രാജ്യാന്തര സഞ്ചാരികളിൽ കുതിച്ച് ദുബായ്; ആദ്യ ആറ് മാസത്തിനിടെ മാത്രം 93.1 ലക്ഷം പേർ
ദുബായ് ∙ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെക്കാൾ കുതിപ്പുമായി ദുബായ്.
ദുബായ് ∙ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെക്കാൾ കുതിപ്പുമായി ദുബായ്.
ദുബായ് ∙ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെക്കാൾ കുതിപ്പുമായി ദുബായ്.
ദുബായ് ∙ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെക്കാൾ കുതിപ്പുമായി ദുബായ്. വർഷത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോൾ 93.1 ലക്ഷം സഞ്ചാരികളാണ് മധ്യപൂർവ ദേശത്തിന്റെ വിനോദ സഞ്ചാര തലസ്ഥാനത്തു വന്നുപോയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9% വർധന. കഴിഞ്ഞ വർഷം 1.71 കോടി പേരാണ് ദുബായ് സന്ദർശിച്ചത്. ഇപ്പോഴത്തെ ട്രെൻഡിൽ കഴിഞ്ഞ വർഷത്തെക്കാൾ സഞ്ചാരികളെത്തുമെന്നാണ് ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസത്തിന്റെ അർധവാർഷിക റിപ്പോർട്ടിലുള്ളത്.
രാജ്യാന്തര സഞ്ചാരികളുടെ ഇഷ്ട ഇടമായി ദുബായ് തുടരുന്നു എന്നതിന്റെ സൂചനയാണിതെന്ന് ദുബായ് കിരീടാവകാശിയും യുഎഇ പ്രതിരോധമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന നഗരമായി ദുബായ് വളരുകയാണ്. ലോകവ്യാപകമായി രാജ്യങ്ങളുമായി ദുബായ് കാത്തുസൂക്ഷിക്കുന്ന ബന്ധവും പൊതു – സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നഗരത്തിന്റെ ഉൽപാദന ക്ഷമത വർധിപ്പിക്കാനായതും കരുത്തേകുന്നു. എല്ലാവർഷവും ആഗോള ടൂറിസം ഭൂപടത്തിൽ ദുബായ് ഒന്നാം സ്ഥാനത്തു മുന്നേറുകയാണ്.
∙ തുടർച്ചയായ അംഗീകാരങ്ങൾ
ട്രിപ് അഡ്വൈസർ ട്രാവലേഴ്സ് ചോയ്സ് അവാർഡ് തുടർച്ചയായി മൂന്നാം വർഷവും ദുബായ് നിലനിർത്തി. വേൾഡ് ട്രാവൽ അവാർഡിൽ മധ്യപൂർവ ദേശത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രം എന്ന നേട്ടവും ദുബായിക്കാണ്. ദുബായ് രാജ്യാന്തര വിമാനത്താവളം മധ്യപൂർവ ദേശത്തെ മികച്ച വിമാനത്താവളത്തിനുള്ള അവാർഡും മിന റാഷിദിനു മികച്ച ക്രൂസ് പോർട്ടിനുള്ള അവാർഡും ലഭിച്ചതും ഗുണം ചെയ്തു. പൊതു – സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ, ഉദാര വീസ നിയമം, മികവിനും വളർച്ചയ്ക്കുമായി പുതിയ പുതിയ മാർഗങ്ങൾ തേടിയതുമെല്ലാം ടൂറിസം വളർച്ചയ്ക്കു കാരണമായി. വ്യാപാര ആവശ്യങ്ങൾക്കുള്ള സന്ദർശകരുടെ വരവും നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ വളർച്ച, ലോകത്തിലെ മികച്ച പ്രതിഭകൾ വിവിധ തൊഴിൽ മേഖലയിലേക്ക് എത്തിയത് എന്നിവയും നേട്ടമായി.
∙ യൂറോപ്യൻ സന്ദർശകർ മുന്നിൽ
ആകെ സന്ദർശകരിൽ 20% പടിഞ്ഞാറൻ യൂറോപ്പിൽ നിന്നുള്ളവരാണ്. 6 മാസത്തിനകം 18.9 ലക്ഷം പേർ യൂറോപ്പിൽ നിന്ന് എത്തി. ഇന്ത്യ ഉൾപ്പെടുന്ന തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 16.2 ലക്ഷം (17%) പേരാണ് സന്ദർശകർ. ജിസിസി രാജ്യങ്ങളിൽ നിന്ന് 12.7 ലക്ഷം പേരും (14%) മധ്യപൂർവ ദേശം നോർത്ത് ആഫ്രിക്ക മേഖലയിൽ നിന്ന് 10.9 ലക്ഷം പേരും (12%) ദുബായിലെത്തി. കിഴക്കൻ യൂറോപ്പിൽ നിന്ന് 13.7 ലക്ഷം പേർ (15%). ചൈനയിൽ നിന്നുള്ളവരുടെ വരവും ഈ വർഷം വർധിച്ചു. സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 8.96 ലക്ഷം പേർ ഇവിടെയെത്തി. അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് 6.17 ലക്ഷം പേരും ആഫ്രിക്കയിൽ നിന്ന് 4.04 ലക്ഷം പേരും ഓസ്ട്രേലിയയിൽ നിന്ന് 1.54 ലക്ഷം പേരും ദുബായ് സന്ദർശിച്ചു.
∙ ഹോട്ടലുകൾ
മികച്ച ഹോട്ടലുകളും താമസ സൗകര്യവുമാണ് സന്ദർശകരെ ആകർഷിക്കുന്ന ഒന്നാമത്തെ ഘടകം. ഈ വർഷം ആദ്യം ഏതാനും പഞ്ചനക്ഷത്ര ഹോട്ടലുകൾ കൂടി തുറന്നതും നേട്ടമായി. ഡോചെസ്റ്റയുടെ ദ് ലാന, സിറോ വൺ സബീൽ, ദുബായ് ക്രീക് ഹിൽട്ടൺ എന്നിവയാണ് പുതിയ ഹോട്ടലുകൾ. ദുബായുടെ താമസമേഖല കൂടുതൽ ഗ്ലാമറോടെ മുന്നേറുമെന്നാണ് വിപണി സൂചിപ്പിക്കുന്നത്. വർഷം അവസാനിക്കും മുൻപ് കൂടുതൽ ഹോട്ടലുകൾ ഉദ്ഘാടനം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ 6 മാസങ്ങളിൽ ഹോട്ടലുകളിലെ ശരാശരി താമസക്കാരുടെ എണ്ണം 78.7 ശതമാനമായിരുന്നു. ശരാശരി മുറി വാടക 558 ദിർഹവും. ലഭ്യമായ മുറികളുടെ എണ്ണം 1.5 ലക്ഷമായി. ഹോട്ടലുകളുടെ എണ്ണം 823 ആയി. ദുബായ് പാർക്സ് ആൻഡ് റിസോർട്ടിൽ സ്പാനിഷ് ഫുട്ബോൾ ക്ലബ്ബായ റയൽ മാഡ്രിഡ് ആരംഭിച്ച തീം പാർക്കാണ് പുതിയ ആകർഷണം.
രാജ്യാന്തര സമ്മേളനം വേദി
വ്യാപാര, വിനോദ, കായിക മേഖലയിലെ ഒട്ടേറെ രാജ്യാന്തര പരിപാടികൾക്ക് വേദിയാകുന്നതും ദുബായ് വിനോദ സഞ്ചാരത്തിന്റെ മാറ്റു കൂട്ടി. ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ, ചൈനീസ് പുതുവർഷ ആഘോഷം, റമദാൻ ഇൻ ദുബായ്, ഈദ് ഇൻ ദുബായ്, ദ് ഗ്രേറ്റ് ഓൺലൈൻ സെയിൽ, ദുബായ് ഫുഡ് ഫെസ്റ്റിവൽ എന്നിവ ആദ്യ 6 മാസങ്ങളിൽ ദുബായ് നഗരത്തെ സജീവമാക്കിയ ആഘോഷങ്ങളിൽ ചിലതു മാത്രം. കടുത്ത ചൂടിലും ദുബായ് സമ്മർ സർപ്രൈസ് പുരോഗമിക്കുകയാണ്. വേനലിലും തിരഞ്ഞെടുക്കാവുന്ന വിനോദ സഞ്ചാര കേന്ദ്രമായി മാറുകയാണ് ദുബായുടെ പുതിയ ലക്ഷ്യം.
എല്ലാവർക്കും സ്വാഗതം
ഭിന്നശേഷി സൗഹൃദ ചട്ടങ്ങൾ പാലിച്ചാണ് ഓരോ വിനോദ സഞ്ചാര കേന്ദ്രത്തിന്റെയും രൂപകൽപന. ബുർജ് ഖലീഫയിലും ദുബായ് മാളിലും ജുമൈറ ബീച്ചിലും ഭിന്നശേഷിക്കാർക്ക് കടന്നുചെല്ലാം. ഓട്ടിസം ബാധിതർക്ക് സന്ദർശിക്കാവുന്ന ടൂറിസം കേന്ദ്രമെന്ന പദവിയും ദുബായിക്കുണ്ട്. സർട്ടിഫൈഡ് ഓട്ടിസം ഡെസ്റ്റിനേഷൻ എന്നതാണ് ദുബായിക്ക് ലഭിച്ച പദവി.