ദുബായ് മെട്രോ: ഒരു മണിക്കൂർ യാത്ര, 15 ദിർഹം ചെലവ്, പ്രവാസലോകത്തിന്റെയും സ്വപ്നക്കുതിപ്പ്
Mail This Article
ദുബായ് ∙ കഴിഞ്ഞ 11 വർഷമായി മെട്രോയിലെ സഥിരംയാത്രക്കാരിയാണ്. അൽ നഹ്ദയിലെ വീട്ടിൽ നിന്ന് ഇന്റർനെറ്റ് സിറ്റി സ്റ്റേഷനിലേക്ക് ഒരു മണിക്കൂറാണ് യാത്ര. ആദ്യ വർഷങ്ങളിലൊക്കെ ഞാനും കുറെ ഫിലിപ്പിനോസുമായിരുന്നു മെട്രോ പതിവായി ഉപയോഗിച്ചിരുന്നത്.
ഇന്ന് അവസ്ഥ മാറി. ഗ്രീൻ ലൈനിലെ ആദ്യ സ്റ്റേഷനുകളിൽ ഒന്നാണ് അൽ നഹ്ദ. ഇവിടെ നിന്നു കയറുമ്പോൾ പോലും പലപ്പോഴും ഇരിക്കാൻ സ്ഥലം കിട്ടാറില്ല. എല്ലാ രാജ്യക്കാരും ഇപ്പോൾ മെട്രോ ഉപയോഗിക്കുന്നു. സ്വന്തമായി വാഹനം ഉള്ളവർ പോലും മെട്രോ സ്റ്റേഷനിൽ അവ പാർക്ക് ചെയ്ത് മെട്രോയിൽ തുടർയാത്ര നടത്തുന്നവരാണ്. നിശ്ചിത സമയത്തു ലക്ഷ്യത്തിലെത്തും എന്നതാണ് മെട്രോയുടെ ഏറ്റവും വലിയ ഉറപ്പ്. എന്റെ ഓർമയിൽ അപൂർവങ്ങളിൽ അപൂർവമായി മാത്രമാണ് മെട്രോ വൈകിയിട്ടുള്ളത്.
ബസിൽ പോയാൽ ചെലവ് ഇതു തന്നെയാണെങ്കിലും എപ്പോൾ എത്തുമെന്ന് പറയാൻ കഴിയില്ല. വൈകുന്നേരം മടങ്ങിവരുമ്പോഴും ഇതേ തിരക്ക് തന്നെയാണ്. എന്നിരുന്നാലും ഒരു മണിക്കൂറിൽ വീട്ടിലെത്തും.
തുടക്കകാലത്ത് വൈകുന്നേരം 6ന് ശേഷമായിരുന്നു തിരക്ക്. ഇന്നലെ ഉച്ചയ്ക്ക് 3ന് കയറിയപ്പോഴും ഇരിക്കാൻ സ്ഥലം കിട്ടിയില്ല. അൽ നഹ്ദയിൽ നിന്ന് ഇന്റർനെറ്റ് സിറ്റി വരെ പോയി തിരിച്ചുവരാൻ 15 ദിർഹമാണ് ഒരു ദിവസം ചെലവാകുന്നത്. ഇതേ റൂട്ടിൽ കാറിൽ പോയാൽ, 180 ദിർഹത്തിന് അടുത്തു ചെലവു വരും.
രണ്ടര മണിക്കൂറെങ്കിലും യാത്രയ്ക്കു വേണ്ടിവരും. സമയത്തിന്റെ കാര്യത്തിലും ചെലവിന്റെ കാര്യത്തിലും മെട്രോ കൊണ്ടുവന്ന മാറ്റത്തിന്റെ നേരിട്ടുള്ള ഗുണഭോക്താവാണ് ഞാൻ.