സ്വാത്രന്ത്രദിനാഘോഷ നിറവിൽ ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹവും; ആശംസകൾ നേർന്ന് ഖത്തർ ഭരണാധികാരികൾ
മാതൃരാജ്യത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹവും.
മാതൃരാജ്യത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹവും.
മാതൃരാജ്യത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹവും.
ദോഹ ∙ മാതൃരാജ്യത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹവും. ഇന്ത്യൻ എംബസി, ഇന്ത്യൻ സ്കൂളുകൾ, സംഘടനകൾ എന്നിവയ്ക്ക് കീഴിൽ വിവിധ പരിപാടികളാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടന്നത്.
സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യൻ ഭരണകൂടത്തിനും ഇന്ത്യൻ ജനതയ്ക്കും ഖത്തർ ഭരണാധികാരികൾ ആശംസകൾ നേർന്നു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഡപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനി എന്നിവർ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിന് ആശംസ സന്ദേശം കൈമാറി . ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസ സന്ദേശം അയച്ചു.
ഇന്ത്യൻ എംബസിക്കു കീഴിൽ രാവിലെ ഏഴു മണിക്ക് ഐസിസിയിൽ നടന്ന ദേശീയദിനാഘോഷ പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ വിപുൽ ദേശീയ പതാക ഉയർത്തി. തുടർന്ന് അശോകഹാളിൽ നടന്ന പരിപാടിയിൽ അദ്ദേഹം ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധനം ചെയ്തു. പ്രസിഡന്റിന്റെ സ്വാതന്ത്ര്യ ദിന സന്ദേശം അദ്ദേഹം സദസുമായി പങ്കുവെച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം ശക്തമായി മുന്നോട്ടു പോകുന്നതായും ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം വിവിധ മേഖലകളിൽ കൂടുതൽ കരുത്താർജിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അംബാസിഡർ വിപുൽ, മുതിർന്ന എംബസി ഉദോഗസ്ഥർ, അപെക്സ് ബോഡി പ്രസിഡന്റുമാർ എന്നിവർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പരിപാടിയിൽ ഐസിസി പ്രസിഡന്റ് എപി മണികണ്ഠൻ സ്വാഗതവും ഐസിസി സെക്രട്ടറി എബ്രഹാം ജോസഫ് നന്ദിയും പറഞ്ഞു.
വിവിധ ഇന്ത്യൻ സ്കൂളുകൾ, കാലകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ സാംസ്‌കാരിക പരിപാടികൾ അവതരിപ്പിച്ചു. എംബസി ഉദോഗസ്ഥർ അപെക്സ് ബോഡി ഭാരവാഹികൾ, ഇന്ത്യൻ പ്രവാസി സംഘടന ഭാരവാഹികൾ, വ്യാപാര വാണിജ്യ മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കടുത്ത ചൂടിലും സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്കായി അതിരാവിലെ തന്നെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ഐസിസയിൽ എത്തിയത് .
ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂകുകളിലും വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം നടന്നു. ബിർള സ്‌കൂളിൽ ബോർഡ് ചെയർമാൻ ഗോപി ഷഹാനി ദേശീയ പതാക ഉയർത്തി. എംഇഎസ് ഇന്ത്യൻ സ്‌കൂളിൽ ഭരണസമിതി വൈസ് പ്രസിഡന്റ് കാഷിഫ് ജലീലും ജനറൽ സെക്രട്ടറി ഹംസ ഇസ്മായീലും ചേർന്ന് ദേശീയ പതാക ഉയർത്തി. ഐഡിയൽ ഇന്ത്യൻ സ്‌കൂൾ, ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ, നോബിൾ ഇന്ത്യൻ സ്കൂൾ, ഒലിവ് ഇന്റർനാഷനൽ സ്കൂൾ, രാജഗിരി പബ്ലിക് സ്‌കൂൾ, ഭവൻസ് പബ്ലിക് സ്‌കൂൾ, സ്‌കിൽസ് ഡെവലപ്മെന്റ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങളിലും സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു.