മൂന്ന് പതിറ്റാണ്ടിലെ പ്രവാസ ജീവിതത്തിൽ ആറ് കമ്പനികളിൽ ജോലി, ഇത്രയും കാലം ഒരു അവധി പോലുമെടുക്കാത്ത ആത്മാർഥ സേവനം, യുഎഇയിലെ പ്രമുഖ വികസനപദ്ധതികളിലെല്ലാം പ്രവർത്തിക്കാൻ അപൂർവാവസരം

മൂന്ന് പതിറ്റാണ്ടിലെ പ്രവാസ ജീവിതത്തിൽ ആറ് കമ്പനികളിൽ ജോലി, ഇത്രയും കാലം ഒരു അവധി പോലുമെടുക്കാത്ത ആത്മാർഥ സേവനം, യുഎഇയിലെ പ്രമുഖ വികസനപദ്ധതികളിലെല്ലാം പ്രവർത്തിക്കാൻ അപൂർവാവസരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്ന് പതിറ്റാണ്ടിലെ പ്രവാസ ജീവിതത്തിൽ ആറ് കമ്പനികളിൽ ജോലി, ഇത്രയും കാലം ഒരു അവധി പോലുമെടുക്കാത്ത ആത്മാർഥ സേവനം, യുഎഇയിലെ പ്രമുഖ വികസനപദ്ധതികളിലെല്ലാം പ്രവർത്തിക്കാൻ അപൂർവാവസരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ മൂന്ന് പതിറ്റാണ്ടിലെ പ്രവാസ ജീവിതത്തിൽ ആറ് കമ്പനികളിൽ ജോലി, ഇത്രയും കാലം ഒരു അവധി പോലുമെടുക്കാത്ത ആത്മാർഥ സേവനം, യുഎഇയിലെ പ്രമുഖ വികസനപദ്ധതികളിലെല്ലാം പ്രവർത്തിക്കാൻ അപൂർവാവസരം, അമേരിക്കൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂഷന(എസിഐ)ലിൽ അംഗത്വം, നൂതന കണ്ടുപിടിത്തം, തിരക്കിട്ട ജീവിതത്തിനിടയിലും കൈവിടാതെ സാമൂഹിക സേവനം, 1500 ദിർഹം പ്രതിമാസ ശമ്പളത്തിൽ ആരംഭിച്ച ജോലി; ഒടുവിൽ പ്രവാസമണ്ണിനോട് 'മഹസ്സലാമ' പറയുമ്പോൾ സാധാരണക്കാരന് സങ്കല്‍പിക്കാൻ പോലുമാകാത്ത, വൻതുക വേതനം – എല്ലാ വിശേഷങ്ങൾക്കുമപ്പുറം ഉന്നത നിലയിൽ തിളങ്ങിയ പ്രവാസി മലയാളി.

ഒടുവിൽ ഇതെല്ലാം ഉപേക്ഷിച്ച് പൂർണസംതൃപ്തിയോടെ സ്വന്തം മണ്ണിലേയ്ക്ക് മടങ്ങുകയാണ് പത്തനംതിട്ട അടൂർ സ്വദേശിയായ വേണു ഭാർഗവൻ നായർ എന്ന ബി.വേണു. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാസ് എന്ന സന്നദ്ധ സംഘടനയുടെ സജീവ പ്രവർത്തകനായ, അടുപ്പമുള്ളവരുടെ വേണുവേട്ടൻ ഈ തീരുമാനമെടുത്തതിന് പിന്നിലൊരു പ്രധാന കാരണമുണ്ട്. കുടുംബബന്ധങ്ങളെ മറന്ന് നേട്ടങ്ങൾക്ക് പിന്നാലെ പായുന്ന ഓരോ പ്രവാസിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. ആ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിന് മുൻപ്, വേണു എന്ന 55 വയസ്സുകാരൻ  മനോരമ ഓൺലൈനിനോട് തന്റെ പ്രവാസജീവിത ചരിത്രം പറയുന്നു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

∙ യുഎഇയുടെ വികസന പ്രവർത്തനങ്ങളിൽ പങ്കാളി
1994ൽ തന്‍റെ 24–ാമത്തെ വയസിലാണ് വേണു യുഎഇയിലെത്തിയത്. അധ്യാപകനായിരുന്ന ഭാർഗവൻ നായരുടെയും ഓമനക്കു‌ട്ടിയമ്മയുടെയും മകൻ പഠിക്കാൻ മിടുക്കനായിരുന്നു. (സ്കൂളിൽ ചേർക്കുമ്പോൾ തന്നെ നായർ എന്ന വാൽ സാമൂഹിക പരിഷ്കർത്താവായ പിതാവ് മുറിച്ചുമാറ്റിയിരുന്നു). പത്തിൽ പഠിക്കുമ്പോൾ സ്വന്തം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ഗണിത പാഠങ്ങൾ പറഞ്ഞുകൊടുത്ത വേണു, പിന്നീട് രസതന്ത്ര ബിരുദം ഒന്നാം ക്ലാസോടെ പാസായി. ഇതോടൊപ്പം എൻജിനീയറിങ്ങിലും തത്പരനായിരുന്ന വേണു എൻജിനീയറിങ് വിദ്യാർഥികൾക്കും ക്ലാസെടുക്കുമായിരുന്നു. സമാന്തരമായി രാഷ്ട്രീയപ്രവർത്തനവും സാമൂഹിക പ്രവർത്തനവും നടത്തി. പിന്നീട് കൂടുതൽ ഉയർച്ചകൾ തേടി യുഎഇയില്‍ പറന്നെത്തി.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഇലപ്പച്ചപ്രദേശമായ അൽഎനിലെ കമ്പനിയിലായിരുന്നു ആദ്യം ചേർന്നത്. നഗരത്തിൽ നിന്ന് 130 കിലോ മീറ്റർ മാറി തീർത്തും മരുഭൂപ്രദേശമായ ഷുഐബിലായിരുന്നു ആദ്യ ഡ്യൂട്ടി. റോഡ് നിർമാണ സ്ഥലത്ത്, മരുഭൂമിയിലെ തമ്പിൽ മാസങ്ങളോളം താമസിച്ചു. ഈ കമ്പനിയിൽ നാലര വർഷം ജോലി ചെയ്ത ശേഷം പടിയിറങ്ങി. തുടർന്ന് ഒരു ജർമൻ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. അബുദാബി രാജ്യാന്തര വിമാനത്താവളം ടാക്സിവേ (റൺവേയിലിറങ്ങിയ ശേഷം വിമാനം സഞ്ചരിക്കുന്ന വഴി) പുനരുദ്ധാരണ പ്രവൃത്തികൾക്ക് രണ്ടര വര്‍ഷം ചെലവഴിച്ച ശേഷം, റാസൽഖൈമ അൽ നഖീൽ പാലം ഉൾപ്പെടെയുള്ള നവീകരണ പദ്ധതികളിലും പ്രവർത്തിച്ചു. 2002ൽ യുഎഇയിലെ പ്രമുഖ കമ്പനിയായ ഖാൻസാബിൽ ചേർന്നു. ഒന്നര പതിറ്റാണ്ട് ഇവിടെ പ്രവർത്തിച്ചു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

ഷാർജ രാജ്യാന്തര വിമാനത്താവളം, സ്റ്റീൽ പാലം, മക്തൂം ബ്രിഡ്ജ്, ട്രേഡ് സെൻ്റർ ഫ്ലൈഒാവർ, റൗണ്ടെബൗട്ടുകളുടെ നിർമാണം അടക്കം ഒട്ടേറെ പ്രമുഖ പദ്ധതികൾക്ക് ഖാൻസാബായിരുന്നു നേതൃത്വം നൽകിയത്.  ഇതിനിടെയാണ് ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന എൻജിനീയർമാരെല്ലാം കൊതിക്കുന്ന അമേരിക്കൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂഷനി(എ സി െഎ)ൽ അംഗത്വം ലഭിച്ചത്. തുടർന്ന് 2017ൽ ചൈന സർക്കാരിന്റെ കീഴിലുള്ള ചൈന സ്റ്റേറ്റ് കോൺട്രാക്ടിങ് എൻജിനീയറിങ് കോർപറേഷൻ കമ്പനിയിൽ ചേർന്നു. ദുബായിലെ പ്രശസ്തമായ അൽ ഷിന്ദഗ പാലം, എക്സ്പോ ഫ്ലൈഓവർ തുടങ്ങിയ ബൃഹത് നിർമാണ പ്രവർത്തനങ്ങളുടെ ഗുണമേന്മാ വിഭാഗം തലവനായി പ്രവർത്തിച്ചു. പിന്നീട്, യുഎഇയുടെ ഗതാഗത ചരിത്രത്തിൽ വിപ്ളവും സൃഷ്ടിക്കാൻ പോകുന്ന എത്തിഹാദ് റെയിൽ പദ്ധതിയിലും  പ്രവർത്തിക്കാനായി. എന്‍ജീനയറിങ് പഠിക്കാതെ എൻജിനീയറായ വേണുവിന്റെ കീഴെ ഒട്ടേറെ എൻജിനീയർമാർ ജോലി ചെയ്തു എന്ന പ്രത്യേകതയുമുണ്ട്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ ഹനീഫ പകർന്ന ആത്മവിശ്വാസം ജീവിത വിജയമായി
അൽ െഎനിൽ ജോലി ചെയ്ത കമ്പനിയിലെ മെറ്റൽ എൻജിനീയറായിരുന്ന തിരുവനന്തപുരം സ്വദേശി ഹനീഫ ഒരു ദിവസം വേണുവിനോട് പറഞ്ഞു, ഞാൻ പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുകയാണ്. ഇൗ രംഗത്ത് വേണുവിന് ഞാൻ ശോഭനമായ ഭാവി കാണുന്നു. അതുകൊണ്ട് എന്റെ തസ്തിക താങ്കൾക്ക് കൈമാറാൻ ആഗ്രഹിക്കുന്നു. അതിനുള്ള യോഗ്യത വേണുവിനുണ്ട്. കമ്പനി മാനേജ്മെന്റിനോട് ഞാനിക്കാര്യം ആവശ്യപ്പെടാൻ പോവുകയാണ്. അങ്ങനെയാണ് വേണു ആ കമ്പനിയിൽ ഉയർച്ചയുടെ പടവുകൾ കയറുന്നത്. 1500 ദിർഹത്തിനായിരുന്നു വേണു അവിടെ ജോലി ചെയതിരുന്നത്. പിന്നീട് സ്വപ്നലോകത്തെന്നവണ്ണം ഉയർച്ചയിലേയ്ക്കുള്ള യാത്രയായിരുന്നു. ഒടുവിൽ അതെത്തിച്ചേർന്നത് സൗദി ആസ്ഥാനമായുള്ള നിയോം എന്ന കമ്പനിയിൽ.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

∙ ദ് ലെയ്ൻ സിറ്റി; സൗദിയുടെ വിസ്മയനഗരം
അടുത്തകാലത്തായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ രാജ്യം ആരെയും വിസ്മയിപ്പിക്കുന്ന ഉയർച്ചയിലേയ്ക്ക് കുതിക്കുകയാണല്ലോ. ഇൗ വികസനക്കുതിപ്പിന്റെ ഭാഗമായുള്ള, ലോകം ഉറ്റുനോക്കുന്ന ദ് ലെയ്ൻ സിറ്റി എന്ന 250 കിലോ മീറ്റർ ദൈർഘ്യമുള്ള നഗര പദ്ധതിയുടെ 11 ബില്യൻ റിയാൽ ചെലവഴിച്ചുള്ള ടണൽ പ്രോജക്ടിന്റെ ഭാഗമാകാനും നിയോം കമ്പനിയിലൂടെ വേണുവിന് സാധിച്ചു. പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ മാത്രം സഞ്ചരിക്കുന്ന റോഡിന് ഇരുവശത്തുമായാണ് ദ് ലെയ്ൻ സിറ്റി സ്ഥിതി ചെയ്യുന്നത്. മരുഭൂമികൾ കടന്ന് മനോഹരമായ ചെങ്കടൽ വരെ 170 കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന ഒരു വൈജ്ഞാനിക നഗരം. സമുദ്രനിരപ്പിൽ നിന്ന് 500 മീറ്റർ ഉയരത്തിൽ, എന്നാൽ 200 മീറ്റർ വീതിയുള്ള ഭൂമി സംരക്ഷിക്കുന്ന ഒരു കണ്ണാടി വാസ്തുവിദ്യാ മാസ്റ്റർപീസ്. നഗരവികസനത്തിന്റെ ആശയവും ഭാവിയിലെ നഗരങ്ങൾ എങ്ങനെയായിരിക്കുമെന്നും ലെയ്ൻ പുനർനിർവചിക്കുന്നു–ഇതാണ് അധികൃതർ ഇൗ വിസ്മയപദ്ധതിയെ വിശേഷിപ്പിക്കുന്നത്. 2025ൽ ആദ്യഘട്ട നിർമാണം പൂർത്തിയാകും.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ എട്ട് മണിക്കൂറിനുള്ളിൽ ഉറയ്ക്കുന്ന കോൺക്രീറ്റിന് പിന്നിൽ
എട്ട് മണിക്കൂറിനുള്ളിൽ ദൃഢമാകുന്ന കോൺക്രീറ്റിന്(ഫയർ റേറ്റഡ് കോൺക്രീറ്റ്) പിന്നിലെ കരങ്ങൾ വേണുവിൻ്റേതാണ്. അഗ്നിസുരക്ഷിതമായ ഇൗ കോൺക്രീറ്റ് ആയിരത്തിൽ കൂടുതൽ ഡിഗ്രി സെൽഷ്യലിലേറെ താപനിലയിൽപ്പോലും പ്രതിരോധശേഷിയുള്ളതാണ്. ദുബായ് മുനിസിപാലിറ്റിയുടെ ഭാഗമായുള്ള സെൻട്രൽ ലബോറട്ടിയുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്നയാളായിരുന്നു ഇദ്ദേഹം. ക്രിയാത്മക മാര്‍നിർദേശങ്ങൾ നൽകിയതിന് ദുബായ് മുനിസിപാലിറ്റിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ പിതാവിന് കൊടുത്ത വാക്ക് പാലിക്കുന്നു
തിരിച്ചുപോക്കിന്റെ ഭാഗമായി സൗദിയിലുണ്ടായിരുന്ന എംപ്ലോയ്മെന്റ് വീസ റദ്ദാക്കി.  അപ്പോഴും എന്തിനാണ് വേണു എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പ്രവാസ ജീവിതം മതിയാക്കി മടങ്ങുന്നത് എന്ന് പറഞ്ഞില്ലല്ലോ, പറയാം. ഒരിക്കൽ അവധിക്ക് നാട്ടിൽ ചെന്നപ്പോൾ പിതാവ് ഭാർഗവൻ നായർ ശാന്തമായി വേണുവിനോട് ആരാഞ്ഞു, ഗൾഫിൽ തന്നെ ജോലി ചെയ്യണമെന്നുണ്ടോ? ഇവിടെയും മനുഷ്യർ ജോലി ചെയ്തു ജീവിക്കുന്നില്ലേ? നിനക്കും അതുപോരേ?

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

വയോധികനായ പിതാവിന്റെ മനസ്സ് വായിച്ചറിഞ്ഞ വേണു പക്ഷേ, പെട്ടെന്നൊന്നും ജോലി രാജിവച്ച് തിരിച്ചു പോകാനുള്ള സാഹചര്യത്തിലായിരുന്നില്ല. പിതാവിന്റെ, വാർധക്യത്തിന്റെ ചുളിവുകൾ വീണ കൈകൾ കൂട്ടിപ്പിടിച്ച് വേണു പറഞ്ഞു: അച്ഛന് എപ്പോൾ എന്നെ ആവശ്യമുണ്ടോ അപ്പോൾ ഞാനവിടെയെത്തും.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

അടുത്തകാലത്തായി ഭാർഗവൻനായരെ വാർധക്യസഹജമായ രോഗങ്ങൾ അലട്ടിക്കൊണ്ടിരിക്കുന്നു. ഒരു മകന്റെ സാമീപ്യം അദ്ദേഹം കൊതിക്കുന്നു എന്ന് തിരിച്ചറിഞ്ഞ വേണു മറ്റൊന്നും ആലോചിക്കാതെ ആ തീരുമാനമെടുത്തു–പ്രവാസ ജീവിതം മതിയാക്കി പ്രിയപ്പെട്ട പിതാവിന് അരികിലെത്തുക, എത്രയും പെട്ടെന്ന്. ഏതൊരു പ്രവാസി മലയാളിയെയും പോലെ ഗൃഹാതുരത മാടിവിളിക്കുന്ന നാടിന്റെ പച്ചപ്പിലേയ്ക്ക് തിരിച്ചുപോക്ക്. ഭാര്യ അഞ്ജനയും മക്കളായ നിഥിൻ, നിരഞ്ജൻ എന്നിവരും ഇതിനോട് യോജിച്ചതോടെ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. യുഎഇ വീസ കൂടി റദ്ദാക്കി, കമ്പനി നടപടികൾ പൂർത്തിയായാലുടൻ മടങ്ങും.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ പാചകം അഭിനിവേശം; സഞ്ചാരപ്രിയൻ
സഞ്ചാരപ്രിയനായ വേണു 12ലേറെ യൂറോപ്യൻ രാജ്യങ്ങളും ആഫ്രിക്കൻ രാജ്യങ്ങളും കുടുംബസമേതം സന്ദർശിച്ചിട്ടുണ്ട്. നാട്ടിൽ നിർമിച്ച സവിശേഷതകളുള്ള വീട് തീർത്തും പരിസ്ഥിതി സൗഹൃദം. വീടിനകത്ത് മരങ്ങൾ വളരുന്ന അപൂർവകാഴ്ച ഇവിടെ കാണാം. പാചകത്തിൽ ഏറെ തത്പരനായതിനാൽ നാട്ടിൽ ഒരു റസ്റ്ററന്റ് തുറക്കണമെന്നാണ് ആഗ്രഹം. എന്നോ വായിച്ച ഇംഗ്ലീഷ് നോവലിലെ  ടബാർഡ് എന്ന സത്രത്തിന്റെ പേര് ഏറെ ആകർഷിച്ചിരുന്നതിനാൽ അതാണ് റസ്റ്ററന്റിന് നൽകിയിരിക്കുന്ന നാമം. ആഗോള രുചി പരിടയപ്പെടുത്തുന്ന, ദുബായുടെ പാത പിന്തുടർന്നുള്ള റസ്റ്ററന്റ് ശൃംഖല–അതാണ് തന്റെ സ്വപ്നമെന്ന് വേണു പറയുന്നു. ഇതോടൊപ്പം കഴിയുംവിധം സാമൂഹിക സേവനം നടത്താനും ആഗ്രഹിക്കുന്നു. ഫോൺ: +971 55 314 5678(ബി.വേണു).

English Summary:

Success Story of Pravasi Malayali B Venu Who Was a Part of UAE Development