മക്കളെ സ്കൂളിൽ പഠിക്കാൻ പോലും വിടാൻ സാധിക്കാതെ മലയാളി കുടുംബം ഷാർജയിലെ ഒറ്റമുറി താമസയിടത്ത് പ്രതിസന്ധിയിൽ.

മക്കളെ സ്കൂളിൽ പഠിക്കാൻ പോലും വിടാൻ സാധിക്കാതെ മലയാളി കുടുംബം ഷാർജയിലെ ഒറ്റമുറി താമസയിടത്ത് പ്രതിസന്ധിയിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മക്കളെ സ്കൂളിൽ പഠിക്കാൻ പോലും വിടാൻ സാധിക്കാതെ മലയാളി കുടുംബം ഷാർജയിലെ ഒറ്റമുറി താമസയിടത്ത് പ്രതിസന്ധിയിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ മക്കളെ സ്കൂളിൽ പഠിക്കാൻ പോലും വിടാൻ സാധിക്കാതെ മലയാളി കുടുംബം ഷാർജയിലെ ഒറ്റമുറി താമസയിടത്ത് പ്രതിസന്ധിയിൽ. കാസർകോട് ബേക്കൽ സ്വദേശികളാണ് ഷാർജയിൽ സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്നത്. 13 വർഷം മുൻപ് യുഎഇയിലെത്തിയ ഈ കുടുംബം നിലവിൽ താമസിക്കുന്ന മുറിയുടെ വാടക പോലും കൊടുക്കാൻ കഴിയാത്തതിനാൽ ഏത് നിമിഷവും ഇറക്കിവിടുമെന്ന ഭീതിയിലാണ് കഴിയുന്നത്. പറക്കമുറ്റാത്ത രണ്ട് പെൺകുട്ടികളടക്കമുള്ള ഈ കുടുംബം പലപ്പോഴും ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് നേരിടുകയാണ്. 

മിർദിഫിലെ ഒരു അറബിക് സ്കൂളിൽ ബസ് അറ്റൻഡറായി ജോലി ലഭിച്ചതിനെ തുടർന്ന് ആദ്യം ഭാര്യ ജയശ്രീ(48)യാണ് യുഎഇയിലെത്തിയത്. ഒരു മാസം കഴിഞ്ഞ് ഭർത്താവ് പ്രകാശു(51)മെത്തി. ഈ സ്കൂളിൽ നിന്ന് 2 വർഷത്തിന് ശേഷം ജെംസ് ലെഗസി സ്കൂളിൽ ജയശ്രീക്ക് ജോലി ലഭിച്ചു.

ചിത്രം : മനോരമ
ADVERTISEMENT

ഇതിനിടെ, ഭർത്താവ് ഒരു ബന്ധുവിനോടൊപ്പം ഗ്രോസറി ആരംഭിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതിനായി ജയശ്രീയുടെ ശമ്പളമടക്കം സമ്പാദ്യം മുഴുവൻ ചെലവഴിച്ചു. തുക തികയാതെ വന്നപ്പോൾ നാട്ടിൽ നിന്ന് പലിശയ്ക്ക് പണം വാങ്ങി നിക്ഷേപിച്ചു. ഇതോടെ താമസിച്ചിരുന്ന ഫ്ലാറ്റിന്‍റെ വാടക കൊടുക്കാൻ പോലും കഴിയാതായി. തുടർന്ന് കെട്ടിടയുടമ വാടക നൽകാത്തതിന് കേസ് നൽകി. ഇതുമൂലം ജയശ്രീക്ക് വീസ പുതുക്കാൻ കഴിഞ്ഞില്ല. എങ്കിലും 11 വർഷം ഇവിടെ ജോലി ചെയ്തു. പക്ഷേ, പിരിയുമ്പോൾ ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ലെന്ന് ജയശ്രീ മനോരമ ഓൺലൈനിനോട് പറഞ്ഞു.

ഇവർ താമസിക്കുന്ന ഷാർജ അൽ നഹ്ദയിലെ ഒരു ഗ്രോസറിയിലാണ് ഭർത്താവ് ഇപ്പോൾ ജോലി ചെയ്യുന്നത്. പ്രകാശിന് ലഭിക്കുന്ന 1200 ദിർഹം ശമ്പളത്തിൽ നിന്ന് വലിയൊരു തുക വീസ ചെലവെന്ന പേരിൽ കടയുടമ എടുക്കുന്നു.  തൊട്ടടുത്ത് എവിടെയെങ്കിലും പാചക ജോലിയും മറ്റും ചെയ്ത് കിട്ടുന്ന തുക കൊണ്ടാണ് ഇത്രയും കാലം വാടക കൊടുത്തിരുന്നത്. എന്നാൽ അടുത്തിടെ നടുവേദന വന്ന് കുനിയാൻ പറ്റാത്തതിനാൽ ജോലിക്കൊന്നും പോകാനാകുന്നില്ല. അതുകൊണ്ട് തന്നെ ഒരു മാസത്തെ ഫ്ലാറ്റ് വാടകയും ജല–വൈദ്യുതി ബില്ലുമടക്കം 2000 ദിർഹം നൽകാനുണ്ട്. ഇത് കൊടുക്കാത്തതിനാൽ എത്രയും പെട്ടെന്ന് മുറിയൊഴിയണമെന്നാണ് നടത്തിപ്പുകാരനായ പാക്കിസ്ഥാനി ആവശ്യപ്പെട്ടിട്ടുള്ളത്.

ADVERTISEMENT

മക്കളുടെ വിദ്യാഭ്യാസവും പ്രതിസന്ധിയിലാണ്. 10 വയസ്സുള്ള മൂത്ത കുട്ടി നാട്ടിൽ നിന്നുള്ള ഒരു ഓൺലൈൻ ക്ലാസിൽ കുറച്ചുകാലം പഠിച്ചു, അഞ്ചാം ക്ലാസ് പരീക്ഷയും എഴുതി. എന്നാൽ ഫീസ് നൽകാനാകാത്തതിനാൽ തുടർ ക്ലാസിലെ ഓൺലൈൻ പഠനത്തിന് അനുവദിക്കില്ലെന്ന് ഓൺലൈൻ സ്ഥാപന അധികൃതർ പറഞ്ഞു.  5 വയസ്സുള്ള ഇളയ കുട്ടി ഇതുവരെ സ്കൂളിൽ പോയിട്ടില്ല. വീട്ടിൽ അമ്മയും മൂത്ത സഹോദരിയും ചേർന്നാണ് ഇളയകുട്ടിയെ അക്ഷരങ്ങൾ പഠിപ്പിക്കുന്നത്.

ചിത്രം : മനോരമ

ജയശ്രീയുടെ വീസ കാലാവധി കഴിഞ്ഞിട്ട് 2 വർഷവും മൂത്ത മകളുടെ വീസ കാലാവധി കഴിഞ്ഞിട്ട് 5 വർഷവുമായി. ഇളയ കുട്ടിക്ക് പാസ്പോർട്ട് ഉണ്ടെങ്കിലും വീസ എടുക്കാൻ കഴിഞ്ഞിട്ടില്ല.

ADVERTISEMENT

∙ നാട്ടിൽ പോയിട്ട് 9 വർഷം; അമ്മ ബന്ധുവീട്ടിൽ
ഈ കുടുംബം നാട്ടിൽ പോയിട്ട് 9 വർഷമായിരിക്കുന്നു. മൂത്ത മകൾക്ക് 2 വയസ്സുള്ളപ്പോഴായിരുന്നു അവസാനമായി പോയത്. ഇളയ കുട്ടിയെ ബന്ധുക്കളാരും നേരിട്ട് കണ്ടിട്ടില്ല. നാട്ടിൽ ജയശ്രീക്ക് അമ്മയും അനുജനും മാത്രമേയുള്ളൂ. കടബാധ്യതകൾ വന്നപ്പോൾ ഉണ്ടായിരുന്ന വീട് വിറ്റു. ഇപ്പോൾ രോഗിയായ അമ്മ ബന്ധു വീട്ടിലാണ് കഴിയുന്നത്. ദുരിതത്തിലായതിനെ തുടര്‍ന്ന് ബന്ധുക്കളാരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ജയശ്രീ പറഞ്ഞു.

പ്രശ്നങ്ങൾ തീർക്കാൻ 2,500 ദിർഹം നൽകി ചതിയിൽപ്പെട്ടു
ഇടയ്ക്ക് വീസ അടിച്ചുതരാമെന്ന് പറഞ്ഞ് ദുബായിലെ ഒരു സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ 2,500 ദിർഹം കൈക്കലാക്കിയതായി ജയശ്രീ പരാതിപ്പെട്ടു. ജോലി ചെയ്തും മറ്റുപലരും സഹായിച്ച തുക സ്വരുക്കൂട്ടിവച്ചായിരുന്നു നൽകിയത്. എന്നാൽ, പിന്നീട് ഇതേക്കുറിച്ച് പണം വാങ്ങിയയാൾ ഒന്നും പറയാൻ കൂട്ടാക്കുന്നില്ല. കിലോ മീറ്ററുകളോളം നടന്ന് കാര്യമന്വേഷിക്കാൻ ഒട്ടേറെ തവണ ഖിസൈസിലെ സ്ഥാപനത്തിലെത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ലെന്ന് ജയശ്രീ പറഞ്ഞു.

∙ 2 വാടക കേസുകൾ; 69,000 ദിർഹം ബാധ്യത; നാട്ടിൽ 80 ലക്ഷത്തോളം
നാട്ടിൽ പലരിൽ നിന്നായി പലിശയിനത്തില്‍ വാങ്ങിയ വൻ തുകയും ജയശ്രീയുടെ ശമ്പളത്തിൽ നിന്ന് എടുത്തുമാണ് പ്രകാശും ബന്ധുവും ചേർന്ന് ഗ്രോസറി തുടങ്ങിയത്. എന്നാൽ ഈ സംരംഭം വിചാരിച്ച പോലെ വിജയമായില്ല. ഇതോടെ കടം കുന്നൂടി ഒടുവിൽ ഗ്രോസറി ഉപേക്ഷിക്കേണ്ടിവന്നു. നിലവിൽ നേരത്തെ താമസിച്ച 2 ഫ്ലാറ്റുകളുടെ വാടക കുടിശ്ശികയിനത്തിൽ 69,000 ദിർഹവും നാട്ടിൽ 80 ലക്ഷം രൂപയും നൽകാനുണ്ടെന്ന് ജയശ്രീ പറഞ്ഞു. 

∙ കാസർകോടൻ സംഘടനകളും ഷാർജ ഇന്ത്യൻ അസോസിയേഷനുമറിയാൻ
ഞാൻ ഏത് നരകത്തിലും ജീവിക്കാൻ തയ്യാറാണ്. പക്ഷേ, മക്കളുടെ ഭാവിയോർത്താണ് ഏറ്റവും സങ്കടം. വിവാഹം കഴിഞ്ഞ് 12 വർഷം കഴിഞ്ഞാണ് മൂത്ത മകൾ ജനിച്ചത്. ഞങ്ങൾ കാരണം മക്കൾക്ക് അവരുടെ അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് ആലോചിക്കുമ്പോൾ ദുഃഖമടക്കാൻ കഴിയുന്നില്ല. വീസ ഇല്ലാത്തതിനാൽ സ്കൂളിൽ ചേർക്കാൻ പോലുമാകുന്നില്ല. 

ഭർത്താവിന് ശമ്പളം കൃത്യമായി ലഭിക്കുന്നില്ല. ചോദിക്കുമ്പോൾ പത്തോ ഇരുപതോ ദിർഹമാണ് ഉടമ നൽകുന്നത്. നിത്യവൃത്തിക്ക് പലപ്പോഴും പ്രതിസന്ധി നേരിടുന്നു. ഇടയ്ക്ക് അക്കാഫ് ഇവന്റ്സിന്‍റെ നേതൃത്വത്തിൽ ഭാരവാഹികളായ ബിന്ദു, രഞ്ജിത് കോടോത്ത് തുടങ്ങിയവർ ഭക്ഷണസാധനങ്ങൾ എത്തിക്കുന്നതുകൊണ്ട് പലപ്പോഴും പട്ടിണിയില്ലാതെ കഴിയാൻ സാധിക്കുന്നു. കാസർകോട്ടെ ഒട്ടേറെ സാമൂഹിക സംഘടനകൾ യുഎഇയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നറിയാം. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ്  കാസർകോട്ടുകാരനായ നിസാർ തളങ്കര ഇന്ത്യക്കാരുടെ ക്ഷേമത്തിൽ സജീവമായി ഇടപെടുന്നുണ്ടെന്നും അറിയാൻ സാധിച്ചു. ഇവരുടെയെല്ലാം ഭാഗത്ത് നിന്ന് എന്തെങ്കിലും സഹായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ.
ബന്ധപ്പെടേണ്ട നമ്പർ:+971 544969843 (ബിന്ദു).

English Summary:

A Malayali Family Living in Sharjah with Two Girls in Single Room