ADVERTISEMENT

ദുബായ് ∙ വിവിധ നിയമലംഘനങ്ങളെ തുടർന്ന് ഈ മാസം 640 സൈക്കിളുകളും ഇ-സ്കൂട്ടറുകളും പിടിച്ചെടുത്തതായി ദുബായ് പൊലീസ് അറിയിച്ചു. അമിതവേഗം, അനവദനീയമല്ലാത്ത സ്ഥലങ്ങളിൽ വാഹനമോടിക്കുക, വാഹനഗതാഗതത്തിന് എതിരെ ഓടിക്കുക, സുരക്ഷാ ഗിയർ, ഹെൽമെറ്റ് എന്നിവ ധരിക്കാതിരിക്കുക എന്നിവയുൾപ്പെടെയുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

ഓടിക്കുന്നവരുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കുന്ന വിധമാണ് പല നിയമലംഘനങ്ങളും കണ്ടെത്തിയത്.  60 കിലോമീറ്ററിൽ കൂടുതൽ വേഗമുള്ള റോഡിലൂടെ ഇ-ബൈക്ക് അല്ലെങ്കിൽ സൈക്കിൾ ഓടിച്ചാൽ 300 ദിർഹം പിഴ ഈടാക്കുമെന്ന് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗെയ്തി പറഞ്ഞു. ഇ-സ്‌കൂട്ടറിൽ യാത്രക്കാരനെ കൊണ്ടുപോകുന്നത് 300 ദിർഹം പിഴ ഈടാക്കാവുന്ന കുറ്റമാണ് . ഇ-ബൈക്കിലോ സൈക്കിളിലോ യാത്രക്കാരനെ കയറ്റിയാൽ 200 ദിർഹം പിഴ ലഭിക്കും. ട്രാഫിക്കിന്‍റെ ഒഴുക്കിനെതിരെ ഇ-സ്കൂട്ടറോ സൈക്കിളോ ഓടിച്ചാൽ 200 ദിർഹം പിഴയാണ് ചുമത്തുക. എല്ലാ ട്രാഫിക്, സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കാൻ സൈക്കിൾ, ഇ-സ്കൂട്ടർ ഓടിക്കുന്നവരോട് ആഹ്വാനം ചെയ്തു. ദുബായ് പൊലീസ് ആപ്പിലെ 'പൊലീസ് ഐ' സേവനത്തിലൂടെയോ 'നാം എല്ലാവരും പൊലീസ്' സേവനമായ 901 എന്ന നമ്പറിൽ വിളിച്ചോ റോഡിലെ അപകടകരമായ പെരുമാറ്റങ്ങൾ റിപ്പോർട്ട് ചെയ്യാനും പൊതുജനങ്ങളോട് അഭ്യർഥിച്ചു. 

∙2024-ന്റെ ആദ്യ പകുതിയിൽ 4 മരണം
2024-ന്റെ ആദ്യ പകുതിയിൽ ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഉൾപ്പെട്ട പ്രത്യേക അപകടങ്ങളിൽ 4 പേര്‍ മരിച്ചു. ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 25 പേർക്ക് പരുക്കും പൊലീസ് രേഖപ്പെടുത്തി. 2024-ന്റെ ആദ്യ ആറ് മാസങ്ങളിൽ 7,800-ലേറെ ഗതാഗത നിയമലംഘനങ്ങൾ ഉണ്ടായി. 4,474 എണ്ണം  ഇ-സ്കൂട്ടറുകളും സൈക്കിളുകളുംഅധികൃതർ കണ്ടുകെട്ടി. അതായത് പ്രതിദിനം ശരാശരി 43 ട്രാഫിക് ലംഘനങ്ങൾ രേഖപ്പെടുത്തുകയും 24 ഇ-സ്കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുക്കുകയും ചെയ്തു. 

∙ ഇ–സ്കൂട്ടർ ദുബായിൽ ജനപ്രിയമായി
ദുബായ് നിവാസികളുടെ ജനപ്രിയ ഗതാഗത മാർഗമായി ഇ-സ്കൂട്ടറുകൾ മാറി. എങ്കിലും ഇ-സ്‌കൂട്ടർ ഉപയോക്താക്കൾ അശ്രദ്ധമായി ഓടിക്കുന്നതായി കാൽനടയാത്രക്കാരും വാഹനമോടിക്കുന്നവരും പരാതിപ്പെടുന്നു. ട്രാഫിക്കിനെതിരെ വാഹനമോടിക്കുന്നതുൾപ്പെടെ പലരും തെരുവുകളിൽ അപകടകരമായി സൂം ചെയ്യുന്നത് കാണാം. ചില റൈഡർമാർക്കിടയിൽ അപകടകരമായ പെരുമാറ്റങ്ങൾ വർദ്ധിക്കുന്നത് തടയാൻ അധികൃതർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കാൽനടയാത്രക്കാർ അഭ്യർഥിച്ചു. പലരും കാൽനടയാത്രക്കാരുടെ പാതയിലൂടെ സഞ്ചരിക്കുന്നതും ട്രാഫിക് സിഗ്നലുകൾ അവഗണിച്ച് ഹൈവേകളിൽ സൈക്കിളും ഇ–സ്കൂട്ടറുകളും ഉപയോഗിക്കുന്നതും കാണാം. ഇ-സ്‌കൂട്ടറുകൾ റജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി മാർച്ചിൽ ദുബായ് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഇ-സ്കൂട്ടറിനെ തിരിച്ചറിയുന്ന നമ്പർ പ്ലേറ്റോ യുണീക് ഐഡിയോ ഉണ്ടായിരിക്കണമെന്നാണ് നിർദ്ദേശം.  

English Summary:

Dubai police seized 640 bicycles and e-scooters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com