ശമ്പളകുടിശ്ശികയും ആനുകൂല്യങ്ങളും നൽകിയില്ല; തൊഴിലാളിക്ക് തുണയായി അൽ ഐൻ കോടതി
Mail This Article
അൽ ഐൻ ∙ നാല് വർഷത്തിലേറെയായി ജോലി ചെയ്തതിന് ജീവനക്കാരന് ലഭിക്കാനുള്ള ശമ്പളകുടിശ്ശിക 14,453 ദിർഹം നൽകാൻ തൊഴിലുടമയ്ക്ക് ബാധ്യതയുണ്ടെന്ന് അൽ ഐൻ അപ്പീൽ കോടതി വിധിച്ചു. വാർഷികാവധി അലവൻസിന് 7,000 ദിർഹം, നോട്ടീസ് പിരീഡ് ഫീസിന് 3,000 ദിർഹം, എൻഡ് ഓഫ് സർവീസ് ഗ്രാറ്റുവിറ്റിയായി 4,590 ദിർഹം, 3 മാസത്തെ ശമ്പളം 9,000 ദിർഹം എന്നിവ ഉൾപ്പെടെ ആകെ 23,590 ദിർഹം നൽകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണിത്.
എന്നാൽ തുടർനടപടിയുടെ ഭാഗമായി അധികൃതർ തൊഴിലുടമയെ ബന്ധപ്പെട്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. അതിനാൽ പരാതിക്കാരന് വാർഷികാവധി അലവൻസിന് 1,125 ദിർഹത്തിനും സേവനാനന്തര ഗ്രാറ്റുവിറ്റിയായി 4,328 ദിർഹത്തിനും അർഹതയുണ്ടെന്ന് സ്ഥിരീകരിച്ച് കോടതി തീരുമാനം പുറപ്പെടുവിക്കുകയായിരുന്നു. മറ്റു ആനുകൂല്യങ്ങൾ തിരസ്കരിക്കുകയും ചെയ്തു.
3,000 ദിർഹമായിരുന്നു ജീവനക്കാരന്റെ പ്രതിമാസ ശമ്പളം. എന്നാൽ, നാല് വർഷത്തിലേറെ ജോലി ചെയ്ത ശേഷം തന്റെ സേവനം അവസാനിപ്പിച്ചതായി തൊഴിൽദാതാവ് അറിയിക്കുകയായിരുന്നുവെന്ന് ജീവനക്കാരൻ ബോധിപ്പിച്ചു. മൂന്ന് മാസത്തെ ശമ്പളം 9,000 ദിർഹം, കേസിന്റെ ഫീസും ചെലവും കൂടാതെ, 1,500 ദിർഹവും യാത്രാ ടിക്കറ്റ് അലവൻസും ലഭിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, പരാതിക്കാരൻ ജോലി ഉപേക്ഷിച്ചുവെന്നും ശമ്പളം വാങ്ങാൻ അയാൾക്ക് അർഹതയില്ലെന്നുമായിരുന്നു തൊഴിലുടമയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്. കോടതി ഇരു കക്ഷികളോടും അനുരഞ്ജനത്തിന് നിര്‍ദേശിക്കുകയും അവർ സമ്മതിക്കുകയും ചെയ്തു. എന്നാൽ ഒരു കക്ഷിയും അനുരഞ്ജന കരാർ സമർപ്പിച്ചില്ല. തൽഫലമായി വ്യവഹാരത്തിന്റെ ഫീസും ചെലവും കൂടാതെ 14,453 ദിർഹം ജീവനക്കാരന് നൽകാൻ കോടതി ഉത്തരവിട്ടു.