സാമ്പത്തിക വികസനത്തിൽ സ്വകാര്യ മേഖല പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ദുബായ് ഭരണാധികാരി
Mail This Article
ദുബായ് ∙ സാമ്പത്തിക വികസനത്തിൽ സ്വകാര്യ മേഖല പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കുന്നതിനും പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള യുഎഇയുടെ ലക്ഷ്യത്തെ ഇത് പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പ്രതിവാര മജ്ലിസിൽ പറഞ്ഞു.
വിവിധ മേഖലകളിൽ മികവ് പുലർത്തുന്നതിനും മനുഷ്യരാശിക്ക് മികച്ച ഭാവി സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കാളിയെന്ന നിലയിൽ അതിന്‍റെ പങ്ക് വർദ്ധിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത വലുതാണ്. സുസ്ഥിരത, നവീകരണം, നൂതന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ആഗോള പങ്കാളിത്തം ശക്തിപ്പെടുത്താൻ രാജ്യം പ്രതിജ്ഞാബന്ധമാണ്. യുഎഇയുടെ വികസന യാത്ര സുപ്രധാന മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഒരു ആഗോള വ്യാപാര കേന്ദ്രം, സർഗാത്മകവും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രവും ബഹുരാഷ്ട്ര കമ്പനികളുടെ പ്രധാന അടിത്തറയും എന്ന നിലയിൽ ദുബായ് അതിന്‍റെ സ്ഥാനം മെച്ചപ്പെടുത്തുന്നു.
വിനോദസഞ്ചാരം, ബിസിനസ്, നിക്ഷേപം എന്നിവയ്‌ക്കായുള്ള മികച്ച ലക്ഷ്യസ്ഥാനമായി ദുബായിയെ സ്ഥാപിക്കാനാണ് ഷെയ്ഖ് മുഹമ്മദ് ലക്ഷ്യമിടുന്നത്. ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് നഗര സമ്പദ്‌വ്യവസ്ഥകളിലൊന്നാക്കി മാറ്റാനും അതിന്‍റെ സാമ്പത്തിക, വ്യാപാര മത്സരക്ഷമത വർധിപ്പിക്കാനുമുള്ള ദുബായ് ഇക്കണോമിക് അജണ്ടയുടെ ലക്ഷ്യവുമായി ഈ തന്ത്രം യോജിക്കുന്നു. ശക്തമായ പങ്കാളിത്തം, പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സമന്വയം, ലോകമെമ്പാടുമുള്ള തന്ത്രപ്രധാന പങ്കാളികളുമായുള്ള ശക്തമായ ബന്ധങ്ങൾ എന്നിവയാണ് ദുബായുടെ എല്ലാ മേഖലകളിലെയും അസാധാരണമായ പ്രകടനത്തിന് കാരണം.
ദുബായുടെ ഭാവിയെ നയിക്കുന്നതിൽ നവീകരണത്തിന്‍റെയും നൂതന സാങ്കേതികവിദ്യയുടെയും പ്രാധാന്യത്തെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് എടുത്തുപറഞ്ഞു. ആധുനിക നിയമങ്ങളും ചട്ടങ്ങളും പിന്തുണയ്‌ക്കുന്ന ഈ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കേണ്ടുണ്ട്. കൂടിക്കാഴ്ചയിൽ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും ദുബായ് എയർപോർട്ട്സ് ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, ദുബായ് മീഡിയ ഇൻകോർപറേറ്റഡ് ചെയർമാൻ ഷെയ്ഖ് ഹാഷർ ബിൻ മക്തൂം ബിൻ ജുമാ അൽ മക്തൂം, കൂടാതെ ഒട്ടേറെ ഷെയ്ഖുമാരും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
യുഎഇയുടെ ഡിജിറ്റൽ പരിവർത്തനം, നേട്ടങ്ങൾ, ദേശീയ സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിൽ സൈബർ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ ചെയർമാൻ മുഹമ്മദ് ഹമദ് അൽ കുവൈത്തി സംസാരിച്ചു.