യുഎഇയിൽ മത്സ്യ വില കുതിക്കുന്നു; മത്തി 20 ദിർഹം കടന്നു, മലയാളികളുടെ പ്രിയപ്പെട്ട മീനുകൾക്ക് വില വർധിച്ചു
ദുബായ് ∙ കൊടുംചൂടിൽ മത്സ്യബന്ധനം കുറഞ്ഞതോടെ മലയാളികളുടെ പ്രിയപ്പെട്ട മീനുകൾക്ക് വില പലമടങ്ങു കൂടി.
ദുബായ് ∙ കൊടുംചൂടിൽ മത്സ്യബന്ധനം കുറഞ്ഞതോടെ മലയാളികളുടെ പ്രിയപ്പെട്ട മീനുകൾക്ക് വില പലമടങ്ങു കൂടി.
ദുബായ് ∙ കൊടുംചൂടിൽ മത്സ്യബന്ധനം കുറഞ്ഞതോടെ മലയാളികളുടെ പ്രിയപ്പെട്ട മീനുകൾക്ക് വില പലമടങ്ങു കൂടി.
ദുബായ് ∙ കൊടുംചൂടിൽ മത്സ്യബന്ധനം കുറഞ്ഞതോടെ മലയാളികളുടെ പ്രിയപ്പെട്ട മീനുകൾക്ക് വില പലമടങ്ങു കൂടി. കിലോ 32 – 40 ദിർഹത്തിന് ലഭിച്ചിരുന്ന നെയ്മീൻ (അയക്കൂറ) 89 ദിർഹത്തിലേക്ക് ഉയർന്നു. ചെറിയ നെയ്മീന് പോലും 40 ദിർഹത്തിനടുത്താണ് വില. മുഴുവനായി വാങ്ങുകയും വേണം. അര – ഒരു കിലോ കണക്കിൽ വാങ്ങുന്ന വലിയ മീനുകൾക്ക് 50 ദിർഹത്തിന് മുകളിലാണ് വില. മത്തി വില പോലും 20 ദിർഹം കടന്നു. മത്തിയുടെ വരവും കുറഞ്ഞു. പ്രാദേശികമായി മീൻപിടിത്തം കുറഞ്ഞതോടെ അയൽ രാജ്യങ്ങളിൽ നിന്നുള്ള മീനുകളും ഫാമുകളിൽ വളർത്തുന്ന മീനുകളുമാണ് ഇപ്പോൾ ചന്തകളിൽ ലഭിക്കുന്നത്. കൊടുംചൂടിൽ മീൻപിടിത്തം ദുഷ്കരമാണെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അന്തരീക്ഷ ഊഷ്മാവ് വർധിച്ചതോടെ പകൽ മീൻപിടിത്തം ഏതാണ്ട് പൂർണമായും നിലച്ചു. എല്ലാ മീനുകൾക്കും വില കൂടിയിട്ടുണ്ട്. ഷാർജ, ദുബായ് മാർക്കറ്റുകളിലും സൂപ്പർ മാർക്കറ്റുകളിലും മീനിന്റെ വില കേട്ടാൽ പൊള്ളും. മാർക്കറ്റുകളിലെ തിങ്ങി നിറഞ്ഞ മീൻ തട്ടുകൾ ഏറക്കുറെ ഒഴിഞ്ഞുകിടക്കുകയാണ്.
ദിവസവും ടൺ കണക്കിന് മീനുകൾ എത്തിയിരുന്ന തുറമുഖങ്ങളിൽ ഇപ്പോൾ ബോട്ടുകളുടെ എണ്ണം പരിമിതം. ലേലംവിളി തുടങ്ങുന്നതു തന്നെ ഉയർന്ന വിലയിലാണ്. അതുകൊണ്ടു തന്നെ പലരും മീൻ എടുക്കാതെ മടങ്ങുകയാണ്. മാർക്കറ്റിൽ എത്തുമ്പോൾ തന്നെ ഈ ശൂന്യത വ്യക്തമാകും. സ്വദേശികളുടെയും പ്രവാസികളുടെയും പ്രിയപ്പെട്ട ഹമൂർ ഇപ്പോൾ കിട്ടാനില്ല. 25 ദിർഹത്തിന് ലഭ്യമായിരുന്ന ഹമൂറിന്റെ വില കിലോ 60 ദിർഹവും കടന്നു കുതിക്കുന്നു. സാധാരണക്കാരന്റെ മീനായ ഷേരിയുടെ വിലയും കൂടി. 15 ദിർഹത്തിന് ലഭിച്ചിരുന്ന ഷേരിയുടെ വില 40 ദിർഹവും കടന്നു. ഗ്രില്ലുകളിലെ താരം സീ ബ്രീമിന്റെയും വില കുതിക്കുകയാണ്. 25 ദിർഹമായിരുന്നത് ഇപ്പോൾ 35 – 40 ആയി. സീ ബാസും ഇതേ വിലയ്ക്കാണ് ഇപ്പോൾ വിൽക്കുന്നത്.
കടുത്ത മീൻ ക്ഷാമം ഒരുവശത്തു നിൽക്കുമ്പോൾ മറുവശത്ത് കച്ചവടം കുത്തനെ ഇടിയുകയാണ്. ഉയർന്ന വില കാരണം മലയാളി കുടുംബങ്ങൾ പലരും മീൻ വേണ്ടെന്നു വച്ചു. ആരും വാങ്ങുന്നില്ലെന്ന പരാതിയാണ് കച്ചവടക്കാർക്ക്. കാലാവസ്ഥ മാറുന്നതു വരെ ഇതേ അവസ്ഥ തുടരുമെന്നാണ് മത്സ്യ ബന്ധന മേഖലയിലുള്ളവർ പറയുന്നത്. പ്രവാസികൾ വേനലവധിക്കു നാട്ടിൽ പോയതും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. വേനൽക്കാലത്ത് പൊതുവെ കച്ചവടം കുറയുമെന്നും അവർ പറഞ്ഞു.