63-ാം വയസ്സിൽ ബിരുദം നേടി ബഹ്റൈൻ മുൻ പ്രവാസി; വക്കീൽ കുപ്പായം അണിയാൻ ആഗ്രഹം
മനാമ∙ പത്താം ക്ലാസ് പാസായി നീണ്ട മുപ്പത് വർഷക്കാലം ബഹ്‌റൈൻ പ്രവാസത്തിൽ ചോര നീരാക്കിയ കണ്ണൂർ ആറ്റടപ്പ സ്വദേശി പ്രേമരാജൻ തന്റെ അറുപത്തിമൂന്നാം വയസ്സിൽ ചരിത്രത്തിൽ ബിരുദം നേടി 'ചരിത്രം' കുറിച്ചു. കൂടാളിയിലെ പാവപ്പെട്ട കുടുംബത്തിൽ പിറന്ന പ്രേമരാജന് അന്നത്തെ സാഹചര്യത്തിൽ പത്താം ക്ലാസ് ജയിച്ച ശേഷം പഠനം
മനാമ∙ പത്താം ക്ലാസ് പാസായി നീണ്ട മുപ്പത് വർഷക്കാലം ബഹ്‌റൈൻ പ്രവാസത്തിൽ ചോര നീരാക്കിയ കണ്ണൂർ ആറ്റടപ്പ സ്വദേശി പ്രേമരാജൻ തന്റെ അറുപത്തിമൂന്നാം വയസ്സിൽ ചരിത്രത്തിൽ ബിരുദം നേടി 'ചരിത്രം' കുറിച്ചു. കൂടാളിയിലെ പാവപ്പെട്ട കുടുംബത്തിൽ പിറന്ന പ്രേമരാജന് അന്നത്തെ സാഹചര്യത്തിൽ പത്താം ക്ലാസ് ജയിച്ച ശേഷം പഠനം
മനാമ∙ പത്താം ക്ലാസ് പാസായി നീണ്ട മുപ്പത് വർഷക്കാലം ബഹ്‌റൈൻ പ്രവാസത്തിൽ ചോര നീരാക്കിയ കണ്ണൂർ ആറ്റടപ്പ സ്വദേശി പ്രേമരാജൻ തന്റെ അറുപത്തിമൂന്നാം വയസ്സിൽ ചരിത്രത്തിൽ ബിരുദം നേടി 'ചരിത്രം' കുറിച്ചു. കൂടാളിയിലെ പാവപ്പെട്ട കുടുംബത്തിൽ പിറന്ന പ്രേമരാജന് അന്നത്തെ സാഹചര്യത്തിൽ പത്താം ക്ലാസ് ജയിച്ച ശേഷം പഠനം
മനാമ ∙ പത്താം ക്ലാസ് പാസായി നീണ്ട മുപ്പത് വർഷക്കാലം ബഹ്റൈനിൽ ചോര നീരാക്കിയ കണ്ണൂർ ആറ്റടപ്പ സ്വദേശി പ്രേമരാജൻ തന്റെ അറുപത്തിമൂന്നാം വയസ്സിൽ ചരിത്രത്തിൽ ബിരുദം നേടി 'ചരിത്രം' കുറിച്ചു.
കൂടാളിയിലെ പാവപ്പെട്ട കുടുംബത്തിൽ പിറന്ന പ്രേമരാജന് അന്നത്തെ സാഹചര്യത്തിൽ പത്താം ക്ലാസ് ജയിച്ച ശേഷം പഠനം തുടരാനായിരുന്നില്ല. കുടുംബം പോറ്റാൻ അന്ന് മുതൽ തോട്ടടയിലെ ഇരുമ്പു കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. എന്നാൽ ചെറുപ്പം മുതലുള്ള വായനാശീലം അതിനിടയിലും തുടർന്നു. അന്നത്തെ ഏതൊരു പത്താം ക്ലാസ് കാരുടെ മോഹവും കുടുംബത്തെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യവും മനസ്സിൽ വച്ച് പ്രേമരാജൻ ബഹ്റൈനിലേക്ക് വിമാനം കയറിയത് 1987ലായിരുന്നു.
ബഹ്‌റൈനിലെ സൽമാബാദിലെ വാഹന ഗാരേജിൽ വാഹനങ്ങളുടെ സൈലൻസർ റിപ്പയർ ജോലിയായിരുന്നു ദീർഘകാലം ചെയ്‌തത്. അതിനിടയിൽ പ്രമുഖ സംഘടനയായ ബഹ്‌റൈൻ പ്രതിഭയുമായി സഹകരിച്ച് നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രതിഭയുടെ കൺവീനർ സ്‌ഥാനത്ത് പ്രവർത്തിക്കെ ഒരു സൈക്കിളിൽ സഞ്ചരിച്ചായിരുന്നു ജോലിയുടെ ഇടവേളകളിൽ ജീവകാരുണ്യ പ്രവർത്തനം നടത്തിവന്നിരുന്നത്. സൽമാബാദ് പ്രദേശത്തെ ഗാരേജ് തൊഴിലാളികൾ അടക്കമുള്ള ആളുകളെ ബഹ്റൈൻ പ്രതിഭയിൽ അംഗങ്ങളാക്കി. ജോലിക്കിടയിലും വിശ്രമ വേളകളിലും അക്ഷീണമായ പ്രയത്നമാണ് അന്ന് പ്രേമരാജൻ നടത്തിയിരുന്നത്. പിന്നീട് മക്കളെ പഠിപ്പിച്ച് നല്ല നിലയിലാക്കിയ ശേഷമാണ് 2016 ൽ പ്രവാസം മതിയാക്കി പ്രേമരാജൻ നാട്ടിലേക്ക് മടങ്ങിയത്.
∙ സാമൂഹ്യ പ്രവർത്തനം കൈവിടാതെ നാട്ടിലും
സ്വന്തം നാടായ ആറ്റടപ്പ ഗ്രാമോദ്ധാരണ വായനശാലയുടെ സെക്രട്ടറിയായി തന്റെ സാമൂഹ്യ പ്രവർത്തനങ്ങൾ പ്രേമരാജൻ തുടർന്നു. ഈ സമയത്തും തന്റെ മുടങ്ങി പോയ വിദ്യാഭ്യാസം കൂടുതൽ ഉയരത്തിലെത്തിക്കുക എന്ന ലക്‌ഷ്യം കെടാതെ മനസിൽ സൂക്ഷിച്ചു. അങ്ങനെയാണ് സാക്ഷരതാ വിദ്യാഭ്യാസ പദ്ധതിയിലൂടെ പ്ലസ് ടു പഠനം ആരംഭിച്ചത്. കണ്ണൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ശനി, ഞായർ ദിവസങ്ങളിൽ പഠനം. ഒടുവിൽ മുഴുവൻ വിഷയത്തിലും എ പ്ലസോടെ പ്ലസ് ടു പാസായ സംസ്ഥാനത്തെ ആദ്യത്തെ പ്രായം കൂടിയ പഠിതാവായി പ്രേമരാജൻ മാറി. പിന്നെ ഒട്ടും വൈകിയില്ല. രാഷ്ട്രീയവും ചരിത്രവും മുഖ്യ വിഷയമായി എടുത്ത് കോഴിക്കോട് സർവകലാശാലയുടെ വിദൂര പഠന കോഴ്സിനായി മടപ്പള്ളി കോളേജിൽ റജിസ്റ്റർ ചെയ്തു. കണ്ണൂർ താണയിലെ കാലിക്കറ്റ് ആർട്സ് സെന്റർ ആയിരുന്നു പഠന കേന്ദ്രം. മികച്ച മാർക്കോടെ ബിരുദ പഠനവും പൂർത്തിയാക്കി തന്റെ ചിരകാല സ്വപ്നം യാഥാർഥ്യമാക്കി .
കഴിഞ്ഞ ആഴ്ച കാലിക്കറ്റ് സർവകലാശാല വളപ്പിൽ നടന്ന ബിരുദദാന ചടങ്ങിൽ പ്രൊ വൈസ് ചാൻസലർ ഡോ.എം. നാസറിൽ നിന്ന് അദ്ദേഹം ബിരുദ സർട്ടിഫിക്കറ്റ് സ്വീകരിച്ചു. പഠനകാര്യത്തിലും അറിവിലും വായനാശീലത്തിലും മുന്നിട്ടു നിൽക്കുന്ന, ദീർഘകാലം പ്രവാസ ജീവിതം നയിച്ച അത്യുത്സാഹശാലിയായ ഈ മുൻ പ്രവാസിക്ക് അഡ്വക്കറ്റാവുക എന്നതാണ് അടുത്ത സ്വപ്നം. ഈ സ്വപ്നം പൂവണിയാൻ ഇനി മുന്നിലുള്ള തടസം കണ്ണൂരിൽ എൽഎൽബി കേന്ദ്രം ഇല്ലെന്നതാണ്. കോഴിക്കോടോ കൊച്ചിയിലോ ഈ പ്രായത്തിൽ നിത്യേന പോയി ക്ലാസിൽ ഹാജരാവുക എന്നത് ദുഷ്കരമാണ്. എന്തായാലും ലക്‌ഷ്യം കൈവിടാൻ ഒരുക്കമല്ലെന്ന് പ്രേമരാജൻ വ്യക്തമാക്കുന്നു.
ഭാര്യ വാരം യുപി സ്കൂളിലെ റിട്ട. അധ്യാപികയായ അനിതയിൽ നിന്നും മക്കളായ ഡോ.അശ്വന്ത്, ഡോ. ഐശ്വര്യ എന്നിവരിൽ നിന്നും വലിയ പ്രോത്സാഹനമാണ് പ്രേമരാജന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പരിശ്രമിച്ചാൽ എന്തും നിഷ്പ്രയാസം നേടിയെടുക്കാമെന്ന് പുതു തലമുറയ്ക്ക് കാണിച്ചുകൊടുക്കുകയാണ് ഗ്രന്ഥശാലാ പ്രവർത്തകൻ കൂടിയായ ഈ മുൻ പ്രവാസി. പ്രതിഭ മുൻ ഭാരവാഹിയായ പ്രേമരാജന്റെ നേട്ടത്തിൽ തങ്ങൾ അഭിമാനം കൊള്ളുന്നതായി പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ എന്നിവർ അറിയിച്ചു.