ഖത്തർ എയർവേസ് ബിസിനസ് ക്ലാസിന് പുതിയ മുഖം: ‘ക്യു സ്യൂട്ട് നെക്സ്റ്റ് ജെൻ’ ഉടൻ
Mail This Article
ദോഹ ∙ പ്രമുഖ വിമാന കമ്പനിയായ ഖത്തർ എയർവേസ് ബിസിനസ് ക്ലാസ് യാത്രക്കാർക്ക് പുത്തൻ അനുഭവം സമ്മാനിക്കാൻ ഒരുങ്ങുന്നു. ‘ക്യു സ്യൂട്ട് നെക്സ്റ്റ് ജെൻ’ എന്ന പേരിലാണ് പുതിയ സംവിധാനങ്ങൾ കമ്പനി അവതരിപ്പിക്കുന്നത്. കൂടുതൽ സൗകര്യങ്ങളും ആധുനികതയും വാഗ്ദാനം ചെയ്യുന്ന ഈ സംവിധാനങ്ങളുടെ വിശദാംശങ്ങൾ ജൂലൈ 22 മുതൽ 26 വരെ ബ്രിട്ടനിലെ ഫാൻബറോയിൽ നടക്കുന്ന രാജ്യന്താര എയർഷോയിൽ പ്രഖ്യാപിക്കും.
ഈ വർഷവും ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസിനുള്ള സ്കൈട്രാക്സ് പുരസ്കാരം ഖത്തർ എയർവേസിന് സ്വന്തമാണ്. യാത്രയുടെ സുഖം വർധിപ്പിക്കുന്ന പുതിയ സംവിധാനങ്ങളുടെ രൂപരേഖകൾ കമ്പനി പുറത്തുവിട്ടിട്ടില്ല. എയർലൈൻ വ്യവസായ രംഗത്ത് വലിയ മാറ്റങ്ങൾക്ക് ‘ക്യു സ്യൂട്ട് നെക്സ്റ്റ് ജെൻ’ കാരണമാകുമെന്ന് ഖത്തർ എയർവേസ് ഗ്രൂപ്പ് സി.ഇ.ഒ. പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവിൽ 170 ൽ അധികം റൂട്ടുകളിലേക്ക് സർവീസ് നടത്തുന്ന ഖത്തർ എയർവേസ് കൂടുതൽ സൗകര്യങ്ങൾ വാഗ്ദാനം ചെയ്ത് വ്യോമയാന മേഖലയിലെ ആധിപത്യം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്.