പൈതൃകത്തിന്റെ വീണ്ടെടുപ്പിനായി കടലാഴങ്ങളിലേക്ക്; കുവൈത്തിൽ ദേശീയ മുത്തുവാരൽ ഉത്സവത്തിനു തുടക്കമായി
കുവൈത്ത് സിറ്റി ∙ വന്ന വഴി മറക്കരുത് എന്നാണ് പഴ മൊഴി. എന്നാൽ വർത്തമാന കാലത്തിന്റെ സുഖ ശീതളിമയിൽ പലരും ഭൂതകാലത്തെ ഓർക്കാൻ മെനക്കെടാറില്ല എന്നതാണ് വാസ്തവം.
കുവൈത്ത് സിറ്റി ∙ വന്ന വഴി മറക്കരുത് എന്നാണ് പഴ മൊഴി. എന്നാൽ വർത്തമാന കാലത്തിന്റെ സുഖ ശീതളിമയിൽ പലരും ഭൂതകാലത്തെ ഓർക്കാൻ മെനക്കെടാറില്ല എന്നതാണ് വാസ്തവം.
കുവൈത്ത് സിറ്റി ∙ വന്ന വഴി മറക്കരുത് എന്നാണ് പഴ മൊഴി. എന്നാൽ വർത്തമാന കാലത്തിന്റെ സുഖ ശീതളിമയിൽ പലരും ഭൂതകാലത്തെ ഓർക്കാൻ മെനക്കെടാറില്ല എന്നതാണ് വാസ്തവം.
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ മുത്തുവാരൽ ഉത്സവം ഇന്നലെ ആരംഭിച്ചു. കുവൈത്ത് മറൈൻ സ്‌പോർട്‌സ് ക്ലബിന്റെ മറൈൻ ഹെറിറ്റേജ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ദേശീയ മുത്തുവാരൽ ഉത്സവം സംഘടിപ്പിക്കുന്നത്. എണ്ണപ്പണം കുവൈത്തിന്റെ മുഖ ചായ മാറ്റുന്നതിന് മുൻപ് രാജ്യ നിവാസികളുടെ പ്രധാന ഉപജീവനോപാധി ആയിരുന്നു മുത്തുവാരൽ. പാരമ്പര്യം അന്യംനിന്നുപോകാതിരിക്കാനും പുതുതലമുറക്ക് പഴമയുടെ ഈടുവെപ്പുകൾ അടുത്തറിയാനും വേണ്ടി ആണ് പൈതൃകാഘോഷം സംഘടിപ്പിച്ചു വരുന്നത്. 1986-ൽ വാർത്താവിനിമയ മന്ത്രാലയം നൽകിയ അഞ്ച് തടി കപ്പലുകൾ ഉപയോഗിച്ചാണ് വാർഷിക ഡൈവിങ് യാത്രകൾ സംഘടിപ്പിക്കാൻ തുടങ്ങിയത്, തുടർന്ന് അന്തരിച്ച അമീർ ഷെയ്ഖ് ജാബർ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് 1987-ൽ ഏഴ് പായക്കപ്പലുകൾ യാത്രകൾക്കായി സംഭാവന നൽകി. തുടർന്നുള്ള വർഷങ്ങളിൽ കുവൈത്ത് അമീറിന്റെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉത്സവത്തിന്റെ 33-ാമത് പതിപ്പിനാണ് ശനിയാഴ്ച കൊടിയേറിയത്.
രാവിലെ സാല്മിയയിലെ മറൈൻ സ്പോർട്ട്സ് ക്ലബ് തീരത്ത് നടന്ന 'ദശ' ചടങ്ങോടെ ആണ് മുത്തുവാരൽ ഉത്സവത്തിന് തുടക്കമായത് ദേശീയ ഗാനാലാപനത്തിന് ശേഷം കടൽ ജീവിതത്തെ അടയാളപ്പെടുത്തുന്ന കലാപ്രകടനങ്ങളോടെയാണ് 'ദശ' ചടങ്ങ് ആരംഭിച്ചത്. പരിശീലനം നേടിയ 150 യുവ നാവികരാണ് പാരമ്പര്യത്തിന്റെ തനിമ നിലനിര്‍ത്താന്‍ ഇത്തവണ പായക്കപ്പൽ ഏറിയത്. പരമ്പരാഗത വേഷവിധാനങ്ങളോടെ അവർ കടലാഴങ്ങളിലേക്ക് പുറപ്പെട്ടപ്പോൾ സുഹൃത്തുക്കളും ബന്ധുക്കളും കൈവീശി യാത്രയാക്കി.
സാൽമിയ കടല്തീരത്തു നിന്ന് നിന്ന് 90 കി.മി. അകലെയുള്ള ഖൈറാൻ എന്ന നിശബ്ദ ദ്വീപിലാണ് മുത്തു വാരൽ സംഘം ഇനിയുള്ള ഒരാഴ്ചക്കാലം തമ്പടിക്കുക. മുത്തുകൾ ഏറെയുള്ള കടൽ ഭാഗമാണിത്. പകല്‍ കടലിന്റെ അഗാധതയിലേക്ക് മുത്തുതേടി ഊളിയിടുന്ന സംഘാംഗങ്ങള്‍ സന്ധ്യയോടെമാത്രമാണ് കരയേറുക. പിന്നെ ആഴിയാഴങ്ങളിൽ നിന്ന് അടര്ത്തിയെടുത്ത ചിപ്പികൾക്കുള്ളിൽ നിന്ന് മുത്തുകൾ വേർതിരിക്കുന്ന ജോലിയാണ്. നാടന്‍പാട്ടുകളും നൃത്തചുവടുകളും രാവേറെ ചെല്ലുവോളം ഖൈറാൻ ദ്വീപിന് ഉത്സവപ്പൊലിമയേകും. ദാരിദ്ര്യവും, പട്ടിണിയും കേട്ടറിവ് മാത്രമുള്ള നവ തലമുറ അതിജീവനത്തിനായി തങ്ങളുടെ പൂര്‍വികര്‍ അനുഭവിച്ചറിഞ്ഞ ഭൂതകാല ജീവിത യാഥാർഥ്യങ്ങൾ പകർന്നാടുന്ന പൈതൃകത്തിന്റെ വീണ്ടെടുപ്പ് ഉത്സവം.
മുങ്ങിയെടുത്ത വെന്മുത്തുകളുമായി പായക്കപ്പലുകൾ ഈ മാസം പതിനഞ്ചിനു വീണ്ടും കരയണയും. ആഘോഷങ്ങളുടെ അമരത്തുള്ള സാല്മിയ സീ സ്പോര്ട്സ് ക്ലബ് ഭാരവാഹികൾക്കൊപ്പം ബന്ധുക്കളും രാജപ്രതിനിധികളും ചേർന്ന് നാവികരെ സ്വീകരിക്കും. ക്ലബ്ബിന്റെ തീരത്ത് 'അൽ-ഖഫാൽ' എന്ന പേരിൽ നടക്കുന്ന സമാപന ചടങ്ങുകളോടെ ഉത്സവത്തിനു കൊടിയിറങ്ങും.
മുത്തുവാരൽ സംഘത്തിൽ ഇത്തവണ 15 നും 20നും ഇടയിൽ പ്രായമുള്ളവരാണെന്ന് മറൈൻ സ്പോർട്സ് ക്ലബ് സെക്രട്ടറി ജനറൽ ഖാലിദ് അൽ ഫൗദരി വാർത്താകുറിപ്പിൽ അറിയിച്ചു. ഫെസ്റ്റിവൽ യുവതലമുറയ്ക്ക് പിതാക്കന്മാരുടെയും പൂർവ പിതാക്കന്മാരുടെയും ത്യാഗങ്ങൾ അനുഭവിക്കാനും അനുകരിക്കാനും പൈതൃകത്തിൽ അഭിമാനം വളർത്താനും അവസരം നൽകുന്നതായി അദ്ദേഹം പറഞ്ഞു.
അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അൽ-അഹമ്മദ് സംഭാവന ചെയ്ത, സാൻബുക്ക്, ഷുവായ് തുടങ്ങിയ പായക്കപ്പലുകളിലാണ് ഇത്തവണ മുത്തുവാരൽ സംഘം യാത്ര തിരിച്ചത്. ചൊവ്വാഴ്ച മാധ്യമപ്രവർത്തകർക്ക് കപ്പലുകളുടെ സംഗമ സ്ഥലമായ ബന്ദർ അൽ-ദോസ് സന്ദർശിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. മുത്തുവാരൽ ഉത്സവത്തിന്റെ വിജയത്തിനായി പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ്, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയം, ഫയർഫോഴ്സ്, തുടങ്ങിയ വിവിധ ഏജൻസികളുടെ പിന്തുണയ്ക്കും പങ്കാളിത്തത്തിനും അൽ ഫൗദരി നന്ദി പറഞ്ഞു.