മലയാളികൾ കാത്തിരിക്കുന്ന ‘മത്തി പ്രേമി അസോസിയേഷൻ’, കുതിച്ച് കയറുന്ന മത്സ്യവില; ഗൾഫിലെ പ്രവാസ വിശേഷങ്ങൾ
ഗൾഫിലെ വിവിധ തരം വീസകളിന്മേൽ മലയാളികളടക്കമുള്ള പ്രവാസികളും നാട്ടിലെ ഏജന്‍സികളും നടത്തുന്ന തട്ടിപ്പിന് ഈ അറബ് നാടുകളിലേയ്ക്കുള്ള കുടിയേറ്റത്തോളം പഴക്കമുണ്ട്. 1971 ൽ യുഎഇ രൂപീകരിക്കുന്നതിന് മുൻപേ ഗൾഫ് കുടിയേറ്റം ആരംഭിച്ചിട്ടുണ്ടെങ്കിലും 1980കളിലാണ് ഇത് സജീവമായത്. ഇതോടെ വീസാ തട്ടിപ്പുകളും വ്യാപകമാകുകയായിരുന്നു.
ഗൾഫിലെ വിവിധ തരം വീസകളിന്മേൽ മലയാളികളടക്കമുള്ള പ്രവാസികളും നാട്ടിലെ ഏജന്‍സികളും നടത്തുന്ന തട്ടിപ്പിന് ഈ അറബ് നാടുകളിലേയ്ക്കുള്ള കുടിയേറ്റത്തോളം പഴക്കമുണ്ട്. 1971 ൽ യുഎഇ രൂപീകരിക്കുന്നതിന് മുൻപേ ഗൾഫ് കുടിയേറ്റം ആരംഭിച്ചിട്ടുണ്ടെങ്കിലും 1980കളിലാണ് ഇത് സജീവമായത്. ഇതോടെ വീസാ തട്ടിപ്പുകളും വ്യാപകമാകുകയായിരുന്നു.
ഗൾഫിലെ വിവിധ തരം വീസകളിന്മേൽ മലയാളികളടക്കമുള്ള പ്രവാസികളും നാട്ടിലെ ഏജന്‍സികളും നടത്തുന്ന തട്ടിപ്പിന് ഈ അറബ് നാടുകളിലേയ്ക്കുള്ള കുടിയേറ്റത്തോളം പഴക്കമുണ്ട്. 1971 ൽ യുഎഇ രൂപീകരിക്കുന്നതിന് മുൻപേ ഗൾഫ് കുടിയേറ്റം ആരംഭിച്ചിട്ടുണ്ടെങ്കിലും 1980കളിലാണ് ഇത് സജീവമായത്. ഇതോടെ വീസാ തട്ടിപ്പുകളും വ്യാപകമാകുകയായിരുന്നു.
ഗൾഫിലെ വിവിധ തരം വീസകളിന്മേൽ മലയാളികളടക്കമുള്ള പ്രവാസികളും നാട്ടിലെ ഏജന്‍സികളും നടത്തുന്ന തട്ടിപ്പിന് ഈ അറബ് നാടുകളിലേക്കുള്ള കുടിയേറ്റത്തോളം പഴക്കമുണ്ട്. 1971 ൽ യുഎഇ രൂപീകരിക്കുന്നതിന് മുൻപേ ഗൾഫ് കുടിയേറ്റം ആരംഭിച്ചിട്ടുണ്ടെങ്കിലും 1980കളിലാണ് ഇത് സജീവമായത്. ഇതോടെ വീസാ തട്ടിപ്പുകളും വ്യാപകമാകുകയായിരുന്നു.
പണ്ട്, അന്നത്തെ ബോംബെയിൽ നിന്നായിരുന്നു ആദ്യകാല ഇന്ത്യൻ പ്രവാസികൾ യാത്ര തുടങ്ങിയത്. ലോഞ്ചിൽ വളരെ ദുരിതമനുഭവിച്ച് വന്ന കഥകൾ പിന്‍തലമുറ ഒത്തിരി കേട്ടു. പിന്നീട് വിമാനത്തിലും സമ്മോഹനമായ ജീവിതം ആശിച്ച് ആളുകൾ ഇക്കരെയെത്തി. നാട്ടിൽ നിന്നൊരാൾ ബോംബെയിലേയ്ക്ക് എത്തിയാൽ പിന്നാലെ അവിടെയുള്ള ഏജൻസിക്ക് നാട്ടുപ്രമുഖന്‍റെ ഫോൺവിളിയെത്തും. അല്ലെങ്കിൽ ബോംബെയിലെത്തിയ ആളുടെ കൈയിൽ ഒരു കുറിപ്പുണ്ടായിരിക്കും: 'ഇയാളെ ഒന്നു ചവിട്ടിയേക്ക്.'
ഗൾഫിലേയ്ക്ക് എങ്ങനെയെങ്കിലും കടത്തിവിട്ടേക്ക് എന്നാണ് ചവിട്ടിയേക്ക് എന്ന വാക്കിനനർഥം. വലിയ തുക നൽകി ബോംബെയിൽ നിന്ന് തന്നെ പാസ്പോർട്ട് സംഘടിപ്പിച്ച് അവര്‍ വൈകാതെ പറന്നു. അങ്ങനെ വന്ന തലമുറയുടെ മക്കളും മക്കളുടെ മക്കളുമൊക്കെയാണ് ഇന്ന് യുഎഇയിലും ഇതര ഗൾഫ് രാജ്യങ്ങളിലും മികച്ച ജീവിതം നയിക്കുന്നത്. വല്ല കഫ്റ്റീരിയയിലും കെട്ടിട നിർമാണ കേന്ദ്രങ്ങളിലും വെയിലും തണുപ്പുമേറ്റ് ജീവിതം ഉരുക്കി അവരുണ്ടാക്കിയ പണം കൊണ്ട് നാട്ടിലെ കുടുംബം മാന്യമായി ജീവിച്ചു. അവരുടെ മക്കൾ അവരെപ്പോലെയാകരുത് എന്ന വാശിയാണ് മക്കൾക്ക് മികച്ച വിദ്യാഭ്യാസം നേടാനും പ്രഫഷനലുകളായി പിന്നീട് ഇവിടെയെത്താനും കാരണമായത്.
അതേസമയം, സമാന്തരമായി വീസാ തട്ടിപ്പുകൾ തുടർന്നുകൊണ്ടിരുന്നു. ഗൾഫിൽ മികച്ച ജോലി ശരിയാക്കിയിട്ടുണ്ട്, പെട്ടെന്ന് പൊയ്ക്കോളൂ എന്ന് പറഞ്ഞാണ് പലരെയും പറത്തിവിട്ടത്. ഇതിനും നിർബാധം തുടരുന്നു; കാലാന്തരം തട്ടിപ്പുകളും ഡിജിറ്റലൈസ് ചെയ്യപ്പെട്ടു എന്നേയുള്ളൂ. മാത്രമല്ല, ഗൾഫിലേക്ക് കൂടാതെ, യൂറോപ്പിലേയ്ക്കും അമേരിക്ക, കാനഡ എന്നിവിടങ്ങളിലേയ്ക്കും ഇപ്പോൾ വീസാ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നു. ഇവർ സമൂഹമാധ്യമത്തിലും മറ്റും വിരിക്കുന്ന വലയിൽ ചെന്ന് വീഴുന്നവരിൽ വനിതകളും വിദ്യാസമ്പന്നരുമുണ്ട് എന്നതാണ് ആശ്ചര്യം!
പലരും നാട്ടിൽ നിന്ന് ബാങ്കുവായ്പയെടുത്തും വട്ടിപ്പലിശക്കാരിൽ നിന്നും ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്നുമെല്ലാം പണം കടം വാങ്ങിയും മറ്റുമാണ്, തട്ടിപ്പുകാർ എംപ്ലോയ്മെന്‍റ് വീസ എന്ന് പറഞ്ഞു നൽകുന്ന സന്ദർശക വീസയ്ക്ക് വൻതുകകൾ കൈമാറുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം മനോരമ ഓൺലൈനിൽ റിപ്പോർട്ട് ചെയ്ത പാർട്ണർ വീസാ പ്രശ്നം ഇവിടെ പരാമർശിക്കാതെ വയ്യ. ഇത്തരമൊരു വീസയെക്കുറിച്ച് ദുബായിലെ സ്ഥാപനം ഒരു വ്ളോഗറെക്കൊണ്ട് ചെയ്യിച്ച പരസ്യം കണ്ടാണ് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപതോളം പേർ (ഇത് സ്ഥാപനയുടമ പറഞ്ഞ കണക്ക്) ചെന്ന് കുഴിയിൽ ചാടിയത്. ഇത്തരത്തിൽ പാർട്ണർ വീസ വിൽക്കാനേ പാടുള്ളതല്ല എന്നതാണ് ഏറ്റവും വലിയ കാര്യം. ഒരാൾ കമ്പനി തുടങ്ങാനുള്ള ലൈസൻസെടുത്താൽ അതിന്മേലുള്ള ഒന്നിൽക്കൂടുതൽ വീസയാണിത്.
ഈ വീസയ്ക്ക് വേണ്ടി മലയാളികളടക്കമുള്ള ഇന്ത്യക്കാരും ഇതര രാജ്യക്കാരും ഏഴായിരം ദിർഹത്തോളം നൽകി. എന്നാൽ നടപടികൾ മുന്നോട്ടുപോയെങ്കിലും ഒടുവിൽ ഈ കമ്പനിയുടെ സ്പോൺസർക്ക് ചില പ്രശ്നങ്ങൾ വന്നത് കാരണം അതു പൂർത്തിയാക്കാനായില്ല. ഇതോടെ വീസ ലഭിക്കാതെ പാതിവഴിയിലായവർ വൻ ദുരിതത്തിലായി. കൂടാതെ, സ്ഥാപനത്തിന്‍റെ ഉദ്ദേശ്യശുദ്ധി മനസിലാക്കാതെ, സൂപ്പർമാർക്കറ്റിനെക്കുറിച്ചും റസ്റ്ററന്റിനെക്കുറിച്ചും ചെയ്യാറുള്ള പോലെ പാർട്ണർ വീസയെക്കുറിച്ചും പരസ്യം ചെയ്ത വ്ളോഗറും കുടുക്കിലായി. ഇവർക്കെല്ലാമെതിരെ ദുബായ് എമിഗ്രേഷനിൽ നിന്ന് നടപടി വരുന്നു എന്നതാണ് ഏറ്റവും ഒടുവിലത്തെ അപ്‍ഡേഷൻ.
പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക (http://www.norkaroots.net/jobportal.html) പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പഞ്ചായത്ത് തലത്തിൽ അവബോധം സൃഷ്ടിക്കാൻ അധികൃതർ തയ്യാറാകേണ്ടിയിരിക്കുന്നു. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ എല്ലായ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഈടാക്കുകയില്ലെന്നും ഓർമിപ്പിക്കുന്നു.
∙മത്തി പ്രേമി അസോസിയേഷൻ
ഞങ്ങൾ മത്തിയെന്നും നിങ്ങൾ ചാളയെന്നും വിളിക്കുന്ന, ഏറ്റവും പോഷണഗുണമുള്ളതെന്ന് വിശേഷിപ്പിക്കുന്ന മത്സ്യത്തിന് പ്രവാസ ലോകത്തും ഏറെ ആരാധകരുണ്ട്. വാർഡ് അടിസ്ഥാനത്തിൽ കൂട്ടായ്മകളുള്ള പ്രവാസലോകത്ത് മലയാളികൾ എന്തുകൊണ്ടാണ് മത്തി പ്രേമി അസോസിയേഷൻ ഇതുവരെ രൂപീകരിച്ചിട്ടില്ല എന്നത് നിങ്ങളെപ്പോലെ എന്നെയും അത്ഭുതപ്പെടുത്തുന്ന കാര്യം തന്നെ.
എന്നെ സംബന്ധിച്ചിടത്തോളം മത്തി ഗൃഹാതുരത്വമുണ്ടാക്കുന്ന മത്സ്യമാണ്. ഏറ്റവും പ്രിയപ്പെട്ട 'ഉമ്മവിഭവം'. മീനില്ലാതെ ഉച്ചയൂണ് സാധ്യമല്ല എന്ന നിലപാടുള്ളയാളായിരുന്നു എന്‍റുമ്മ. തേങ്ങാപ്പാലൊഴിച്ച് കറി വച്ചാലും മുളകിലിട്ട് വറ്റിച്ചാലും പൊള്ളിച്ചാലും വറുത്താലും തോരനുണ്ടാക്കിയാലും എന്തിന് ഇപ്പോഴിതാ, മസാല ചേർത്ത് കുക്കറിലിട്ട് ഒരു വിസിൽ വരുമ്പോൾ എടുത്താലും യാതൊരു ബേജാറുമില്ലാതെ സ്വാദ് ചൊരിയുന്ന ഒരു പാവം മീൻ.
നാട്ടിൽ റോഡരികിൽ കൂട്ടിയിട്ട് ഒട്ടും ബഹുമാനമില്ലാതെയാണ് വിൽപനയെങ്കിലും ഗൾഫിലെ സൂപ്പർ മാർക്കറ്റുകളില്‍ അത്ര അവഹേളനം സഹിക്കേണ്ടി വരുന്നില്ല. ഒമാനിൽ നിന്ന് നിർലോഭം ലഭിച്ചിരുന്ന പെടപെടയ്ക്കുന്ന മത്തി ഇപ്പോൾ യുഎഇയിൽ നിന്നും ലഭിക്കുന്നു. എന്നിട്ടും മത്തിവില ഇഷ്ടക്കാരെ പൊള്ളിക്കുന്നു!
എന്‍റെ ഉമ്മയ്ക്ക് നാല് തലമുറകൾ തമ്മിലുള്ള ഒരു ബന്ധം നൂലിഴ പോലെ മത്തിയുമായുണ്ട്. കഷ്ടിച്ച് ഒരു കിലോ മീറ്റർ അപ്പുറമുള്ള കാവുഗോളി കടപ്പുറത്ത് നിന്ന് ആദ്യം കുഞ്ഞമ്മയാണ് പിടയ്ക്കുന്ന മത്തിക്കുട്ട തലയിൽ ചുമന്ന് തറവാട്ടിലെത്തിയിരുന്നത്. രാവിലത്തെ അടുക്കളയിലെ യുദ്ധം കഴിഞ്ഞ് 'മൊസാല' എന്ന് ഞങ്ങള്‍ വിളിക്കാറുണ്ടായിരുന്ന (മുഖശാല ലോപിച്ചതായിരിക്കണം) തറവാടിന്‍റെ പൂമുഖത്തെ സിമന്‍റ് തിട്ടയിൽ കാൽ നീട്ടിയിരുന്ന്, അയൽപ്പക്കത്തെ ജാനകിയക്കയുമായി സൊറ പറഞ്ഞ് വിശ്രമിക്കാറുണ്ടായിരുന്ന ഉമ്മയുടെ പ്രതീക്ഷയായിരുന്നു കുഞ്ഞമ്മ. നെയ്ത്യാരേ.. എന്നൊരു നീട്ടിയ വിളിയുമായി ആ വയോധിക മന്ദം മന്ദം നടന്നെത്തുമ്പോൾ ഉമ്മയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ വേലിയേറ്റമുണ്ടാകും. ഉമ്മയുടെ അടുത്ത കൂട്ടുകാരിയായിരുന്നു ഞങ്ങളുടെ കാവിൽ കടപ്പുറ വാസിയായ കുഞ്ഞമ്മ. മീനില്ലാത്ത ഉച്ചയൂണ് ബിരിയാണി കഴിക്കാത്ത വെള്ളിയാഴ്ച എന്നതുപോലെ സങ്കൽപങ്ങൾക്കതീതമായിരുന്നെങ്കിലും, അതു വാങ്ങുക എന്നതിതിലുപരി കുഞ്ഞമ്മയുടെ സുഖവിവരങ്ങളറിയുക, നാട്ടുവർത്തമാനങ്ങൾ കൈമാറുക എന്നതൊക്കെയാണ് ആ സംഗമത്തിന്‍റെ ഉദ്ദേശ്യം.
കുഞ്ഞമ്മയ്ക്ക് വയ്യാതായപ്പോൾ മകൾ സുശീലയിലേയ്ക്ക് മീൻകൊട്ട 'തലമാറ്റം' ചെയ്യപ്പെട്ടു. ഞങ്ങൾ, കുട്ടികളോടുള്ള സുശീലക്കയുടെ സ്നേഹം മത്തിയേക്കാളും സ്വാദുള്ളതായിരുന്നു. കാലം സുശീലക്കയുടെ ആരോഗ്യത്തെയും തകർത്തപ്പോൾ അവരുടെ മകൾ ജയന്തിയക്കയ്ക്കായിരുന്നു മീൻകൊട്ട കൈമാറിയത്.
എപ്പോഴും എന്തെങ്കിലും സംസാരിച്ചുകൊണ്ടേയിരിക്കുന്ന ജയന്തിയക്കയുമായി വല്ലാത്തൊരു അടുപ്പമായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്. അവരെ വെറുതെ ശുണ്ഠി പിടിപ്പിക്കുക ഞങ്ങൾക്ക്, പ്രത്യേകിച്ച് എനിക്ക് ഒരു ഹരം. ഇത് ചീഞ്ഞ മത്തിയാണല്ലോ ജയന്ത്യക്കാ... എന്ന് ചുമ്മാ പറഞ്ഞാൽ അവർ പിണങ്ങി കൊട്ട തലയിൽ വച്ചു പോകാനൊരുങ്ങും. ഉമ്മ സാന്ത്വനിപ്പിക്കുമ്പോൾ ചിരിച്ചുകൊണ്ട് വീണ്ടും കൊട്ട താഴെ. മത്തി മാത്രമല്ല, അയല, മുള്ളൻ, നങ്ക്, ഓലമത്തി, പൊടിമീൻ... ഇതൊക്കെയാണ് കൊട്ടയിലെ നിധികുംഭം. മത്തിയാണെങ്കിൽ അതെണ്ണിത്തരുമ്പോൾ, ന്നാ മോൻ കൊണ്ടോയി ചുട്ടുതിന്ന് എന്ന് പറഞ്ഞ് നാലോ അഞ്ചോ എണ്ണം സമ്മാനിക്കും. അത് അതേപടി വാഴയിലയിൽ പൊതിഞ്ഞ് തീയിൽച്ചുട്ടെടുക്കും. തൊലി അപ്പാടെ വലിച്ചുമാറ്റി തിന്നുമ്പോഴുള്ള ഒരു ടേസ്റ്റ്! പടച്ചോനേ, മറ്റൊരു രീതിയില്‍ പാചകം ചെയ്ത് കഴിച്ചിട്ടും അതുപോലൊരു സ്വാദ് കിട്ടിയിട്ടില്ല!!.
ജയന്തിയക്കയും കരയൊഴിഞ്ഞപ്പോൾ മകളായിരുന്നു മീൻവിൽപന ഏറ്റെടുത്തത് (അവരുടെ പേര് മറന്നുപോയി). അപ്പോഴേയ്ക്കും ടാറിടാത്ത റോഡിലൂടെ പോം പോം ഒച്ചയുമായി സൈക്കിളിലൂടെയുള്ള മീൻ വിൽപനക്കാരനെത്തിയിരുന്നു. കാവുഗോളി കടപ്പുറത്ത് നിന്ന് കൊണ്ടുവരുന്ന പെടപെടയ്ക്കുന്ന മത്തിയുടെ സ്വാദ് ഒരിക്കലും മംഗലാപുരത്ത് നിന്ന് വരുന്ന ഐസും രാസപദാർഥങ്ങളുമിട്ട മത്തിക്ക് ഉണ്ടായിരുന്നില്ല. പക്ഷേങ്കിലും, ഒരിക്കൽ ഈ നാടൻ മീൻവിൽപനയിൽ ചിലർ വർഗീയ വിഷം ചേർത്തു. ബാബ്റി മസ്ജിദ് പൊളിഞ്ഞ കാലത്തായിരുന്നു അത്. കർസേവയ്ക്ക് പോയവരുള്ള കടപ്പുറത്തെ മീൻ ആരും വാങ്ങിക്കരുത് എന്ന് ചിലർ ആജ്ഞ പുറപ്പെടുവിച്ചെങ്കിലും അതിന് ഒരാഴ്ച പോലും ആയുസ്സുണ്ടായിരുന്നില്ല. മത്തി കൂട്ടാതെ എങ്ങനെയാ ഉച്ചയ്ക്ക് ചോറിറങ്ങാ എന്ന നാട്ടുരീതി തന്നെയാണ് കാരണം.
ഇപ്പോഴീ 'മത്തിച്ചിന്ത'കൾക്ക് ഒരു കാരണമുണ്ടെന്ന് കൂട്ടക്കോളൂ. പ്രിയ മത്സ്യത്തിന് നാട്ടിൽ പൊള്ളുന്ന വില നൽകേണ്ടി വന്നത് അടുത്തിടെ വാർത്തകളിലിടംപിടിച്ചല്ലോ. അതിന് മുൻപേ ഗൾഫിലും വില ഉയർന്നിരുന്നു. നൂറിനും നൂറ്റമ്പതിനും യഥേഷ്ടം കിട്ടിയിരുന്ന മത്തിക്ക് നാനൂറ് രൂപയോളം വിലയായി എന്ന ഞെട്ടലിൽ നാട്ടിലെ കുടുംബങ്ങളിരിക്കെ, യുഎഇ വിപണിയിലും വില കുതിച്ചുയർന്നു. ഇരുപതോളം ദിർഹമാണ് ഒരു കിലോ മത്തിക്ക് ദുബായിലുണ്ടായ വില. അതായത്, നിലവിലെ വിനിമയനിരക്ക് വച്ച് അഞ്ഞൂറോളം രൂപ. സൂപ്പർ–ഹൈപ്പർമാർക്കറ്റുകളിൽ അഞ്ച് ദിർഹമുണ്ടായിരുന്നിടത്ത് ചുരുങ്ങിയ വർഷം കൊണ്ടാണ് ഈ കുതിച്ചുകയറ്റം. ഇങ്ങനെ പോയാൽ മത്തിപ്രേമികളായ പാവം പ്രവാസികൾ എന്തു ചെയ്യും? (മത്സ്യപ്രേമികളായ ഫിലിപ്പീന്‍സുകാരും അത്ര പ്രേമികളല്ലാത്ത ഈജിപ്തുകാരും വരെ ഇപ്പോൾ മത്തി ഇഷ്ടപ്പെടുന്നു). മത്തിക്ക് പകരം ഏറ്റവും വില കൂടിയ ഹമൂറും സാൽമനും എന്തിന്, മത്സ്യങ്ങളുടെ രാജാവെന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം അയക്കൂറ(കിങ് ഫിഷ്)വരെ എത്തുമോ എന്നാണ് ഇവരെല്ലാം ചോദിക്കുന്നത്. മത്തിക്ക് വില കുറയുന്നതും കാത്തിരിക്കുകയാണ്, പാവം പ്രവാസി മലയാളികൾ.
ടർബോ ജോസ് അറബിക് സംസാരിക്കേണ്ടതുണ്ടോ?
വൈശാഖ് സംവിധാനം ചെയ്ത് മമ്മുട്ടി നായകനായ ടർബോ എന്ന മലയാള ചിത്രം അടുത്തിടെ അറബികിൽ ഡബ്ബ് ചെയ്യപ്പെട്ടു. യുഎഇയിലെ തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം അറബികിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നത്. പക്ഷേ, ഒരു സിനിമാ പ്രേമി എന്ന നിലയ്ക്ക് എന്‍റെ ചോദ്യം, ഈ മമ്മുട്ടി ചിത്രമായിരുന്നോ ആദ്യം അറബികൾ കാണേണ്ടിയിരുന്നത് എന്നാണ്.
മലയാള സിനിമകൾ ഇന്ന് ഇന്ത്യയിൽ ഏറ്റവും തിളങ്ങി നിൽക്കുകയാണ്. ഒടിടി പ്ലാറ്റ് ഫോം വന്നതോടെ ലോകം മുഴുവൻ മലയാളം സിനിമകൾ കാണുന്നു. പ്രമേയ വൈവിധ്യമാണ് നമ്മുടെ സിനിമകളെ ഇഷ്ടപ്പെടാനും പുകഴ്ത്താനുമുള്ള പ്രധാന കാരണം. ഈയൊരു സാഹചര്യത്തിൽ ടർബോ ജോസ് ആണോ ആദ്യമായി അറബിക് സംസാരിക്കേണ്ടിയിരുന്നതെന്നാണ് ചോദ്യം.
യഥാർഥത്തിൽ നൻപകൽ നേരത്തെ മയക്കത്തിലെ ജെയിംസും സുന്ദരവുമായിരുന്നില്ലേ അറബികിൽ തകർക്കേണ്ടിയിരുന്നത്? എന്തിന്, കണ്ണൂർ സ്ക്വാഡിലെ പൊലീസുദ്യോഗസ്ഥനെങ്കിലും ആദ്യമായി അറബികിലേയ്ക്ക് ഡബ് ചെയ്യാമായിരുന്നു. ഗൾഫിൽ അത്ര ശ്രദ്ധേയമായ സിനിമകൾ ഉണ്ടാകുന്നില്ലെങ്കിലും പുതുതലമുറ ലോക സിനിമകൾ കാണുന്നവരാണ്. ടർബോ പോലുള്ള ഒരു ആവറേജ് ആക് ഷൻ സിനിമ അറബികിലാക്കിയിട്ട് അറബികളുടെ സിനിമാ ബോധത്തെ അവഹേളിക്കുകയാണ് ചെയ്തത് എന്ന അഭിപ്രായം ഇവിടെ രേഖപ്പെടുത്തട്ടെ.
വാൽശല്യം: ഹൈപ്പർമാർക്കറ്റുകളില്‍ വൃത്തിയും വെടിപ്പുള്ള സ്ഥലത്ത് ഐസിന്‍റെ 'ചൂടേറ്റ്' സുഖിച്ച് കിടക്കുന്ന മത്തിക്കൂട്ടത്തെ നോക്കി പുതുതായി നാട്ടിൽ നിന്ന് വന്ന മലയാളി യുവാവ്: ഹാ! കെടക്കുന്ന കെടപ്പ് കണ്ടില്ലേ, ഹന്തസ്സ്!