നീളവും സൗകര്യങ്ങളും കൂട്ടി ഹത്ത സൈക്കിൾ, സ്കൂട്ടർ ട്രാക്ക്
Mail This Article
ദുബായ് ∙ ഹത്തയിൽ സൈക്കിൾ, ഇ– സ്കൂട്ടർ യാത്രക്കാർക്കായി 4.5 കിലോമീറ്റർ നീളത്തിൽ പുതിയ ട്രാക്കിന്റെ നിർമാണം ആർടിഎ പൂർത്തിയാക്കി. ഇതോടെ സൈക്കിൾ – സ്കൂട്ടർ ട്രാക്കിന്റെ ആകെ നീളം 13.5 കിലോമീറ്ററായി.
പുതിയതായി കൂട്ടിച്ചേർത്ത ട്രാക്കിനൊപ്പം രണ്ട് വിശ്രമ മുറികളും നിർമിച്ചു. ഒപ്പം 2.2 കിലോമീറ്റർ നീളമുള്ള നടപ്പാതയും നിർമിച്ചു. വാദി ലീം തടാകത്തിന്റെ കരയിൽ 135 വാഹനങ്ങൾക്കു പാർക്കിങ് സൗകര്യവും ഏർപ്പെടുത്തി. ഹത്തയിലേക്കുള്ള യാത്രക്കാർക്കായി കൂടുതൽ ദിശാസൂചികകളും ഗതാഗത സൈൻ ബോർഡുകളും സ്ഥാപിച്ചു.
വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ ഹത്തയുടെ വളർച്ച കണക്കിലെടുത്തു വിവിധ തലത്തിലുള്ള വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് ആർടിഎ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ ഹുൈസൻ അൽ ബന്ന പറഞ്ഞു. പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതയും പാരിസ്ഥിതിക, സാംസ്കാരിക വൈവിധ്യവും ഹത്തയ്ക്ക് കൂടുതൽ സ്വീകാര്യത നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹത്ത കമ്യൂണിറ്റി സെന്ററിന്റെ പിൻഭാഗത്തു നിന്നാണ് പുതിയ സൈക്കിൾ ട്രാക്ക് ആരംഭിക്കുന്നത്. ലീം ലേക്കിലെ നടപ്പാലത്തിലൂടെ വാദി ഹത്താ പാർക്കിലെ ട്രാക്കുമായി ചേരും.
സൈക്കിൾ സൗഹൃദ നഗരം
പുതിയ ട്രാക്ക് ഹത്ത ഗെസ്റ്റ് ഹൗസ് മേഖലയെയും ഹത്ത പൊലീസ് റൗണ്ട് എബൗട്ടിനെയും ബന്ധിപ്പിക്കും. പുതിയ പാത ഹത്ത സ്പോർട്സ് ക്ലബ് വരെ നീളും. ജനങ്ങളെ വ്യായാമത്തിനു പ്രോൽസാഹിപ്പിക്കുന്നതിനൊപ്പം ഇ–സ്കൂട്ടർ പോലുള്ള വ്യക്തിഗത വാഹനങ്ങൾ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.
ഇതുവഴി സൈക്കിൾ സൗഹൃദ നഗരമെന്ന പദവി ദുബായ്ക്ക് ഉറപ്പിക്കാനാവുമെന്നും ബന്ന പറഞ്ഞു. ഹത്ത സൂഖ് റൗണ്ട് എബൗട്ടിന്റെ നിർമാണവും ആർടിഎ പൂർത്തിയാക്കി. സൂഖിൽ നിന്ന് ദുബായ് – ഹത്ത റോഡിലേക്കുള്ള പ്രവേശനം ഇതുവഴി കൂടുതൽ എളുപ്പമാക്കി. യാത്രാ ദൂരത്തിൽ 60% ലാഭം ഇതുവഴി ഉണ്ടാകുമെന്നാണ് കണക്കു കൂട്ടൽ.