ഖത്തറിലെ മലയാളി സംരംഭകരുടെ ബിസിനസ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പിന്തുണയുമായി സൊഹോ
Mail This Article
ദോഹ ∙ ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറ (കെബിഎഫ്)ത്തിന്റെ നേതൃത്വത്തിൽ ബിസിനസ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിന് ഗ്ലോബൽ ടെക്നോളജി കമ്പനിയായ സൊഹോ പിന്തുണ നൽകും. കെബിഎഫ് കമ്മ്യൂണിറ്റിയിലെ അംഗങ്ങളുടെ ബിസിനസ് വളർച്ചയും ഡിജിറ്റൽ രംഗത്തേക്കുള്ള മാറ്റങ്ങളും ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം.
ഫോറത്തിൽ അംഗങ്ങളായ ഖത്തറിലെ മലയാളി സംരംഭകർക്ക് അതിവേഗം വ്യാപാര പുരോഗതി കൈവരിക്കാൻ മികച്ച ക്ലാഡ് സാങ്കേതിക സേവനങ്ങൾ മിതമായ ചെലവിൽ ലഭ്യമാക്കും. അംഗങ്ങൾക്ക് ക്ലൗഡ് അധിഷ്‌ഠിത ബിസിനസ് ആപ്ലിക്കേഷനുകളുടെ സമഗ്രമായ സ്യൂട്ടിലേയ്ക്ക് പ്രവേശിക്കാനുള്ള സോഹോ വാലറ്റ് ക്രെഡിറ്റുകൾ അനുവദിക്കും. ഡിജിറ്റൽ വൽക്കരണത്തിലൂടെ വ്യാപാരം കൂടുതൽ കാര്യക്ഷമമാക്കാനും ഉപഭോക്തൃ ഇടപെഴകൽ വർധിപ്പിക്കാനും ഡാറ്റാ അധിഷ്ഠിത തീരുമാനങ്ങൾ എടുക്കാനും സംരംഭകരെ പ്രാപ്തരാക്കും.
മലയാളി ബിസിനസ് സംരംഭകർ ഏറ്റവും മിടുക്കന്മാരുടെ സമൂഹമാണെന്നും ബിസിനസ് ലോകത്ത് അദ്ഭുതം സൃഷ്ടിക്കാൻ കഴിവുള്ളവരാണെന്നും കെബിഎഫ് പ്രസിഡന്‍റ് അജി കുര്യാക്കോസ് പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് ലോകത്തെ തിരിച്ചറിഞ്ഞ് ഏറ്റവും പുതിയ സാങ്കേതികവിദ്യയെക്കുറിച്ച് അംഗങ്ങളെ അറിയിക്കാനും പരിശീലിപ്പിക്കാനും ശ്രമിക്കുന്നു. സാങ്കേതികതയുടെ പിന്തുണയോടൊപ്പം നന്നായി ചിട്ടപ്പെടുത്തിയതും പ്രവർത്തനസജ്ജമായ ഒരു ബിസിനസ് സിസ്റ്റം ഉണ്ടായിരിക്കുക എന്നതുമാണ് വിജയകരമായ ഓരോ ബിസിനസ് യൂണിറ്റിന്റെയും പ്രധാനം. പരിശീലനം സ്വായത്തമാക്കിയും വാണിജ്യ നിബന്ധനകളെ ഉൾക്കൊണ്ടും അവസരങ്ങൾ കണ്ടെത്തുക, താൽപര്യമുള്ള അംഗങ്ങളെ പ്രാപ്തരാക്കുക തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നത്.