അപേക്ഷിച്ച ദിവസംതന്നെ വിവാഹിതരാകാൻ സൗകര്യം; അബുദാബി കുടുംബക്കോടതി കല്യാണത്തിരക്കിൽ!
അബുദാബി ∙ പെട്ടെന്ന് വിവാഹിതരാകാൻ അബുദാബിയിലേക്ക് വിദേശികളുടെ ഒഴുക്ക്. സങ്കീർണ നടപടികൾ ഒഴിവാക്കി സിവിൽ മാര്യേജ് കരാർ പ്രകാരം പരസ്പര സമ്മതത്തോടെ വിവാഹിതരാകാം എന്നതാണ് ആകർഷണം.

അബുദാബി സിവിൽ ഫാമിലി കോർട്ടിലാണ് ഈ സൗകര്യം. അറബ് മേഖലയിൽ ഇംഗ്ലിഷിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്ന ആദ്യത്തെ കോടതിയാണിത്. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഈ വർഷം ആദ്യ 7 മാസത്തിനിടെ 8000 വിവാഹ അപേക്ഷകളാണ് ലഭിച്ചത്. ദിവസേന ശരാശരി 70 അപേക്ഷകൾ. 2021ൽ ആരംഭിച്ച കോടതിയിൽ ഇതുവരെ 26,000 വിവാഹങ്ങൾ റജിസ്റ്റർ ചെയ്തു. ഇതിൽ 120 രാജ്യങ്ങളിൽനിന്നുള്ള ദമ്പതികൾ ഉൾപ്പെടും.
എക്സ്പ്രസ് വിവാഹം
അപേക്ഷ നൽകിയ ദിവസം തന്നെ വിവാഹം കഴിക്കാനുള്ള അതിവേഗ സേവനത്തിനാണ് പ്രിയമേറെ. ഫീസ് 2500 ദിർഹം. അബുദാബിയിൽ വിവാഹം നടത്താനായി മാത്രം വിനോദസഞ്ചാരികൾ എത്തുന്നുണ്ടെന്ന് ജുഡീഷ്യൽ ഡിപ്പാർട്മെന്റ് അണ്ടർ സെക്രട്ടറി യൂസഫ് സഈദ് അൽ അബ്രി പറഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ടിന്റെയും ജുഡീഷ്യൽ ഡിപാർട്ട്മെന്റിന്റെയും ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശത്തെ തുടർന്നാണ് ഈ സൗകര്യം ഒരുക്കിയത്.
വിവാഹമോചനം
ദമ്പതികളിൽ ആരെങ്കിലും വിവാഹമോചനം ആവശ്യപ്പെട്ടാൽ സാക്ഷിവിസ്താരവും മറ്റുമില്ലാതെ ഇരുവരുടെയും സമ്മതത്തോടെ വിവാഹമോചനം അനുവദിക്കും. ഈ സൗകര്യം ഇതുവരെ 590 പേർ പ്രയോജനപ്പെടുത്തി. കുട്ടികളുടെ സംരക്ഷണം, സ്വത്ത്, പണം തുടങ്ങിയ കാര്യങ്ങളിൽ പിന്നീട് കേസ് കൊടുക്കാൻ ഇരുവർക്കും അധികാരമുണ്ട്.
വിൽപത്രം
നേരിട്ട് ഹാജരാകാതെ ലോകത്തിന്റെ ഏതു കോണിൽ ഇരുന്നും അബുദാബി കോടതിയിൽ വിൽപത്രം ഓൺലൈനായി റജിസ്റ്റർ ചെയ്യാം. ഈ സൗകര്യം ഇതുവരെ 5700 പേർ പ്രയോജനപ്പെടുത്തി. ഈ വർഷം ആദ്യ 6 മാസത്തിനിടെ മാത്രം 2500 വിൽപത്രം റജിസ്റ്റർ ചെയ്തു. മുൻ വർഷം ഇതേ കാലയളവിനെക്കാൾ 200 ശതമാനം വർധന. 360 അനന്തരാവകാശ കേസുകളും റജിസ്റ്റർ ചെയ്തു. വിൽപത്രം റജിസ്റ്റർ ചെയ്യാതെ വിദേശി മരിച്ചാൽ ലിംഗഭേദമില്ലാതെ പങ്കാളിക്ക് സമ്പത്തിന്റെ പകുതി ലഭിക്കും. ബാക്കി കുട്ടികൾക്ക് തുല്യമായി വിഭജിക്കണമെന്നാണ് നിയമം.
വിവാഹത്തിനുള്ള നടപടിക്രമങ്ങൾ
∙ ഓൺലൈൻ (www.adjd.gov.ae) വഴിയോ ടൈപ്പിങ് സെന്ററുകൾ മുഖേനയോ ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷിക്കാം.
∙ പാസ്പോർട്ട്, യുഎഇയിൽ താമസവീസ ഉള്ളവരാണെങ്കിൽ എമിറേറ്റ്സ് ഐഡി, മുൻപ് വിവാഹിതരാണെങ്കിൽ വിവാഹമോചന സർട്ടിഫിക്കറ്റ്, ജീവിതപങ്കാളി മരിച്ചതാണെങ്കിൽ മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം.
∙ യുഎഇ പാസ് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ലോഗിൻ ചെയ്യുക.
∙ റജിസ്റ്റർ എ ന്യൂ കേസ് ഓപ്ഷനിൽ നോൺ മുസ്‌ലിം മാര്യേജ് തിരഞ്ഞെടുക്കുക.
∙ ഹാജരാകുന്ന ശാഖ ഓപ്ഷനിൽനിന്ന് തിരഞ്ഞെടുക്കാം. വിവാഹിതരാകുന്ന 2 പേരുടെയും പേരും വിലാസവും മറ്റും തെറ്റുകൂടാതെ രേഖപ്പെടുത്തണം.
∙ ഫീസ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴി അടയ്ക്കാം.
∙ അപേക്ഷ അംഗീകരിച്ചാൽ വിവാഹിതരാകുന്ന തീയതിയും സമയവും തിരഞ്ഞെടുക്കാം.
∙ അനുമതി 24 മണിക്കൂറിനകം ലഭിക്കും.
∙ കോടതിയിലെത്തിയാണോ ഓൺലൈനായാണോ വിവാഹമെന്ന് നേരത്തെ തീരുമാനിക്കണം.
∙ വിവാഹം നടന്ന ഉടൻ യുഎഇ വിദേശകാര്യമന്ത്രാലയം സാക്ഷ്യപ്പെടുത്തിയ മാര്യേജ് സർട്ടിഫിക്കറ്റ് ലഭിക്കും.