ആദ്യ ദുബായ് രാജ്യാന്തര ലൈബ്രറി സമ്മേളനം നവംബറിൽ
യുഎഇ ഭരണാധികാരികളിൽ നിന്ന് വായനയെയും പുസ്തകങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി മറ്റൊരു ഉദ്യമം കൂടി.
യുഎഇ ഭരണാധികാരികളിൽ നിന്ന് വായനയെയും പുസ്തകങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി മറ്റൊരു ഉദ്യമം കൂടി.
യുഎഇ ഭരണാധികാരികളിൽ നിന്ന് വായനയെയും പുസ്തകങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി മറ്റൊരു ഉദ്യമം കൂടി.
ദുബായ് ∙ യുഎഇ ഭരണാധികാരികളിൽ നിന്ന് വായനയെയും പുസ്തകങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി മറ്റൊരു ഉദ്യമം കൂടി. മധ്യപൂർവദേശം, ഉത്തരാഫ്രിക്ക മേഖലയിലെ ആദ്യ ദുബായ് ഇന്‍റർനാഷനൽ ലൈബ്രറി കോൺഫറൻസ് ദുബായിൽ നടക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി അറിയിച്ചു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലൈബ്രറി ഫൗണ്ടേഷന്‍റെ സുപ്രീം കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനം നവംബർ 15 മുതൽ 17 വരെയാണ് നടക്കുക. 'നമ്മുടെ ലൈബ്രറികൾ; ഭൂതകാലവും വർത്തമാനവും ഭാവിയും' എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ ഡിജിറ്റൽ യുഗം, ഭൂതകാലം പകർന്ന അറിവുകൾ, വർത്തമാനകാലത്തിന്‍റെ നവോന്മേഷം, ലോകത്തെങ്ങുമുള്ള ലൈബ്രറികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവ ചർച്ച ചെയ്യും.
സമ്പന്നമായ മാനുഷിക വൈവിധ്യം ഉൾക്കൊള്ളുന്ന ആഗോള ചട്ടക്കൂടിനുള്ളിൽ അനുഭവങ്ങളും അറിവുകളും കൈമാറ്റം ചെയ്യുന്നതിനും സംസ്‌കാരത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും വഴിവിളക്കുകൾ എന്ന നിലയിൽ ലൈബ്രറികളുടെ പങ്കിനെ കുറിച്ച് സമ്മേളനം അന്വേഷണം നടത്തുമെന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലൈബ്രറി ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം ഇസബെൽ അബുൽഹൂൽ പറഞ്ഞു. ഭാവിയിലെ ലൈബ്രറികളുടെ സാധ്യതകൾ, ഡിജിറ്റൽ പരിവർത്തനം, ഭാവിയിലെ മ്യൂസിയങ്ങളാക്കി മാറ്റുന്നതിനുള്ള ആശയം എന്നിവയും ചർച്ചയ്ക്ക് വിധേയമാകും. ആശയങ്ങളും അനുഭവങ്ങളും കൈമാറ്റം ചെയ്യാനും ലൈബ്രറി, ഇൻഫർമേഷൻ മേഖലയിലെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് പഠിക്കാനും ലക്ഷ്യമിട്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്പെഷ്യലിസ്റ്റുകൾ, പ്രഫഷണലുകൾ, വിദഗ്ധർ എന്നിവരുടെ നീണ്ടനിര തന്നെ സംബന്ധിക്കും. ആർക്കൈവുകളുടെ സംരക്ഷണവും പുനഃസ്ഥാപനവും, ലൈബ്രറി സംവിധാനങ്ങളിലെയും പ്രോഗ്രാമുകളിലെയും പുതിയ സംഭവവികാസങ്ങൾ, ബൗദ്ധിക സ്വത്തവകാശം, പകർപ്പവകാശ നിയമങ്ങൾ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സുസ്ഥിര ലൈബ്രറികളുടെ പങ്ക് എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന 45–ലേറെ വിശിഷ്ട പാനൽ ചർച്ചകൾ, ശിൽപശാലകൾ, പ്രഭാഷണങ്ങൾ, സംവേദനാത്മക ചർച്ചകൾ എന്നിവയും നടക്കും.