മൂന്ന് കിലോമീറ്റർ മലകൾക്കിടയിലൂടെ ചീറി പറക്കാം; ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ്‌ലൈനായി 'ജൈസ് ഫ്ലൈറ്റ്’
റാസൽഖൈമ ∙ ജബൽ ജൈസിലെ 2 മലകൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്ന സിപ്‌ലൈൻ ഇനി മുതൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ്‌ലൈനായി അറിയപ്പെടും.
റാസൽഖൈമ ∙ ജബൽ ജൈസിലെ 2 മലകൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്ന സിപ്‌ലൈൻ ഇനി മുതൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ്‌ലൈനായി അറിയപ്പെടും.
റാസൽഖൈമ ∙ ജബൽ ജൈസിലെ 2 മലകൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്ന സിപ്‌ലൈൻ ഇനി മുതൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ്‌ലൈനായി അറിയപ്പെടും.
റാസൽഖൈമ ∙ ജബൽ ജൈസിലെ 2 മലകൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്ന സിപ്‌ലൈൻ ഇനി മുതൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ സിപ്‌ലൈനായി അറിയപ്പെടും. 3 കിലോമീറ്റർ നീളമുള്ള ‘ജൈസ് ഫ്ലൈറ്റ്’ സിപ്‌ലൈൻ ലോക റെക്കോർഡിട്ട് ഗിന്നസ് ബുക്കിൽ ഇടംനേടി. 1,930 മീറ്റർ ഉയരമുള്ള ജബൽ ജൈസ് മലയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന സിപ്‌ലൈൻ സാഹസിക വിനോദസഞ്ചാരകേന്ദ്രമായ ജൈസ് അഡ്വഞ്ചർ പാർക്കിൽ നിന്നാണ് തുടങ്ങുന്നത്.
സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അവരുടെ ആകാശയാത്രയ്ക്കു മുന്നോടിയായി, കയ്യിൽ കരുതിയിരിക്കുന്ന എല്ലാ ‘ഭാരവും’ ഇവിടെ സൂക്ഷിക്കാം. തുടർന്ന്, നേർത്ത കമ്പിയിൽ തൂങ്ങി അടുത്ത മലയിലേക്കു ‘പറക്കാം’. 3 കിലോമീറ്റർ യാത്രയിൽ ഒരു പക്ഷിയെ പോലെ ഭാരമില്ലാതെ നമ്മൾ ചീറി പറക്കും. എന്നാൽ, ഉയരം പേടിയുള്ളവർക്കും അപകടങ്ങളെക്കുറിച്ചോർത്ത് ആധി കൂട്ടുന്നവർക്കും പറ്റിയതല്ല ഈ സാഹസികത.
ഈ യാത്രയിൽ നിങ്ങളെ താങ്ങാനുള്ളത് ചെറിയ കമ്പനിയും അതിൽ നിങ്ങളുടെ ശരീരം തൂക്കിയിടുന്ന കൊളുത്തും മാത്രമാണുള്ളത്. എല്ലാ ഭയവും മാറ്റിവച്ച് പറക്കാൻ തീരുമാനിച്ചാൽ, ആകാശത്തിന്റെയും ഭൂമിയുടെയും ഇന്നോളം അനുഭവിക്കാത്ത ഭംഗി ആസ്വദിക്കാം. ഒരു മലയിൽ നിന്ന് അടുത്ത മലയിലേക്ക് ആകാശത്തിലൂടെ പായുന്ന മനുഷ്യരെ കാണുന്നതു പോലും അൽപം സാഹസം നിറഞ്ഞ കാഴ്ചയാണ്. ജബൽ ജൈസിലെ ഏറ്റവും ഉയരമുള്ള കുന്നിലാണ് സിപ്‌ലൈനിന്റെ തുടക്കം. അവിടെ നിന്ന് 3 കിലോമീറ്റർ അകലെയുള്ള കുന്നിലാണ് ലാൻഡിങ് പോയിന്റ്. സിപ്‌ലൈൻ യാത്രയ്ക്ക് പ്രായപരിധിയില്ല. പക്ഷേ, കുറഞ്ഞത് 40 കിലോയെങ്കിലും ഭാരം വേണം. അതേസമയം, ഭാരം 120 കിലോയിൽ കൂടാനും പാടില്ല. പറക്കുന്നവരുടെ ഉയരം ഏറ്റവും കുറഞ്ഞത് 122 സെന്റിമീറ്ററാണ്.
സുരക്ഷാ വസ്ത്രങ്ങൾ ധരിച്ചാൽ, ‘സൂപ്പർമാനെ’ പോലെ നിൽക്കാം. ശരീരം നേരെയാക്കി മുന്നോട്ടു പറക്കാൻ തയാറാവണം. തൂങ്ങി കിടക്കാനോ വളഞ്ഞു കിടക്കാനോ പാടില്ല. 3 കിലോമീറ്റർ ദൂരം താണ്ടാൻ വെറും 2 മിനിറ്റു മതി. വായുവിനെ കീറിമുറിച്ച് നമ്മൾ പറക്കും. ലാൻഡിങ് സ്ഥലം പൂർണമായും ചില്ലുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ആകാശത്തു തന്നെ വന്നിറങ്ങിയ ഒരു പ്രതീതിയുണ്ടാക്കുന്നതാണ് ഈ ഗ്ലാസ് പ്ലാറ്റ്ഫോം. സാഹസിക വിനോദസഞ്ചാര മേഖലയിൽ വർഷങ്ങളുടെ പ്രവൃത്തി പരിചയമുള്ളവരാണ് ഇവിടെ സിപ്‌ലൈൻ പ്രവർത്തിപ്പിക്കുന്നത്. എല്ലാ ദിവസവും ലൈനിന്റെ സുരക്ഷ പരിശോധിച്ച് ഉറപ്പാക്കുന്നുണ്ട്. സിപ്‌ലൈൻ ലോക റെക്കോർഡ് നേടിയതോടെ സാഹസിക വിനോദസഞ്ചാരത്തിനായി കൂടുതൽ ആളുകൾ റാസൽഖൈമയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.