകരും പങ്കെടുത്തു. ജുമുഅയ്ക്ക് തീർഥാടകരെ ഹറം പള്ളിയിലും തിരിച്ചും എത്തിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമും എത്തിയിരുന്നു. അസീസിയയിലെ താമസ സ്ഥലത്തുനിന്ന് ഹജ് മിഷൻ ഏർപ്പെടുത്തിയ ബസിൽ തീർഥാടകരെ ഹറം പള്ളിയിലും തിരിച്ചും എത്തിച്ചു.
തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹജ് മിഷൻ ഓഫിസും ആശുപത്രിയും ഡിസ്പൻസറിയും പ്രവർത്തിച്ചുവരുന്നു. മക്കയിലും മദീനയിലും നടന്ന ജുമുഅ നമസ്കാരത്തിൽ വിവിധ രാജ്യക്കാരായ ലക്ഷങ്ങളാണ് അണിനിരന്നത്.