ബലിപെരുന്നാൾ: വിവിധ എമിറേറ്റുകളിലെ 2,984 തടവുകാർക്ക് മാപ്പുനൽകി വിട്ടയയ്ക്കും
Mail This Article
അബുദാബി ∙ രാജ്യത്തെ വിവിധ എമിറേറ്റുകളിലെ ജയിലുകളിലുള്ള വിവിധ രാജ്യക്കാരായ 2,984 തടവുകാർക്ക് ബലിപെരുന്നാൾ പ്രമാണിച്ച് മാപ്പുനൽകി വിട്ടയയ്ക്കുന്നു.
അബുദാബിയിൽനിന്ന് 1,138 തടവുകാരെ മാപ്പുനൽകി വിട്ടയയ്ക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ദുബായ് ജയിലുകളിൽ കഴിയുന്ന 686 തടവുകാരെ വിട്ടയയ്ക്കാനാണ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടിരിക്കുന്നത്. ഷാർജ – 352, അജ്മാൻ – 233, റാസൽഖൈമ– 481, ഫുജൈറ – 94 എന്നിങ്ങനെയാണ് വിട്ടയയ്ക്കുന്ന തടവുകാരുടെ എണ്ണം.
ചെറിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെയും തടവുകാലത്ത് നല്ല നടപ്പിനു വിധേയരായവരെയുമാണ് മോചിപ്പിക്കുക. ഇവരുടെ സാമ്പത്തിക ബാധ്യതയും ഒഴിവാക്കും. തെറ്റുകളിൽ പശ്ചാത്തപിച്ച് പുതിയൊരു ജീവിതം നയിക്കാനുള്ള അവസരമാണ് ഇതിലൂടെ തടവുകാർക്ക് കൈവന്നിരിക്കുന്നത്. യുഎഇയിൽ റമസാൻ, പെരുന്നാൾ, യുഎഇ ദേശീയദിനം തുടങ്ങിയവ പ്രമാണിച്ച് തടവുകാർക്ക് മാപ്പുനൽകി വിട്ടയയ്ക്കുന്ന പതിവുണ്ട്. മലയാളികൾ ഉൾപ്പെടെയുള്ളവർ മുൻവർഷങ്ങളിൽ ഇത്തരത്തിൽ മോചിതരായിട്ടുണ്ട്.