മാവേലി വേഷം കെട്ടാൻ ചെലവ് 400 ദിർഹം; സാമ്പത്തിക ലാഭമില്ല, എങ്കിലും 'പ്രേംകുമാർ മാവേലി' ഹാപ്പിയാണ്
അജ്മാൻ ∙ യുഎഇയിലെ അറിയപ്പെടുന്ന മഹാബലി പ്രേംകുമാർ ചിറയിൻകീഴ് വളരെ ബിസിയാണ്; വേദികളിൽ നിന്ന് വേദികളിലേക്ക് പ്രയാണം തുടരുകയാണ് ഈ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി.
അജ്മാൻ ∙ യുഎഇയിലെ അറിയപ്പെടുന്ന മഹാബലി പ്രേംകുമാർ ചിറയിൻകീഴ് വളരെ ബിസിയാണ്; വേദികളിൽ നിന്ന് വേദികളിലേക്ക് പ്രയാണം തുടരുകയാണ് ഈ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി.
അജ്മാൻ ∙ യുഎഇയിലെ അറിയപ്പെടുന്ന മഹാബലി പ്രേംകുമാർ ചിറയിൻകീഴ് വളരെ ബിസിയാണ്; വേദികളിൽ നിന്ന് വേദികളിലേക്ക് പ്രയാണം തുടരുകയാണ് ഈ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി.
അജ്മാൻ ∙ യുഎഇയിലെ അറിയപ്പെടുന്ന മഹാബലി പ്രേംകുമാർ ചിറയിൻകീഴ് വളരെ ബിസിയാണ്; വേദികളിൽ നിന്ന് വേദികളിലേയ്ക്ക് പ്രയാണം തുടരുകയാണ് ഇൗ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി. അജ്മാനിൽ സ്വന്തമായി ബിസിനസ് നടത്തിവരുന്ന 'പ്രേംകുമാർ മാവേലി'ക്ക് മലയാളികളുടെ പ്രിയങ്കരനായ ഇൗ ഭരണാധികാരിയായി മാറുക ഒരു ഹരം. എന്നാൽ ഇൗ വർഷം ഇദ്ദേഹത്തിന് പ്രത്യേകതയുള്ളതായി അനുഭവപ്പെടുന്നത് ചരിത്രത്തിലാദ്യമായി ഒരു മാവേലി ഗൾഫിൽ ഒരു ബിസിനസ് സ്ഥാപനത്തിന്റെ പ്രമോഷന് വേണ്ടി വേഷംകെട്ടി എന്നതാണ്. തന്റെ മാവേലി വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കിടുകയാണ് പ്രേംകുമാർ ചിറയിൻകീഴ്:
∙ഏറ്റയാൾ മുങ്ങി; പ്രേംകുമാർ മാവേലിയായി
മുപ്പതാമത്തെ പ്രാവശ്യം മാവേലി വേഷംകെട്ടാൻ ഒരുങ്ങുകയാണ് ഇദ്ദേഹം. ഈ മാസം 22ന് അജ്മാൻ മലയാളി സമാജത്തിലാണ് ഈ പ്രകടനം. രണ്ട് വർഷം മുൻപ് പ്രേംകുമാർ ഭാരവാഹിയായ അജ്മാൻ മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടിയിൽ മാവേലി വേഷം കെട്ടാൻ ഏറ്റയാൾ ഒഴിഞ്ഞുമാറിയപ്പോൾ ഇദ്ദേഹം അതങ്ങ് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് അടുത്ത വർഷവും കെട്ടി. ഇതോടെ വിവിധ എമിറേറ്റുകളിലെ മലയാളി സംഘടനകളിൽ നിന്ന് ക്ഷണം ലഭിച്ചു. സന്തോഷപൂർവം എല്ലാം സ്വീകരിച്ചു.
കഴിഞ്ഞ വർഷം മാത്രം 18 ആഘോഷങ്ങളിൽ മീശവിരിച്ച്, കുടവയറും പ്രദർശിപ്പിച്ച്, ആടയാഭരണങ്ങളണിഞ്ഞ് ഓലക്കുടയും ചൂടി ആളുകളോട് ക്ഷേമം ചോദിച്ച് സജീവമായി. കള്ളവും ചതിയും പൊളിവചനവുമില്ലാത്ത കാലത്തിന്റെ പ്രതിനിധിയായി പ്രജകളെ കാണാനെത്തുകയും അവരുടെ ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്യുന്നതിലുള്ള സംതൃപ്തിയേക്കാൾ പ്രവാസ ലോകത്ത് തനിക്ക് മറ്റൊന്നുമില്ലെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ഈ വർഷവും ഇതിനകം ആറിടത്ത് മാവേലിയായി. ഇനിയും അത്രയും തന്നെ ബുക്ക് ചെയ്തിട്ടുമുണ്ട്. പ്രവാസ ലോകത്തെ ഓണാഘോഷം ക്രിസ്മസ് വരെ തുടരുന്നതാണല്ലോ!. കഴിയുന്നത്ര കാലം മലയാളികളുടെ മാവേലിത്തമ്പുരാനാകണമെന്നാണ് ആഗ്രഹം. ഇതിൽ സാമ്പത്തിക ലാഭമൊന്നുമില്ല. മാവേലി വേഷം കെട്ടാൻ ചുരുങ്ങിയത് 400 ദിർഹത്തോളം ചെലവുണ്ട്. സംഘാടകർ ചിലപ്പോൾ എന്തെങ്കിലും കൂട്ടിത്തന്നാൽ അത് സ്വീകരിക്കും–പ്രേംകുമാർ മാവേലി നയം വ്യക്തമാക്കുന്നു.
∙ എവിടെ ട്യൂബ് ലൈറ്റുകൾ കെട്ടുന്നു; അവിടെയെല്ലാം 'കൊച്ചുപ്രേമ'നുണ്ട്
കുട്ടിക്കാലത്തെ ആഘോഷങ്ങൾ പ്രേംകുമാറിന്‍റെ ജീവിതത്തിന്റെ ഭാഗമാണ്. എവിടെ ട്യൂബ് ലൈറ്റുകളും മൈക്കും കെട്ടിക്കണ്ടോ അവിടെ 'കൊച്ചുപ്രേമ' നുണ്ടാകും. ഇത് വീട്ടുകാരും കൂട്ടുകാരും പറയുന്ന വിശേഷണമാണ്. നാട്ടിലെ ശിവക്ഷേത്രത്തിലെ ഉത്സവത്തിന് കമ്മിറ്റിക്കാരോട് പ്രത്യേകമായി അഭ്യർഥിച്ച് സ്വന്തം വീട്ടുപറമ്പിലെ തെങ്ങിൽ മൈക്ക് കെട്ടിച്ച ചരിത്രം ഇദ്ദേഹത്തിനുണ്ട്. കൂടാതെ, നബിദിന പരിപാടി നാട്ടിലെ വലിയ ആഘോഷങ്ങളിലൊന്നായിരുന്നു.
മിക്ക ജംഗ്ഷനുകളിൽ കലാപരിപാടികളും ഭക്ഷണവിതരണവുമുണ്ടാകും. പക്ഷേ, പ്രേംകുമാറിന്റെ കവലയിൽ മാത്രം അതുണ്ടായിരുന്നില്ല. ആകെ സങ്കടമായി. ജംഗ്‌ഷനിൽ സൗകര്യമില്ലാത്തതായിരുന്നു കാരണം. കമ്മിറ്റിക്കാർ പറഞ്ഞു, സ്ഥലസൗകര്യമുണ്ടെങ്കിൽ നടത്താം മോനേ എന്ന്. അങ്ങനെ ഞാനും കൂട്ടുകാരും ചേർന്ന് സ്ഥലമൊരുക്കി. നബിദിനാഘോഷം ഇന്നും അവിടെ തുടർന്നുപോരുന്നു. യുഎഇയിലെത്തിയിട്ടും ആഘോഷങ്ങളൊന്നും ഒഴിവാക്കാൻ പറ്റാതെയായി. ബിസിനസ്, സാമൂഹിക പ്രവർത്തനം തിരക്കുകൾക്കിടയിലും എല്ലായിടത്തും ഓടിച്ചെല്ലുന്നു. ആഘോഷം തനിക്കൊരു 'വീക്ക്നെസ്സാ'ണെന്നാണ് ഇദ്ദേഹം ഇതേക്കുറിച്ച് പറയുന്നത്.
സ്കൂളിലും കോളജിലും പഠിക്കുമ്പോൾ നാടകങ്ങളിലഭിനയിച്ച് തുടങ്ങി. പിന്നീട് ചിറയിൻകീഴ് അനുഗ്രഹ ട്രൂപ്പിൽ പ്രധാന നടന്മാരിലൊരാളായിരുന്നു. ആ അഭിനയപരിചയം മാവേലിയായുള്ള പ്രകടനത്തിന് സഹായകമായെന്ന് ഇദ്ദേഹം പറയുന്നു. വേഷംകെട്ടി വെറുതെ ഒരിടത്ത് പോസ്റ്റായി നിൽക്കുകയല്ല ചെയ്യുന്നത്; ആഘോഷത്തിനെത്തുന്നവരോടെല്ലാം കുശലം പറഞ്ഞും ക്ഷേമം നേർന്നും എല്ലായിടത്തും ഓടിനടക്കും. അതുകൊണ്ട് തന്നെ കുട്ടികൾക്കൊക്കെ പ്രേംകുമാർ മാവേലിയോട് വളരെ ഇഷ്ടവുമാണ്. മാവേലിയോട് സംസാരിക്കാനും സങ്കടം പറയാനുമെല്ലാം പലരും തയ്യാറാകുന്നു. പ്രവാസികൾ മിക്കവരും പലതരം പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരാണ്. അവർക്ക് മാനസികമായി പിന്തുണ നൽകാൻ കഴിയുന്നതിലും വലുതായി മറ്റൊന്നുമില്ല. ഇത്തരത്തിൽ രണ്ട് മണിക്കൂർ യാതൊരു ക്ഷീണവുമില്ലാതെ പ്രേംകുമാർ അരങ്ങ് വാഴും.
∙ സിക്സ് പായ്ക്ക് മാവേലിക്ക് വേണ്ട; സ്ത്രീകൾക്ക് ചേരാത്ത വേഷം
അസുര രാജാവായ മാവേലിക്ക് സിക്സ് പായ്ക്ക് വേണോ എന്നത് അടുത്തകാലത്തായി ഉയർന്നുവന്ന ചോദ്യമാണ്. കുടവയറും കൊമ്പൻമീശയുമുള്ള മാവേലി യഥാർഥ മാവേലിയുടെ രൂപമല്ലെന്നും ചിത്രകാരന്മാർ ഉണ്ടാക്കിയതാണ് അതെന്നും ചിലർ വാദിക്കുന്നു. സിക്സ് പായ്ക്ക് തീർച്ചയായും ആവശ്യമില്ല എന്ന് മാത്രമല്ല, അത് ശരിയുമല്ല എന്നാണ് പ്രേംകുമാറിന്റെ അഭിപ്രായം. ഇത്തിരി കുടവയർ, ഇത്തിരി കൊമ്പൻമീശ, ഇത്തിരി പൊക്കക്കൂടുതൽ, ഇത്തിരി തടി–ഇതൊക്കെയാണ് യഥാർഥത്തിൽ മാവേലിത്തമ്പുരാന്റെ ഐഡന്‍റിറ്റി; അരോഗദൃഢഗാത്രനായ ഒത്തപുരുഷൻ. കുടയവർ എന്നത് ഒരിക്കലും ഒരു അവഹേളനമായി കാണേണ്ടതില്ല, മാവേലി വാഴും കാലം അന്നത്തിന് യാതൊരു മുട്ടുമുണ്ടായിരുന്നില്ലെന്നും മാളോരെല്ലാം വയറു നിറച്ച് ഉണ്ടിരുന്നു എന്നുമാണ് അത് സൂചിപ്പിക്കുന്നതെന്നാണ് പ്രേംകുമാർ മാവേലിയുടെ ഉറച്ച അഭിപ്രായം.
തമ്പുരാന് വേണമെങ്കിൽ മുത്തുക്കുട ചൂടാമായിരുന്നു. പക്ഷേ, ഓലക്കുടയാണ് ചൂടിയിരുന്നത്. അദ്ദേഹം വളരെ ലളിതജീവിതം നയിച്ചിരുന്നയാളാണെന്നും എല്ലാ മനുഷ്യരെയും ഒരുപോലെ നോക്കിക്കണ്ടിരുന്നുവെന്നും ഇത് തെളിയിക്കുന്നു. തീർന്നില്ല, ചിലയിടങ്ങളിൽ സ്ത്രീകൾ മാവേലി വേഷം കെട്ടിയതായി അറിഞ്ഞു. ഇതും ആ സങ്കൽപത്തിന് യോജിച്ചതല്ല. പൗരുഷത്തിന്റെ പ്രതീകമായി നിൽക്കേണ്ടയാൾ സ്വന്തം ഭർത്താവിനെയോ മറ്റു പരിചയക്കാരെയോ കാണുമ്പോൾ ചൂളുന്നതും നാണിക്കുന്നതും എന്തൊരു അരോചകമാണ്!.
കഴിഞ്ഞ 24 വർഷമായി പ്രേംകുമാർ യുഎഇയിലുണ്ട്. 2008 മുതൽ അജ്മാനിൽ സ്വന്തമായി അലുമിനിയം ഫാബ്രിക്കേഷൻ സ്ഥാപനം നടത്തുന്നു. അജ്മാന്‍ മലയാളി സമാജം വൈസ് പ്രസിഡന്റ്, അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ മാനേജിങ് കമ്മിറ്റിയംഗം, വേൾഡ് മലയാളി ഫെഡറേഷൻ അജ്മാന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ ബീന ആറ്റിങ്ങലിൽ അധ്യാപികയാണ്. മകൻ അദ്വൈത്, മകൾ കല്യാണി എന്നിവർ വിദ്യാർഥികൾ. പ്രേംകുമാറിനെ ബന്ധപ്പെടാനുള്ള നമ്പർ:+971 55 478 7372.