സ്കൂളിൽ പോകാതെ, വീട്ടിലിരുന്ന് പഠിച്ച് മിന്നും താരങ്ങളായി 3 മലയാളി സഹോദരിമാർ; യുഎസ് പ്രസിഡന്റുമാരിൽ നിന്ന് അവാർഡും
ദുബായ് ∙ സ്കൂളിൽ പോകാതെ, വീട്ടിലിരുന്ന് പഠിച്ച് ലോകത്തെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ മിന്നും താരങ്ങളായി 3 മലയാളി സഹോദരിമാർ. തിരുവനന്തപുരം വെള്ളയമ്പലം സ്വദേശി ആശിഷ് തോമസിന്റെയും രേഖയുടെയും മക്കളായ സ്റ്റെഫനി ഡാനിയേൽ തോമസ്, ഡൊറത്തി ജെയിൻ തോമസ്, ഡേറിയൻ തോമസ്, എന്നിവരാണ് മലയാളികൾക്കും ഇന്ത്യയ്ക്കും
ദുബായ് ∙ സ്കൂളിൽ പോകാതെ, വീട്ടിലിരുന്ന് പഠിച്ച് ലോകത്തെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ മിന്നും താരങ്ങളായി 3 മലയാളി സഹോദരിമാർ. തിരുവനന്തപുരം വെള്ളയമ്പലം സ്വദേശി ആശിഷ് തോമസിന്റെയും രേഖയുടെയും മക്കളായ സ്റ്റെഫനി ഡാനിയേൽ തോമസ്, ഡൊറത്തി ജെയിൻ തോമസ്, ഡേറിയൻ തോമസ്, എന്നിവരാണ് മലയാളികൾക്കും ഇന്ത്യയ്ക്കും
ദുബായ് ∙ സ്കൂളിൽ പോകാതെ, വീട്ടിലിരുന്ന് പഠിച്ച് ലോകത്തെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ മിന്നും താരങ്ങളായി 3 മലയാളി സഹോദരിമാർ. തിരുവനന്തപുരം വെള്ളയമ്പലം സ്വദേശി ആശിഷ് തോമസിന്റെയും രേഖയുടെയും മക്കളായ സ്റ്റെഫനി ഡാനിയേൽ തോമസ്, ഡൊറത്തി ജെയിൻ തോമസ്, ഡേറിയൻ തോമസ്, എന്നിവരാണ് മലയാളികൾക്കും ഇന്ത്യയ്ക്കും
ദുബായ് ∙ സ്കൂളിൽ പോകാതെ, വീട്ടിലിരുന്ന് പഠിച്ച് ലോകത്തെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ മിന്നും താരങ്ങളായി 3 മലയാളി സഹോദരിമാർ. തിരുവനന്തപുരം വെള്ളയമ്പലം സ്വദേശി ആശിഷ് തോമസിന്റെയും രേഖ തോമസിന്റെയും മക്കളായ സ്റ്റെഫനി ഡാനിയേൽ തോമസ്, ഡേറിയൻ തോമസ്, ഡൊറത്തി ജെയിൻ തോമസ് എന്നിവരാണ് മലയാളികൾക്കും ഇന്ത്യയ്ക്കും അഭിമാനമായത്. മൂവരും ജനിച്ചതും വളർന്നതുമെല്ലാം ദുബായിൽ. പന്ത്രണ്ടാം ക്ലാസ് വരെ വീട്ടിൽ സ്വന്തം പഠനം. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ മൂത്തയാൾ സ്റ്റെഫനി ദുബായിൽ ജോലി ചെയ്തുവരുന്നു.
പെൻസിൽവാനിയ സർവകലാശാലയിൽനിന്ന് മികച്ച സ്കോറോടെ ലീഡർഷിപ്പിൽ ബിരുദാനന്തര ബിരുദം നേടിയ ഡൊറത്തി തോമസ് ഇതേ യൂണിവേഴ്സിറ്റിയിൽ എംഫിലിന് ചേർന്നിരിക്കുകയാണിപ്പോൾ. വിദ്യാഭ്യാസ മികവിന് റിച്ചാർഡ് ജെ എസ്റ്റസ് ഗ്ലോബൽ സിറ്റിസൺഷിപ്പ് അവാർഡും നേടി ഈ മിടുക്കി. മൂന്നാമത്തെയാൾ ഡേറിയനും പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിൽ ന്യൂറോ സയൻസിൽ അവസാന വർഷ ബിരുദ വിദ്യാർഥികളാണ്.
പരമ്പരാഗത വിദ്യാഭ്യാസ രീതികളെ സ്വയം പൊളിച്ചെഴുതിയ ഈ മിടുക്കികൾ സ്വന്തം നിലയിലെ പ്രയത്നത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് ഉന്നത നേട്ടങ്ങൾ കരസ്ഥമാക്കിവരുന്നു. ലോകത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽനിന്ന് പഠിച്ചതിനെക്കാൾ മികവോടെ വിദ്യാഭ്യാസ യാത്രയിലെ ഓരോ ഘട്ടത്തിലും ചരിത്രം കുറിക്കുകയാണ് ഇവർ.
മുംബൈ മൈസ്ഗോണിലെ സെന്റ് പീറ്റേഴ്സ് സ്കൂളിൽ ഹെഡ് മിസ്ട്രസ് ആയിരുന്ന മറിയം തോമസിന്റെ മകനായ ആശിഷിന് അധ്യാപകരോട് വല്ലാത്ത ആരാധനയായിരുന്നു. അക്കാലത്തെ അധ്യാപക – വിദ്യാർഥി ബന്ധം ഇന്നും ആദരവോടെ കാത്തുസൂക്ഷിക്കുന്ന ആശിഷ് തോമസ് മൂത്ത 2 മക്കളെയും ദുബായിലെ ഏറ്റവും മികച്ച സ്കൂളിൽ തന്നെ ചേർത്തു. വളരെ മിടുക്കികളായ കുട്ടികൾ സ്കൂളിൽ പോയി തുടങ്ങിയതോടെ ഊർജവും ആവേശവുമെല്ലാം ചോർന്നുപോകുന്നതാണ് പിന്നീട് കണ്ടത്. ഓരോ വർഷം കഴിയുന്തോറും മക്കൾ പഠനത്തിൽ മാത്രമല്ല എല്ലാ കാര്യങ്ങളിലും പിറകോട്ടുപോകുകയായിരുന്നു. ഇതുകണ്ട അമ്മ രേഖ മക്കളെ വീട്ടിൽ നന്നായി പഠിപ്പിക്കാൻ തുടങ്ങി. അതോടെ കുട്ടികൾ ക്ലാസിൽ ഒന്നാമതായി. കുട്ടികളുടെ നേട്ടങ്ങളിൽ അധ്യാപകരും സ്കൂളും അമ്പരന്നു. അമ്മ രേഖ പഠിപ്പിച്ചതിന്റെ മികവാണെന്ന് ബോധ്യപ്പെട്ട സ്കൂൾ അധികൃതർ സൈക്കോളജി ബിരുദധാരിയായ രേഖയ്ക്ക് അധ്യാപികയായി ജോലി നൽകാൻ സന്നദ്ധത അറിയിച്ചെങ്കിലും നിരസിച്ചു.
അധ്യാപകരിൽനിന്ന് നേരിടേണ്ടിവന്ന ദുരനുഭവങ്ങളാണ് കുട്ടികളെ ഈ നിലയിൽ എത്തിച്ചതെന്ന് മനസ്സിലാക്കിയ കുടുംബം സ്കൂളിലേക്ക് അയക്കേണ്ട എന്ന കടുത്ത തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ഇടയ്ക്കിടെ അധ്യാപകരുടെ മാറ്റവും കുട്ടികളോടുള്ള വേർതിരിവും പരസ്യമായി അധിക്ഷേപിക്കലും പ്രാകൃത ശിക്ഷാ രീതികളും അവരുടെ ഭാവിയെ തകർക്കുമെന്ന് തെളിഞ്ഞതാണ് ഈ തീരുമാനത്തിലേക്കു നയിച്ചതെന്ന് ആശിഷും രേഖയും പറഞ്ഞു. ആ സമയത്ത് സ്റ്റെഫനി നാലിലും ഡോറത്തി രണ്ടാം ക്ലാസിലുമായിരുന്നു. ഡേറിയൻ സ്കൂളിൽ പോയിട്ടേയില്ല.
സ്വന്തം മക്കളെ സ്കൂളിലേതിനെക്കാൾ മികച്ച രീതിയിൽ പഠിപ്പിക്കാൻ ആവുമെന്ന് രേഖ ഇതിനകം തെളിയിച്ചതാണ് പിൻബലം. സർവ പിന്തുണയുമായി ആശിഷും ചേർന്നതോടെ വീട്ടിലെ ഒരു മുറി ക്ലാസ് റൂമാക്കി. ഹോം സ്കൂൾ എന്ന ആശയത്തിന് അത്ര പ്രചാരമില്ലാത്ത 2005 കാലഘട്ടിൽ ഈ കുടുംബം എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് പിന്നീട് കുട്ടികളും തെളിയിച്ചു. സ്കൂളിൽ അയക്കേണ്ട എന്ന മാതാപിതാക്കളുടെ തീരുമാനത്തിന് സല്യൂട്ട് ചെയ്യുകയാണ് സ്റ്റെഫനി. കാരണം സ്കൂൾ എന്നു കേൾക്കുമ്പോൾ തന്നെ പേടിപ്പെടുത്തുന്നതായിരുന്നു ഇവരുടെ അനുഭവം.
പ്ലസ് ടു വരെ വീട്ടിൽ പഠിപ്പിക്കാമെന്ന ധൈര്യം ആശിഷിനും രേഖയ്ക്കുമുണ്ടായിരുന്നു. ഉന്നത പഠനത്തിന് എന്തു ചെയ്യുമെന്ന അന്വേഷണമാണ് സുഹൃത്തും ശ്രീലങ്കൻ സ്വദേശിയുമായ ഡോ. ലക്ഷ്മൺ മധുരസിംഗയുടെ നിർദേശപ്രകാരം ഹോം സ്കൂളിങ് ആശയത്തിൽ എത്തിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഹോം സ്കൂൾ സൗകര്യം പ്രയോജനപ്പെടുത്തിയായിരുന്നു തുടക്കം. 5, 3, കെജി–1 എന്നിങ്ങനെ ഓരോ ഗ്രേഡിലേക്കും വേണ്ട പുസ്തകങ്ങളും പഠന സാമഗ്രികളും പോസ്റ്റൽ വഴി എത്തിച്ചു. വർഷത്തിൽ 2 തവണ വീട്ടിൽ തന്നെ പരീക്ഷ നടത്തി റിപ്പോർട്ട് കാർഡ് അയച്ചുകൊടുക്കണമെന്നുമാത്രം. ഇതോടെ വീട്ടിലെ സ്കൂളിൽ രേഖ അധ്യാപികയും ആശിഷ് പ്രിൻസിപ്പലുമായി. സ്കൂളിൽ ഒരു വർഷം നൽകുന്നതിന്റെ 15% മാത്രം മതി ഹോംസ്കൂളിന് ഫീസ്.
∙ കൃത്യനിഷ്ഠ
സ്കൂളിൽ പോകുന്നില്ലെന്ന് കരുതി കൃത്യനിഷ്ഠയിൽ വിട്ടുവീഴ്ച ചെയ്തില്ല ഇവർ. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ആറിന് മക്കളെ വിളിച്ചുണർത്തും. പ്രഭാത കൃത്യങ്ങൾക്കും പ്രാതലിനും ശേഷം സ്കൂളിലേക്കു പോകുന്നതുപോലെ തയാറായി മക്കൾ വീട്ടിലെ ക്ലാസ് മുറിയിലെത്തും. അന്നത്തെ ടൈം ടേബിൾ അധ്യാപികയായ രേഖ മക്കൾക്കു വിവരിച്ചുകൊടുക്കും. ഒരേ ക്ലാസ് മുറിയിൽ 3 ഡിവിഷൻ. ഓരോ ഡിവിഷനിലും ഏക വിദ്യാർഥിയും ഏക അധ്യാപികയും. ക്ലാസുകൾ രസകരമായി മുന്നോട്ടുപോയി.
∙ പാഠ്യേതരവും സമാസമം
സ്കൂളിൽ പോകാത്തതുമൂലം ഒന്നിലും കുറവു വരരുതെന്ന് നിർബന്ധമുള്ള മാതാപിതാക്കൾ പഠനത്തിന്റെ ഇടവേളകളിൽ വ്യായാമം, എയറോബിക്സ്, ഹോഴ്സ് റൈഡിങ്, നീന്തൽ, പെയിന്റിങ്, സംഗീതം, ഉപകരണ സംഗീതം തുടങ്ങി ഓരോ ദിവസവും വ്യത്യസ്ത പാഠ്യേതര പ്രവർത്തനങ്ങൾ സമയബന്ധിതമായി ഏർപ്പെടുത്തിയതോടെ കുട്ടികൾക്ക് വീട് സ്വർഗതുല്യമായി. ഒപ്പം നല്ല മൂല്യങ്ങളും മര്യാദകളും പഠിപ്പിച്ചു. ആരോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കാൻ വിവിധ പ്രായത്തിലുള്ളവരുമായി ചങ്ങാത്തവും സഹവാസവും ഉറപ്പാക്കി. ഒരേ സമയം അമ്മ, അധ്യാപിക, സുഹൃത്ത് തുടങ്ങി വിവിധ റോളിലായിരുന്നു രേഖ.
∙ ഹോം സ്കൂൾ യുഎസിലേക്ക്
ഹോം സ്കൂളിൽ പഠിച്ചവർക്ക് ഉന്നത വിദ്യാഭ്യാസത്തിന് അമേരിക്കയാണ് നല്ലതെന്ന് മനസ്സിലാക്കിയ ഇവർ 9ാം ക്ലാസ് മുതൽ തുടർ പഠനം അമേരിക്കൻ സിലബസ്സിലാക്കി. ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ മാത്രം അധ്യാപകരെ വിട്ടിൽ വരുത്തിച്ച് പഠിപ്പിച്ചു. കുട്ടികൾക്ക് പഠിപ്പിക്കാൻ പ്രാപ്തരല്ലെന്നു കണ്ട അധ്യാപകരെ മാറ്റി. അടുത്ത് പഠിച്ചിറങ്ങിയ സുഹൃത്തുക്കളുടെ മക്കളോടും സംശയനിവാരണം നടത്ത്. ഗണിതത്തിലെ ആശയം മനസ്സിലാക്കിയപ്പോൾ ഇനി സ്വകാര്യ ട്യൂഷൻ വേണ്ടെന്നും തനിയെ പഠിക്കാനാകുമെന്നും മക്കൾ പറഞ്ഞത് മാതാപിതാക്കളുടെ ആത്മവിശ്വാസം കൂട്ടി. സ്കൂൾ എന്നത് പേടിസ്വപ്നമായിരുന്ന സ്റ്റെഫനിക്ക് ഹോം സ്കൂൾ മാതൃകയാണ് നല്ലതെന്ന് തെളിയിക്കേണ്ട ബാധ്യത കൂടി ഏറ്റെടുത്തതോടെ നന്നായി പഠിച്ചു.
∙ പരീക്ഷണം പലവിധത്തിൽ
മക്കളെ വീട്ടിലിരുത്തി മാതാപിതാക്കൾ പുറത്തുപോകും. സ്വയം പഠിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായിരുന്നു അത്. ടൈം ടേബിൾ അനുസരിച്ച് പഠനം നടന്നിട്ടില്ലെങ്കിൽ ശിക്ഷിക്കാറുണ്ട്. ഇടയ്ക്ക് അടിയും ഇരട്ടി ജോലിയും കൊടുക്കുമെന്ന് രേഖ പറയുന്നു.
∙ മാതൃവാത്സല്യം
ക്ലാസിൽ കർശന അധ്യാപികയാണെങ്കിലും അമ്മയുടെ സ്നേഹത്തിന് ഒട്ടും കുറവു വരുത്തിയില്ലെന്ന് രേഖ പറയുന്നു. കുട്ടികളോടൊത്ത് എല്ലാ കാര്യങ്ങൾക്കും അവരുടെ സുഹൃത്തെന്ന പോലെ കൂടെ കൂടി. മക്കൾ പ്രായപൂർത്തിയാകുന്നതുവരെ സമൂഹമാധ്യമങ്ങൾക്കെല്ലാം നിയന്ത്രണം ഏർപ്പെടുത്തി. ഫോൺ ഉപയോഗം, ടി.വി കാണൽ എന്നിവയെല്ലാം നിയന്ത്രണ വിധേയമായിരുന്നു. കുട്ടികൾക്ക് കാണാൻ പറ്റുന്ന കാര്യങ്ങൾ മാത്രം കാണിക്കും. തെറ്റിയും ശരിയും മനസ്സിലാക്കാനുള്ള ബോധം വന്നതോടെ നിയന്ത്രണം മാറ്റി. 12ാം ക്ലാസ് കഴിഞ്ഞതോടെ ഹോം പഠനത്തിൽനിന്ന് മൂവരും ഹൈബ്രിഡ് ക്ലാസിലേക്കു മാറിയിരുന്നു.
∙ യുഎസ് പ്രസിഡന്റ് അവാർഡ്
മികച്ച മാർക്ക് നേടിയതിന് മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയിൽനിന്നും ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡനിൽനിന്നും അവാർഡ് വാങ്ങിയിട്ടുണ്ട് സ്റ്റെഫനിയും ഡേറിയനും. സാധാരണ സ്കൂളിൽ ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതിനേക്കാൾ വളരെയധികം ചെയ്യാൻ ഹോം സ്കൂളിന് സാധിച്ചതാണ് നേട്ടത്തിന്റെ നെറുകിലെത്താൻ സഹായിച്ചതെന്ന് ഡേറിയൻ പറഞ്ഞു.
∙ വിദേശ യാത്രകൾ
വീട്ടിലെ പഠനമായതിനാൽ യാത്രകൾക്ക് ധാരാളം സമയം കണ്ടെത്തി. ഇതുവരെ 70 രാജ്യങ്ങളിൽ യാത്ര ചെയ്തു. വിവിധ രാജ്യങ്ങളിലെ സംസ്കാരം, ജീവിത രീതി, ആചാരം, പെരുമാറ്റം, ആശയവിനിമയം എന്നിവയെല്ലാം കണ്ടറിഞ്ഞു. എല്ലാവിധ ജീവിത സാഹചര്യങ്ങളും അവർ അടുത്തറിഞ്ഞതോടെ ആളുകളുമായി ഇടപഴകാനും കാര്യങ്ങൾ ചോദിച്ചറിയാനും മക്കൾ താൽപര്യം കാട്ടി. ജീവിതത്തിൽ ഇതുവരെ സ്കൂളിൽ പോയിട്ടേയില്ലെങ്കിലും ബിരുദപഠനം കോളജിലാക്കിയതിൽ വെല്ലുവിളി അഭിമുഖീകരിച്ചിട്ടില്ലെന്ന് ഡേറിയൻ പറഞ്ഞു. യാത്ര ചെയ്ത സ്ഥലങ്ങളിലെല്ലാം സുഹൃത്തുക്കളുണ്ട്. അവരുമായി ഇപ്പോഴും ആശയവിനിമയമുണ്ട്. അതുകൊണ്ടുതന്നെ നഷ്ടബോധമില്ലെന്നും പറഞ്ഞു.