യുഎഇ: പരീക്ഷ എഴുതേണ്ട; ഡിപിഇപിയുടെ പരിഷ്കൃത രൂപം, സ്കൂളുകളിൽ എല്ലാവരെയും ജയിപ്പിച്ചു വിടുന്ന പരിപാടിയില്ല
മധ്യവേനൽ അവധിക്കുശേഷം കുട്ടികളെ വരവേൽക്കാനുള്ള ഒരുക്കങ്ങളാണ് യുഎഇയിലെ സ്കൂളുകളിൽ. നാട്ടിലെ പ്രവേശനോത്സവം തന്നെ.
മധ്യവേനൽ അവധിക്കുശേഷം കുട്ടികളെ വരവേൽക്കാനുള്ള ഒരുക്കങ്ങളാണ് യുഎഇയിലെ സ്കൂളുകളിൽ. നാട്ടിലെ പ്രവേശനോത്സവം തന്നെ.
മധ്യവേനൽ അവധിക്കുശേഷം കുട്ടികളെ വരവേൽക്കാനുള്ള ഒരുക്കങ്ങളാണ് യുഎഇയിലെ സ്കൂളുകളിൽ. നാട്ടിലെ പ്രവേശനോത്സവം തന്നെ.
മധ്യവേനൽ അവധിക്കുശേഷം കുട്ടികളെ വരവേൽക്കാനുള്ള ഒരുക്കങ്ങളാണ് യുഎഇയിലെ സ്കൂളുകളിൽ. നാട്ടിലെ പ്രവേശനോത്സവം തന്നെ. ഇത്തവണ, പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങളാണ് കുട്ടികളെ കാത്തിരിക്കുന്നത്. 5 മുതൽ 8 വരെ ക്ലാസുകളിലെ കുട്ടികൾക്ക് പരീക്ഷ എഴുതേണ്ട എന്നതാണ് പ്രധാന മാറ്റം. പ്രായോഗിക പരിജ്ഞാനം അളക്കുന്ന മൂല്യനിർണയത്തിലേക്ക് സർക്കാർ സ്കൂളുകൾ മാറുകയാണ്. നമ്മുടെ ഡിപിഇപിയുടെ പരിഷ്കൃത രൂപം. പതുക്കെ ഇത് സ്വകാര്യ സ്കൂളുകളിലേക്കും വരാം. പാശ്ചാത്യ നാടുകളിലൊന്നും കുട്ടികൾക്കു പരീക്ഷാ പേടിയില്ലത്രേ! നമ്മുടെ പിള്ളേര് വിദേശങ്ങളിൽ പോയി പഠിക്കുന്ന ഉന്നതവിദ്യാഭ്യാസ മേഖലയിലും പരീക്ഷയില്ല. പഠിച്ചതു മനസ്സിലായോ, അതിനെ പ്രയോഗിക്കാൻ അറിയുമോ? അറിഞ്ഞതിലും അപ്പുറം അറിയാൻ ശ്രമിച്ചോ തുടങ്ങിയവയാണ് പരിശോധിക്കുക.
നന്നായി പഠിച്ചിട്ടു മതി അടുത്ത ക്ലാസിലേക്കുള്ള പ്രവേശനം എന്നൊരു തീരുമാനം കൂടി സർക്കാർ എടുത്തു. വിജയശതമാനം 70ൽ നിന്ന് 60 ആക്കി. എല്ലാവരെയും ജയിപ്പിച്ചു വിടുന്ന പരിപാടിയില്ല. ഇങ്ങനൊരു തീരുമാനം വൈകിയാണെങ്കിലും കേരളത്തിലും ഉണ്ടായതിൽ സന്തോഷം. നന്നായി പഠിച്ച് കാര്യങ്ങൾ അറിയുന്നവർക്ക് മാത്രമാണ് അടുത്ത ക്ലാസിലേക്കു പ്രവേശനം. പത്താം ക്ലാസും പ്ലസ്ടുവും പഠിക്കുന്നവർക്ക് സ്വന്തം പേരെഴുതാൻ അറിയില്ലെന്ന് നാട്ടിലെ ഒരുന്നതൻ പറഞ്ഞതു പോലൊരു സാഹചര്യം ഇവിടെ ആരും ആഗ്രഹിക്കുന്നില്ല. ബോർഡിൽ എഴുതിയതു ബുക്കിലേക്ക് പകർത്തി എഴുതാൻ പോലും അറിയാത്തവർ നാട്ടിലെ ഹയർ സെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്നുണ്ടെന്ന് പറയുന്നതിനൊപ്പം ഓൾ പാസിന്റെ അപകടവും തിരിച്ചറിയണം. ടോയ്‌ലറ്റ് ക്ലീനറുകളിലെ പരസ്യത്തിൽ കാണുംപോലെ 99.9% വിജയം നേടുന്നതിൽ കാര്യമില്ലെന്നു തിരിച്ചറിഞ്ഞാൽ പഠനം മെച്ചപ്പെടും.
നഴ്സറി മുതൽ ബിരുദാനന്തര ബിരുദം വരെ ഏതാണ് 20 വർഷം പഠിച്ചിട്ടും തെറ്റില്ലാതെ ഏതെങ്കിലും ഒരു ഭാഷ കൈകാര്യം ചെയ്യാൻ വിദ്യാർഥികൾ പ്രാപ്തരാകുന്നില്ലെങ്കിൽ നമ്മുടെ വിദ്യാഭ്യാസത്തിന് എന്തോ കുഴപ്പമുണ്ടെന്ന് തന്നെയാണ് അർഥം. മൂഢൻ, മണ്ടൻ, കഴുത തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ നമ്മുടെ വിദ്യാർഥി സമൂഹത്തെ വിശേഷിപ്പിച്ചവർ അറിയുക, നിങ്ങൾ കൊള്ളില്ലെന്നു മുദ്ര കുത്തുന്ന വിദ്യാർഥി വീട്ടിൽ പണിക്കു വരുന്ന ബംഗാളിയോട് മിണ്ടിയും പറഞ്ഞും മണിമണി പോലെ ഹിന്ദി സംസാരിക്കും. ദുബായിൽ വന്നാൽ, നല്ല പച്ചവെള്ളം പോലെ അറബി പറയും, യുകെയിൽ പോയാൽ സായിപ്പിനേക്കാൾ നല്ല ഇംഗ്ലിഷ് പറയും.
കവിതയും കഥയും പഠിക്കുന്നതു പോരാഞ്ഞ് സയൻസും സാമൂഹിക ശാസ്ത്രവും കണക്കും വരെ ഇംഗ്ലിഷിൽ പഠിപ്പിച്ചിട്ടും നാലാളു കൂടുന്നിടത്ത് ഇംഗ്ലിഷു പറയാൻ മുട്ടു വിറയ്ക്കുന്നുണ്ടെങ്കിൽ നമ്മുടെ അധ്യയനരീതിക്ക് എന്തെല്ലാമോ പ്രശ്നങ്ങളുണ്ടെന്നു കരുതണം. കാലം മാറുമ്പോൾ വിദ്യാഭ്യാസ രീതിയും മാറുന്നതിൽ ഒരു തെറ്റുമില്ല. അങ്ങനൊരു മാറ്റമാണ് ഈ വർഷം മുതൽ യുഎഇ കൊണ്ടുവരുന്നത്.
സ്കൂളുകൾക്കും വിദ്യാഭ്യാസത്തിനും വിദ്യാർഥികൾക്കും ഈ രാജ്യം നൽകുന്ന പരിഗണന നമുക്കും മാതൃകയാക്കാം. സ്കൂൾ തുറക്കുന്നതിന് ആഴ്ചകൾക്കു മുൻപേ രക്ഷിതാക്കളെ രാജ്യം ബോധവൽക്കരിച്ചു. അവധിയുടെ ആലസ്യത്തിൽ നിന്ന് പഠനത്തിന്റെ ഊർജത്തിലേക്കു കുട്ടികളെ പതിയെ കൈപിടിച്ചു നടത്തേണ്ടതിന്റെ വഴികളാണ് ഇതിലൂടെ വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിട്ടത്. ഉറക്കസമയം നേരേയാക്കാൻ കഴിഞ്ഞ ആഴ്ച മുതലേ ശ്രമം തുടങ്ങി. അതിരാവിലെ എഴുന്നേറ്റ് സ്കൂളിൽ പോകാൻ ഒറ്റ ദിവസം കൊണ്ട് കുട്ടിക്ക് കഴിയില്ലെന്ന് അവരേക്കാൾ നന്നായി വിദ്യാഭ്യാസ വകുപ്പിനറിയാം.
സ്കൂൾ യാത്ര സുരക്ഷിതമാക്കാൻ ഡ്രൈവർമാർക്ക് പരിശീലനം നൽകിയത് ആർടിഎയും ദുബായ് പൊലീസും ചേർന്നാണ്. 5 ദിവസത്തെ ശിൽപശാലയിൽ റോഡ് നിയമങ്ങളും സുരക്ഷിത ഡ്രൈവിങ്ങും പഠന വിഷയമായി. മുതിർന്ന ഡ്രൈവർമാരുടെ അനുഭവ സാക്ഷ്യവും ഈ ശിൽപശാലയിൽ ഉണ്ടായിരുന്നു. അവർ ആർജിച്ചെടുത്ത അറിവുകൾ പങ്കുവച്ചു. ആദ്യ ദിവസത്തെ തിരക്ക് ഒഴിവാക്കാൻ സ്കൂളുകൾ തമ്മിലും ധാരണയായി. സ്കൂൾ തുറക്കുന്നതിനു വ്യത്യസ്ത സമയം ക്രമീകരിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്കു കുട്ടികളെ സ്കൂളിലാക്കി വരാൻ തിങ്കളാഴ്ച ഫ്ലെക്സിബിൾ സമയവും അനുവദിച്ചു. റോഡിൽ സ്കൂൾ കുട്ടികളെ കരുതിയില്ലെങ്കിൽ ഡ്രൈവർമാരുടെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നു പൊലീസ് പ്രഖ്യാപിച്ചു കഴിഞ്ഞു.
സ്കൂൾ ബസിന്റെ സ്റ്റോപ് ബോർഡ് കണ്ടാൽ ഇരുവശത്തേക്കുമുള്ള വണ്ടികൾ നിർത്തണം. കുട്ടി ഇറങ്ങി, രക്ഷിതാവിന്റെ അടുത്ത് എത്തി, ബസിലെ സഹായി തിരികെ കയറി സ്റ്റോപ് ബോർഡ് മടക്കും വരെ മറ്റു വാഹനങ്ങൾ ചലിക്കരുത്. ചലിച്ചാൽ, ബ്ലാക്ക് പോയിന്റും പണനഷ്ടവുമാകും ഫലം.
നാളത്തെ തലമുറയോട് കാണിക്കുന്ന കരുതലും സൂക്ഷ്മതയുമാണിത്. പിള്ളേരല്ലേ എങ്ങനേലും പഠിച്ചോളും, സ്കൂളിൽ പൊയ്ക്കോളും, ജയിച്ചുകൊള്ളും എന്നൊന്നും കരുതരുത്. എങ്ങനെങ്കിലും എന്തെങ്കിലുമാകാനല്ല, രാജ്യത്തിന്റെ സ്വത്തും സമ്പത്തുമാകേണ്ടവരാണ് കുട്ടികൾ എന്നാണ് യുഎഇ പഠിപ്പിക്കുന്നത്.