ദുബായ് മെട്രോ അറ്റ് 15: എയർപോർട്ടിൽ 10,000 നോൽ കാർഡുകൾ വിതരണം ചെയ്തു
Mail This Article
ദുബായ് ∙ ദുബായ് മെട്രോയുടെ 15-ാം പിറന്നാളാഘോഷങ്ങളുടെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ 10,000 മെട്രോ നോൽ കാർഡുകൾ സൗജന്യമായി വിതരണം ചെയ്തു. എയർപോർട്ട് ടെർമിനലുകൾ 1, 3 എന്നിവിടങ്ങളിലാണ് നോല്‍ കാർഡുകൾ വിതരണം ചെയ്തത്.
ഈ സംരംഭം ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കിയതെന്ന് അധികൃതർ അറിയിച്ചു.
കൂടാതെ യാത്രക്കാരുടെ പാസ്പോർട്ടിൽ ദുബായ് മെട്രോ 15 വർഷം പൂർത്തിയാക്കിയ സ്മരണയ്ക്കായി പ്രത്യേക സ്റ്റാംപുകൾ പതിക്കുകയും ചെയ്തു. ദുബായ് മെട്രോ നഗര ഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായി മാറിയെന്നും ഈ സംരംഭം യാത്രക്കാരുടെ അനുഭവം വർധിപ്പിക്കുകയും നഗര ഗതാഗതത്തെ പിന്തുണയ്ക്കുകയും അടിസ്ഥാന സൗകര്യ വികസനത്തിന് സംഭാവന നൽകുകയും ചെയ്യുന്നുവെന്ന് അധികൃതർ പറഞ്ഞു.
ദുബായ് മെട്രോ നഗരത്തെ അടയാളപ്പെടുത്തുന്നതിൻ്റെ അവിഭാജ്യ ഘടകമാണ്. ദുബായുടെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു ആധുനിക ഗതാഗത മാർഗം വാഗ്ദാനം ചെയ്യുന്നതോടൊപ്പം താമസക്കാർക്കും സന്ദർശകർക്കും മികച്ച അനുഭവങ്ങളാണ് നൽകുന്നതെന്ന് ജി ഡി ആർ എഫ് എ ദുബായ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.
എയർപോർട്ട് ടെർമിനലുകളിലെ മെട്രോ സ്റ്റേഷനുകൾ യാത്രക്കാർക്ക് സുഖപ്രദവും കാര്യക്ഷമവുമായ സേവനം നൽകുന്നു. ഇതിലൂടെ വിമാനത്താവളത്തിനും ദുബായിലെ മറ്റ് ലക്ഷ്യസ്ഥാനങ്ങൾക്കും ഇടയിലുള്ള യാത്ര എളുപ്പമാക്കുന്നുണ്ട്. ദുബായ് മെട്രോ കഴിഞ്ഞ 15 വർഷങ്ങളായി ലക്ഷക്കണക്കിന് യാത്രക്കാർക്ക് ദിനംപ്രതി സേവനം നൽകുന്നു.