ഹരിത സമ്പദ് വ്യവസ്ഥയിൽ 180 ബില്യൻ ഡോളർ നിക്ഷേപവുമായി സൗദി
Mail This Article
റിയാദ് ∙ ഹരിത സമ്പദ് വ്യവസ്ഥയിൽ 180 ബില്യൻ ഡോളർ നിക്ഷേപിക്കാനൊരുങ്ങി സൗദി. പുനരുപയോഗ ഊർജത്തിൽ മാതൃകാപരമായ മുന്നേറ്റം നടത്താനാണ് രാജ്യം ലക്ഷ്യംവയ്ക്കുന്നത്. നിലവിൽ 80-ലധികം സംരംഭങ്ങളിലൂടെ ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ രാജ്യം നിർണായക പങ്ക് വഹിക്കുന്നുണ്ട്.
ന്യൂയോർക്ക് സിറ്റിയിൽ നടന്ന സുസ്ഥിര വികസനത്തെക്കുറിച്ചുള്ള 2024 ലെ യുണൈറ്റഡ് നേഷൻസ് ഉന്നത തല പൊളിറ്റിക്കൽ ഫോറത്തിലെ പ്രസംഗത്തിനിടെയാണ് സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസൽ അൽ ഇബ്രാഹിം ഇക്കാര്യം വിശദമാക്കിയത്. കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകളെ പുരോഗതിയിലേക്ക് നയിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സംവിധാനം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി വിശദീകരിച്ചു.
വിഷൻ 2030 ന്റെ സാധ്യത, സമ്പദ്‌വ്യവസ്ഥയുടെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്ന ഒരു സമീപനം എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സുസ്ഥിര പുരോഗതിയെ ആശ്രയിച്ചാണ് പൊതു ജീവിത നിലവാരമെന്നും അദ്ദേഹം പറഞ്ഞു. നഗരങ്ങൾ സ്വമേധയാ അവരുടെ പ്രാദേശിക അവലോകനങ്ങൾ പ്രസിദ്ധീകരിക്കുകയും എല്ലാ സാമൂഹിക സംഘങ്ങളിലേക്ക് എത്തിച്ചേരുന്നതിനായ് സുസ്ഥിരമായ രീതികൾ സമന്വയിപ്പിക്കുകയും ചെയ്യുന്നു. പ്രാദേശികമായി സുസ്ഥിരത പ്രോത്സാഹിപ്പിക്കാനാണ് രാജ്യം പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.