വിദേശയാത്ര: മെഡിക്കൽ പരിശോധനയുടെ പേരിൽ കൊള്ളയെന്ന് പരാതി
Mail This Article
തിരുവനന്തപുരം ∙ വിദേശത്തേക്കുള്ള മെഡിക്കൽ പരിശോധനയുടെ പേരിൽ പകൽക്കൊള്ളയെന്നു പരാതി. തലസ്ഥാനത്ത് 10 അംഗീകൃത മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിൽ പലതിലും തോന്നിയ നിരക്കാണ്. ഒമാനിലേക്കു പോകുന്നതിനു മുന്നോടിയായുള്ള പരിശോധനയ്ക്ക് തലസ്ഥാനത്തെ സ്വകാര്യ സ്ഥാപനം കൊട്ടാരക്കര സ്വദേശിയിൽ നിന്നു കഴിഞ്ഞ ദിവസം 8500 രൂപ ഈടാക്കി.
നേരത്തേ 4000 രൂപ വാങ്ങിയിരുന്ന സ്ഥാപനങ്ങളാണ് കഴിഞ്ഞ മാസം മുതൽ ഫീസ് കുത്തനെ ഉയർത്തിയതെന്നു സെൽഫ് എംപ്ലോയ്ഡ് ട്രാവൽ ഏജന്റ്സ് കേരള സംസ്ഥാന പ്രസിഡന്റ് സി.എം. ഷമീർ അലി ചൂണ്ടിക്കാട്ടി. സമാന പ്രശ്നം മറ്റിടത്തും ഉണ്ടെന്നും ഫീസ് നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ചൂണ്ടിക്കാട്ടി സംഘടന മുഖ്യമന്ത്രിക്കു പരാതി നൽകി. വീസ ലഭിക്കാനായി മെഡിക്കൽ പരിശോധനയ്ക്ക് സംസ്ഥാനത്ത് അൻപതിലധികം അംഗീകൃത മെഡിക്കൽ സെന്ററുകളുണ്ട്.