പ്രതീക്ഷയേകി പൊതുമാപ്പ്: 58 പേർക്ക് ജോലിയായി; ജോലി നൽകാൻ കൂടുതൽ കമ്പനികൾ രംഗത്ത്
ദുബായ് ∙ പൊതുമാപ്പ് ആരംഭിച്ച് 2 ആഴ്ചയ്ക്കിടെ നാലായിരത്തിലേറെ പേർക്ക് ജോലി സാധ്യതയൊരുക്കി സ്വകാര്യ കമ്പനികൾ.
ദുബായ് ∙ പൊതുമാപ്പ് ആരംഭിച്ച് 2 ആഴ്ചയ്ക്കിടെ നാലായിരത്തിലേറെ പേർക്ക് ജോലി സാധ്യതയൊരുക്കി സ്വകാര്യ കമ്പനികൾ.
ദുബായ് ∙ പൊതുമാപ്പ് ആരംഭിച്ച് 2 ആഴ്ചയ്ക്കിടെ നാലായിരത്തിലേറെ പേർക്ക് ജോലി സാധ്യതയൊരുക്കി സ്വകാര്യ കമ്പനികൾ.
ദുബായ് ∙ പൊതുമാപ്പ് ആരംഭിച്ച് 2 ആഴ്ചയ്ക്കിടെ നാലായിരത്തിലേറെ പേർക്ക് ജോലി സാധ്യതയൊരുക്കി സ്വകാര്യ കമ്പനികൾ. പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവരെ അഭിമുഖം നടത്തിയാണ് ജോലി വാഗ്ദാനം ചെയ്യുന്നത്. ഇതിൽ യോഗ്യതയും തൊഴിൽ പരിചയവുമുള്ള 58 പേർ ജോലിയിൽ പ്രവേശിച്ചതായി ജിഡിആർഎഫ്എ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് ജോലി ലഭ്യമാക്കാനായേക്കും.
സുരക്ഷിത സമൂഹത്തിനായി ഒരുമിച്ച് എന്ന ക്യാംപെയ്ന്റെ ഭാഗമായാണ് 2 മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചത്. നിയമലംഘകരായി കഴിയുന്ന വിദേശികൾക്ക് പൊതുമാപ്പിലൂടെ താമസം നിയമവിധേയമാക്കാനോ ശിക്ഷ കൂടാതെ രാജ്യം വിടാനോ ഉള്ള അവസരമാണിത്. രാജ്യത്ത് തുടരാൻ താൽപര്യമുള്ളവർക്ക് വിവിധ കമ്പനികളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാനും ദുബായിലെ പൊതുമാപ്പ് കേന്ദ്രത്തിൽ അവസരമുണ്ട്. വിദേശ റിക്രൂട്മെന്റിന് പകരം രാജ്യത്ത് ലഭ്യമായ തൊഴിലാളികളെ ഉപയോഗപ്പെടുത്താനാണ് കമ്പനികൾക്ക് നിർദേശം നൽകിയത്.
∙ തൊഴിൽ നൽകാൻ കൂടുതൽ കമ്പനികളെത്തും
നിലവിൽ 22 സ്വകാര്യ കമ്പനികൾ ജോലി വാഗ്ദാനം ചെയ്ത് രംഗത്തുണ്ടെന്നും വൈകാതെ 80ലേറെ കമ്പനികൾ കൂടി എത്തുമെന്നും ജിഡിആർഎഫ്എ അറിയിച്ചു. ഇക്കാര്യത്തിൽ പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്നു ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.വിദ്യാഭ്യാസ യോഗ്യത, തൊഴിൽ വൈദഗ്ധ്യം തുടങ്ങി അതതു മേഖലകളിൽ ഉദ്യോഗാർഥികളുടെ കഴിവുകൾ നോക്കിയാണ് അഭിമുഖത്തിനു വിളിക്കുന്നത്.
കഴിവു തെളിയിക്കുന്നവർക്ക് ഉടൻ ജോലി നൽകും. നിർമാണം, ഗതാഗതം, ലോജിസ്റ്റിക് സേവനങ്ങൾ, ഗാർഹിക തൊഴിലാളികൾ, വ്യവസായം, റസ്റ്ററന്റുകൾ തുടങ്ങി വിവിധ മേഖലകളിലെ കമ്പനികളാണ് ജോലി വാഗ്ദാനം ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആരോഗ്യ ഇൻഷുറൻസ്, പാർപ്പിടം, ശമ്പളത്തോടുകൂടിയ അവധി തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും.