മരുഭൂമിയിലൂടെ അനധികൃതമായി വന്ന സംഘത്തെ 'വലയിലാക്കി'; മക്കയിൽ സുരക്ഷ ശക്തം
ഹജിന് അനുമതിയില്ലാത്ത ഒരാളെയും മക്കയിലേയ്ക്ക് കടക്കാൻ അനുവദിക്കില്ലെന്ന ദൃഢപ്രതിജ്ഞയിലാണ് സൗദി പൊതുസുരക്ഷാ വകുപ്പ്.
ഹജിന് അനുമതിയില്ലാത്ത ഒരാളെയും മക്കയിലേയ്ക്ക് കടക്കാൻ അനുവദിക്കില്ലെന്ന ദൃഢപ്രതിജ്ഞയിലാണ് സൗദി പൊതുസുരക്ഷാ വകുപ്പ്.
ഹജിന് അനുമതിയില്ലാത്ത ഒരാളെയും മക്കയിലേയ്ക്ക് കടക്കാൻ അനുവദിക്കില്ലെന്ന ദൃഢപ്രതിജ്ഞയിലാണ് സൗദി പൊതുസുരക്ഷാ വകുപ്പ്.
മക്ക ∙ ഹജിന് അനുമതിയില്ലാത്ത ഒരാളെയും മക്കയിലേയ്ക്ക് കടക്കാൻ അനുവദിക്കില്ലെന്ന ദൃഢപ്രതിജ്ഞയിലാണ് സൗദി പൊതുസുരക്ഷാ വകുപ്പ്. മരുഭൂമിയിലെ ഊടുവഴികളിലൂടെ സഞ്ചരിച്ച്, സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണിൽ പെടാതെ മക്കയിലേക്ക് എത്തുന്ന നിരവധി സംഭവങ്ങൾ മുൻ വർഷങ്ങളിലുണ്ടായിരുന്നു. എന്നാൽ ഇത്തവണ അനുമതിയില്ലാതെ മക്കയിലേക്ക് കടക്കാനാവാത്ത തരത്തിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി.
ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഫോർവീലർ വാഹനങ്ങളിൽ മരുഭൂമിയിലൂടെ അനധികൃതമായി ഹജ് ചെയ്യാനെത്തുന്നവരെ കൊണ്ടുവരുന്ന സംഘം കാലങ്ങളായുണ്ട്. വൻ തുക വാങ്ങിയാണ് ഈ സംഘം അനധികൃതമായി ഹാജിമാരെ മക്കയിൽ എത്തിക്കുന്നത്. സാധാരണ പരിശോധന നടക്കുന്ന സ്ഥലങ്ങൾ നേരത്തെ തന്നെ കണ്ടെത്തി അതുവഴിയുള്ള യാത്ര ഒഴിവാക്കി മരുഭൂമിയിലെ ദുർഘട പാതകൾ താണ്ടിയാണ് സംഘം അനധികൃത ഹാജിമാരെ മക്കയിലെത്തിക്കുന്നത്.
എന്നാൽ ഇത്തവണ നൂതന സാങ്കേതിക വിദ്യയുള്ള ക്യാമറകൾ പലയിടത്തും സ്ഥാപിച്ച് സൗദി പൊതു സുരക്ഷാ വകുപ്പ് നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം മരുഭൂമിയിലൂടെ അനധികൃതമായി വരികായിരുന്ന സംഘത്തെ വലയിലാക്കുന്നതിന്റെ വിഡിയോ ദൃശ്യം പൊതുസുരക്ഷാവകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. തുടക്കത്തിൽ തീരെ ചെറിയ പൊട്ടുപോലെയുള്ള ദൃശ്യങ്ങളാണ് വിഡിയോയിൽ കാണുന്നത്. ദൃശ്യം സൂം ചെയ്യുന്നതോടെ വെളുത്ത നിറത്തിലുള്ള ഫോർ വീലർ വാഹനം മരുഭൂമിയിലൂടെ സഞ്ചരിക്കുന്നത് കാണാം. തൊട്ടടുത്ത നിമിഷം സുരക്ഷാവകുപ്പ് കുതിച്ചെത്തുകയും വാഹനം പിടികൂടുന്നതിന്‍റെയും ദൃശ്യമാണ് പുറത്തുവിട്ടുത്.
ഫീൽഡ് മോണിട്ടറിങ് സെന്ററിൽ ഒരുക്കിയ കൂറ്റൻ സ്ക്രീനിലാണ് പൊതുസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വാഹനം നിരീക്ഷിക്കുന്നത്. ഈ വാഹനം പൊലീസ് പിന്തുടർന്ന് വളഞ്ഞുനിർത്തി നിയമ ലംഘകരെ പിടികൂടുന്നതിന്റെ ആകാശ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു. മരുഭൂമിയിലൂടെ നിയമ ലംഘകരെ മക്കയിലേക്ക് കടത്തുന്ന സംഘത്തെ ആകാശ നിരീക്ഷണത്തിലൂടെയാണ് ഫീല്‍ഡ് മോണിട്ടറിങ് സെന്റര്‍ സംഘം കണ്ടെത്തിയത്. കടുത്ത ശിക്ഷയാണ് അനധികൃതമായി മക്കയിൽ പ്രവേശിക്കുന്നവരെ കാത്തിരിക്കുന്നത്. പതിനായിരം റിയാൽ പിഴയും തടവുശിക്ഷയും നാടുകടത്തലുമെല്ലാം വിവിധ ഘട്ടങ്ങളിൽ നിയമലംഘകർക്ക് ചുമത്തും.
അതേസമയം, മക്കയിൽ സുരക്ഷ ശക്തമാക്കുന്നതിനുള്ള മോക്ഡ്രില്ലുകളും നടക്കുന്നുണ്ട്. നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനും പൊതുസുരക്ഷാ വകുപ്പ് സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുന്നതിനുമാണ് മോക്ഡ്രിൽ നടത്തുന്നത്. മക്കയിൽ മിക്ക ദിവസങ്ങളിലും മോക് ഡ്രില്ലുകൾ സംഘടിപ്പിക്കുന്നുണ്ട്. ഹജ് ദിവസം അടുത്തെത്തിയതോടെ മക്കയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ വർധനവ് വരുത്തി.