'എന്തിനാ അനൂ നീ ഇത്രവേഗത്തിൽ...സഹിക്കാൻ ആകുന്നില്ലലോ ഈ വിടവാങ്ങൽ'; കണ്ണീരോടെ സുഹൃത്തുക്കൾ
'വേദന കൂടി വരുമെന്ന് എനിക്കറിയാം. പക്ഷേ അതോടൊപ്പം സന്തോഷവും വളരും. വേദനയെ എങ്ങനെ സന്തോഷമാക്കി മാറ്റാമെന്നും രോഗത്തോട് എങ്ങനെ പോരാടണമെന്നും എനിക്കറിയാം...'
'വേദന കൂടി വരുമെന്ന് എനിക്കറിയാം. പക്ഷേ അതോടൊപ്പം സന്തോഷവും വളരും. വേദനയെ എങ്ങനെ സന്തോഷമാക്കി മാറ്റാമെന്നും രോഗത്തോട് എങ്ങനെ പോരാടണമെന്നും എനിക്കറിയാം...'
'വേദന കൂടി വരുമെന്ന് എനിക്കറിയാം. പക്ഷേ അതോടൊപ്പം സന്തോഷവും വളരും. വേദനയെ എങ്ങനെ സന്തോഷമാക്കി മാറ്റാമെന്നും രോഗത്തോട് എങ്ങനെ പോരാടണമെന്നും എനിക്കറിയാം...'
ദുബായ്∙ 'വേദന കൂടി വരുമെന്ന് എനിക്കറിയാം. പക്ഷേ അതോടൊപ്പം സന്തോഷവും വളരും. വേദനയെ എങ്ങനെ സന്തോഷമാക്കി മാറ്റാമെന്നും രോഗത്തോട് എങ്ങനെ പോരാടണമെന്നും എനിക്കറിയാം...'–കഴിഞ്ഞ വർഷംലോക കാൻസർ ദിനത്തിൽ അനു വാരിയർ എന്ന അനു സിനുബാൽ (49) സമൂഹ മാധ്യമത്തിൽ എഴുതി. എന്നാൽ, യുഎഇയിലെ ഈ മുൻ മാധ്യമപ്രവർത്തകന്റെ വേദന കൂടിക്കൂടി വരികയും അതുകണ്ട് ചുറ്റുമുള്ളവരുടെ സന്തോഷമെല്ലാം മായുകയുമാണുണ്ടായത്. അപ്പോഴും വേദന മറന്ന് അദ്ദേഹം മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, അതിന് ഏറെ നാൾ ആയുസ്സുണ്ടായിരുന്നില്ല. അർബുദത്തോട് പടപൊരുതി നാല് വർഷം പിടിച്ചുനിന്ന അനു വാരിയർ എന്ന പോരാളി ഇന്നലെ(ചൊവ്വ) കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ മരണത്തിന് കീഴടങ്ങി.
ദുബായിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഖലീജ് ടൈംസ് ഇംഗ്ലിഷ് ദിനപത്രത്തിൽ 14 വർഷം കോപ്പി എഡിറ്ററായി അനു ജോലി ചെയ്തു. നല്ലൊരു മാധ്യമപ്രവർത്തകനിലുപരി വലിയ സൗഹൃദവലയമുള്ളയാളും വായനക്കാരനും എഴുത്തുകാരുമായിരുന്നു. എല്ലാവരുമായും സൗഹൃദം വളർത്തിയെടുക്കാനും കാത്തുസൂക്ഷിക്കാനും വലിയ താത്പര്യമായിരുന്നു. അർബുദത്തിന്റെ വേദനയുടെ നാൾവഴികളിലും പുസ്തകത്തെയും വായനയെയും മുറുകെ പിടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. 2020ലായിരുന്നു അർബുദം സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അനുവിനെക്കുറിച്ച് സഹപ്രവർത്തകർക്ക് ഏറെ മതിപ്പോടെ മാത്രമേ ഓർക്കാനുള്ളൂ.
എപ്പോഴും മുഖത്ത് പുഞ്ചിരി സൂക്ഷിക്കുന്ന സഹപ്രവർത്തകനായിരുന്നു അനുവെന്ന് ഖലീജ് ടൈംസ് അസോസിയേറ്റ് എഡിറ്റർ സാഹിം സലിം പറഞ്ഞു. ഏതു പ്രശ്നവും പുഞ്ചിരിയിലൂടെ പരിഹരിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും പറഞ്ഞു. നല്ലൊരു സുഹൃത്തിനെയാണ് അനുവിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് പ്രിൻസിപ്പൽ ഡിസൈനർ ശ്യാംലാൽ ശിശുപാലൻ പറഞ്ഞു. ഷാർജയിലെ അനുവിന്റെ വീട്ടിൽ ചില വിശേഷാവസരങ്ങളിൽ പങ്കെടുത്ത നല്ലോർമകളും ഇദ്ദേഹം പങ്കിടുന്നു. നല്ലൊരു പാചകക്കാരൻ കൂടിയായിരുന്ന അനു ചില വിഭവങ്ങൾ ഉച്ചയൂണിന് കൊണ്ടുവരുമായിരുന്നു. എപ്പോഴും കൈയിൽ പുസ്തകവുമായി മാത്രമേ അനുവിനെ കണ്ടിട്ടുള്ളൂ എന്നാണ് അസി.എഡിറ്റർ ഏയ്ഞ്ചൽ ടെസറെറോയ്ക്ക് ഓർക്കാനുള്ളത്. ഇംഗ്ലിഷ് ജേണലിസ്റ്റായിരിക്കുമ്പോഴും അമ്മ മലയാളത്തെ നെഞ്ചോട് ചേർത്തുപിടിച്ച അനു മൂന്ന് പുസ്തകങ്ങളാണ് രചിച്ചിട്ടുള്ളത്. കഴിഞ്ഞ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തിന് വരുന്ന വഴിയിൽ പിതാവിന്റെ മരണവിവരമറിഞ്ഞ് മടങ്ങുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളെല്ലാം ചേർന്ന് ചടങ്ങ് ഗംഭീരമാക്കി അനുവിനെ സന്തോഷിപ്പിച്ചു.
സമൂഹമാധ്യമങ്ങളിലും സജീവമായിരുന്ന അനുവിന് ആ ലോകത്തും സൗഹൃദങ്ങളെയുണ്ടാക്കാൻ കഴിഞ്ഞു. ഇന്നലെ മരണവിവരം അറിഞ്ഞതുമുതൽ ഫെയ്സ് ബുക്കിൽ പ്രിയ സുഹൃത്തിന് വിട പറഞ്ഞ് കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. കണ്ണീർപുരണ്ട അക്ഷരങ്ങളിലൂടെ എല്ലാവർക്കും പറയാനുണ്ടായിരുന്നത് അനു വാരിയർ എന്ന മികച്ച സുഹൃത്തിനെക്കുറിച്ച് തന്നെയായിരുന്നു. 2009ൽ ആദ്യം കാണുന്നത് ഷാർജയിൽ ശ്രീകുമാരി ചേച്ചിയുടെ വീട്ടിലായിരുന്നുവെന്ന് സ്മിത ഗിരീഷ് ഓർക്കുന്നു. സുഹൃത്തുക്കളായ അഞ്ജലിയുടെ സഹോദരൻ, ശാലിനിയുടെ കുടുംബ സുഹൃത്ത്. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ആദ്യ പുസ്തകം പ്രകാശിപ്പിച്ചത് അനുവാണ്. വല്ലപ്പോഴും മിണ്ടിയിരുന്നു. തൃശൂർ വഴി പോകുമ്പം രണ്ടു പ്രാവശ്യം എന്നെ കാണാൻ ശ്രമിച്ചു. എന്നിട്ടും നാട്ടിൽ നമ്മൾ കണ്ടില്ലല്ലോ അനു. ഇനി വരുമ്പം ശ്രീരാമേട്ടന്റെ വീട്ടി ഒന്നിച്ച് പോണംന്ന് പറഞ്ഞു. ഇഷാനെ കാണണംന്ന് പറഞ്ഞു. കുറച്ച് ദിവസമായി അവസ്ഥ മോശമെന്ന് അറിഞ്ഞിരുന്നു.-സ്മിത കുറിച്ചു. ദേവി സരോജം, ബിനി സരോജ് എന്നീ രണ്ട് സഹോദരിമാരാണ് അനുവിനുള്ളത്.
ഭൂമിയിൽ കുറച്ചുനാൾ കൂടിയേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞു കൊണ്ട് രോഗത്തെ ശപിക്കാതെയും വേദനയും നിരാശയും കൊണ്ട് ശേഷിച്ച ദിവസങ്ങൾ നിറയ്ക്കാതെയും സന്തോഷത്തോടെ ഓടിനടന്ന് എല്ലാവരെയും കണ്ടും ആഗ്രഹിച്ചതൊക്കെ ചെയ്തും സമൂഹ മാധ്യമത്തിലെ സൗഹൃദങ്ങൾക്കിടയിലും നിറഞ്ഞു നിൽക്കുകയായിരുന്നു അനു കഴിഞ്ഞ കുറച്ചു വർഷങ്ങളിലെന്ന് സുഹൃത്ത് ഷൈലജ ജാല കുറിച്ചു. കുറച്ചുനാളുകൾ കൂടി അങ്ങനെ പോകും എന്നാണ് കരുതിയത്. അത്രയ്ക്ക് പോസിറ്റീവും എനർജറ്റിക്കും ആയിരുന്നു കാഴ്ചയിലും എല്ലാവരോടുമുള്ള ഇടപെടലിലും. അവസാനം കണ്ടത് മലയിൻകീഴിൽ ഒരു നാടകം നടക്കുന്ന സ്ഥലത്താണ്. 2022 ൽ അമ്മയും 2023 ൽ അച്ഛനും. ഇപ്പോൾ അനുവും. അനിക്കും ബിനിക്കും മക്കൾക്കും പങ്കാളിക്കും മറ്റു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേർപാട് താങ്ങാൻ കഴിയട്ടെ എന്നാശിക്കുന്നു.
എന്തെങ്കിലും അത്ഭുതം സംഭവിച്ച് നീ ജീവിതത്തിലേക്ക് ആരോഗ്യത്തോടെ തിരിച്ചുവരും എന്നുതന്നെ സത്യമായും പ്രതീക്ഷിച്ചിരുന്നു എന്നാണ് രാജീവ് ചേലനാട്ടിന്റെ കുറിപ്പ് തുടങ്ങുന്നത്. ജീവിതത്തോടുള്ള അഭിനിവേശത്തിനും സൗഹൃപ്പെരുമഴകളുടെ ശക്തിക്കും അത്തരമൊരു ദിവ്യസിദ്ധി ഉണ്ടെന്ന് പോലും അന്ധമായി വിശ്വസിച്ചിരുന്നു. അവിടെ പോയി, ഇവിടെ പോയി, അങ്ങോട്ട് പോകുന്നു എന്നൊക്കെ ഓരോ തവണ നീ പോസ്റ്റിടുമ്പോഴും ആ വിശ്വാസം കൂടിക്കൂടി വന്നു. അതെല്ലാം അവസാനിച്ചു. നീ നിന്റെ യാത്ര തുടങ്ങി എന്ന് കേട്ടു. വിട, ഉമ്മ..
16 വർഷത്തിന് ശേഷം കഴിഞ്ഞ ഡിസംബറിൽ കണ്ട ഓർമകളാണ് മുൻ സഹപ്രവർത്തകനും മാധ്യമപ്രവർത്തകനുമായ മനു പി. തോമസിന് പറയാനുളളത്. രോഗത്തോടുള്ള അസാധ്യവും അതിശക്തവുമായ പൊരുതല്‍ കണ്ടു അതിശയിച്ചു പോയിട്ടുണ്ട്. കടുത്ത വേദനകൾക്കിടയിലും സൗമ്യമായും സന്തോഷമായും ജീവിതത്തെ അഭിമുഖീകരിച്ച അനുവുമായി 2005-07 ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് കാലം തൊട്ടുള്ള പരിചയവും സൗഹൃദവും ഇനി ഓർമ. സ്‌നേഹാദരവുകൾ.
ഗൾഫിൽ ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ട വിശേഷങ്ങളാണ് സ്വന്തം നാട്ടുകാരൻ കൂടിയായ വിനോദ് കാർത്തികയ്ക്ക് പറയാനുള്ളത്. ഇടയ്ക്ക് ഒരുമിച്ചിരുന്ന് അമ്പലപ്പറമ്പിൽ നാടകം കണ്ട് പിരിഞ്ഞ് പോയതാണ്. വൈകിട്ടാണ് അറിഞ്ഞത് അനു ഇനിയില്ലെന്ന്. വേദനയെ ചിരിച്ചുകൊണ്ട് നേരിടാൻ, ഒരു തമാശയായി കണ്ടു ചിരിച്ചു തോളിൽ കയ്യിട്ട് ഒരു പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കാൻ, എത്ര വേദന സഹിച്ചും ഓടിക്കിതച്ച് എല്ലായിടത്തേക്കും എത്താൻ ഇനി അവനില്ലെന്ന് പഴയൊരു സെൽഫി പങ്കിട്ടുകൊണ്ട് എഴുത്തുകാരൻ ഫൈസൽ ബാവ ഫെയ്സ് ബുക്കിൽ കുറിച്ചു: എന്തിനാ അനൂ നീ ഇത്രവേഗത്തിൽ. സഹിക്കാനാകുന്നില്ലലോ നിന്റെയീ വിടവാങ്ങൽ?!.