കല്യാണത്തിന് പണം വാരിയെറിയേണ്ട; നാട്ടിലെ ചെലവിൽ വിമാനം കയറി ആഢംബരം കുത്തിനിറച്ചു വിവാഹം കഴിച്ചു മടങ്ങാം
മനുഷ്യരുള്ള കാലത്തോളം കല്യാണമേളത്തിനു കുറവുണ്ടാകില്ല. അത് ഏതു ദേശമായാലും കല്യാണക്കാര്യത്തിൽ മാറ്റമില്ല.
മനുഷ്യരുള്ള കാലത്തോളം കല്യാണമേളത്തിനു കുറവുണ്ടാകില്ല. അത് ഏതു ദേശമായാലും കല്യാണക്കാര്യത്തിൽ മാറ്റമില്ല.
മനുഷ്യരുള്ള കാലത്തോളം കല്യാണമേളത്തിനു കുറവുണ്ടാകില്ല. അത് ഏതു ദേശമായാലും കല്യാണക്കാര്യത്തിൽ മാറ്റമില്ല.
മനുഷ്യരുള്ള കാലത്തോളം കല്യാണമേളത്തിനു കുറവുണ്ടാകില്ല. അത് ഏതു ദേശമായാലും കല്യാണക്കാര്യത്തിൽ മാറ്റമില്ല. ഒരു പക്ഷേ, മനുഷ്യരുണ്ടായ കാലം മുതൽ ഇത്രയേറെ അപ്ഡേഷൻ നടന്നിട്ടുള്ള ആഘോഷം മറ്റൊന്നില്ല. ഇത്രയും അസംഘടിതമായ, സ്ഥാപനവൽക്കരിക്കാത്ത മറ്റൊരു വ്യവസായവും ലോകത്തില്ല. കല്യാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും തൊഴിൽ അവസരങ്ങളും കണക്കിലെടുത്താൽ ഇത്രയും വലിയൊരു വ്യവസായം ലോകത്തു വേറെ ഏതുണ്ട്?
കല്യാണ വ്യവസായം എവിടെ നിന്നു തുടങ്ങും? മാര്യേജ് അസംബ്ലർ അഥവാ ദല്ലാളിൽ നിന്നു തുടങ്ങണോ പ്രണയ ബന്ധങ്ങൾക്കു വഴി മരുന്നിടുന്ന മൊബൈൽ ഫോണിൽ നിന്നു തുടങ്ങണോ? എവിടെ നിന്നു തുടങ്ങിയാലും അവിടം മുതൽ ഈ വ്യവസായം പടർന്നു പന്തലിക്കും. കല്യാണ വ്യവസായം താങ്ങിനിർത്തുന്ന മേഖലകൾ ഏതെല്ലാമാണ്? വസ്ത്രം വ്യാപാരം, സ്വർണ വ്യാപാരം, കേറ്ററിങ് മേഖല, എന്റർടെയ്ൻമെന്റ് മേഖല, വിഡിയോ – ഫൊട്ടോഗ്രഫി മേഖല, ഓഡിറ്റോറിയം, പ്രിന്റിങ് മേഖല, ഇവന്റ് മാനേജ്മെന്റ് മേഖല, സ്റ്റേജ് െഡക്കറേഷൻ, ബ്യൂട്ടീഷൻ – മേയ്ക്ക് അപ് മേഖല, ട്രാൻസ്പോർട്ട് ബിസിനസ്, മനുഷ്യ വിഭവ മേഖല, സെക്യൂരിറ്റി സർവീസ് അങ്ങനെ ഒരു കല്യാണം തൊട്ടുണർത്തുന്നത് എത്ര വ്യവസായങ്ങളെയാണ്.
കല്യാണം പവിത്രമാണ്, അതിനെ ഇങ്ങനെയൊക്കെ കച്ചവടവൽക്കരിക്കാമോ? കല്യാണത്തിന് ഇങ്ങനെ പണം വാരിയെറിയാമോ? ആ പണം ഉണ്ടെങ്കിൽ എത്ര പാവങ്ങളെ സഹായിക്കാം എന്നൊക്കെ സാരോപദേശം നൽകുന്ന തത്വജ്ഞാനികൾക്ക് തൽക്കാലം ചെവി കൊടുക്കേണ്ടതില്ല?
ഈ ഉപദേശികളുടെ വാക്കും കേട്ട് പണമുള്ളവർ അവരുടെ കല്യാണം മിതമായി നടത്താൻ തീരുമാനിച്ചാൽ എത്ര പേരുടെ വരുമാനമാണ് അടയുന്നതെന്ന് ഓർക്കണം. പണമുള്ളവർ അതു നന്നായി മുടക്കി തന്നെ കല്യാണം നടത്തുന്നതാണ് നാടിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഉത്തമം.
അതുകൊണ്ടു തന്നെയാണ്, ലോകത്തു കാണാൻ കൊള്ളാവുന്ന രാജ്യങ്ങളൊക്കെ കല്യാണത്തിൽ കയറി പിടിക്കുന്നത്. ആയുർവേദം, ആരോഗ്യ ടൂറിസം എന്നൊക്കെ പറയും പോലെ കല്യാണം കഴിച്ചിട്ടു പോകൂ എന്നതാണ് ടൂറിസം മേഖലയിലെ പുതിയ ട്രെൻഡ്. നാട്ടിലെ ആഡംബരത്തിനൊക്കെ ഒരു പരിധിയുണ്ടെന്നു കരുതുന്നവർ, കല്യാണം കഴിക്കാൻ കടൽ കടക്കുകയാണ്. ഡെസ്റ്റിനേഷൻ വെഡ്ഡിങ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വിദൂര വിവാഹ മേളകൾ തുടങ്ങിവച്ചത് തായ്‌ലൻഡിലെ ഫുക്കറ്റാണ്.
ഏതാനും വർഷങ്ങളായി യുഎഇയും കല്യാണ വിപണിക്കു പിന്നാലെയാണ്. അബുദാബിയും ദുബായിയും ഫുജൈറയും ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനെ ടൂറിസം പദ്ധതികളിൽ മുഖ്യ സ്ഥാനത്തു നിർത്തുന്നു.
ഇക്കൂട്ടത്തിൽ അബുദാബിയാണ് ഈ മേഖലയിലേക്ക് ഏറ്റവും ഒടുവിൽ ചുവടുറപ്പിച്ചത്. ഫുജൈറയും അവിടത്തെ രാജ്യാന്തര വിമാനത്താവളവും വിവാഹ വിനോദ സഞ്ചാരികൾക്കായി സമ്പൂർണമായും സമർപ്പിച്ചിരിക്കുകയാണ്. കുന്നും മലകളും കടൽത്തീരവും ചേരുന്ന ഭൂപ്രകൃതിയാണ് ഫുജൈറ വിവാഹ കമ്പോളത്തിൽ വിറ്റഴിക്കുന്നത്.
വിമാനം ചാർട്ടർ ചെയ്തു വരാനുള്ള സൗകര്യവും ചാർട്ടർ ചെയ്യുന്ന വിമാനങ്ങൾ ഇഷ്ടാനുസരണം പാർക്ക് ചെയ്യാനുള്ള സ്ഥലവും ഫുജൈറ വിമാനത്താവളം നൽകുന്നു. ലോകത്തിലെ ആഡംബര സൗധങ്ങൾ പശ്ചാത്തലമാക്കി വെഡ്ഡിങ് ഫോട്ടോ ഷൂട്ട് ഈ രാജ്യത്തിനു നൽകുന്ന വരുമാനം ചെറുതല്ല. ഹോട്ടലുകളായ ഹോട്ടലുകളിലൊക്കെ ബുക്കിങ്. മുറികളും ഹാളുകളും നിറയുന്നു. തരാതരം ഭക്ഷണ വിഭവങ്ങൾ അണിനിരക്കുന്നു. ഏതു കാലാവസ്ഥയിലും വിവാഹത്തിനു മാർക്കറ്റ് ഉണ്ടെന്നു മനസിലാക്കി വർഷം മുഴുവൻ നീളുന്ന പാക്കേജുകളാണ് വാഗ്ദാനം ചെയ്യുന്നത്.
നാട്ടിലെ കല്യാണങ്ങൾക്കുള്ള ചെലവേ വിദേശ കല്യാണങ്ങൾക്കുണ്ടാകൂ എന്നതാണ് ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളെ ജനപ്രിയമാക്കുന്നത്. പക്ഷേ, നാടടക്കം കല്യാണം വിളിക്കാനോ അത്രയും ആളുകളെ പങ്കെടുപ്പിക്കാനോ കഴിയില്ല. 2000 പേരെ വിളിച്ചു നാട്ടിൽ കല്യാണം നടത്തുമ്പോൾ ഇവിടെ അത് 200 പേരിൽ താഴെ മാത്രമാകും. അത്രയും പേർക്കു വിമാന ടിക്കറ്റും താമസവും ഭക്ഷണവുമൊക്കെ നൽകുമ്പോൾ വധുവിന്റെ അച്ഛനും വരന്റെ അച്ഛനും ഒരുവഴിയാകും. ആളുകളുടെ എണ്ണം കുറച്ച്, ആഡംബരം പരമാവധി കൂട്ടാൻ ആഗ്രഹിക്കുന്നവരാണ് വിമാനം കയറുന്നവരിൽ അധികവും.
ഇവിടെ വിവാഹം കഴിക്കുന്ന വിദേശികൾക്ക് റജിസ്ട്രേഷൻ നടപടികളൊക്കെ ലളിതമാക്കി യുഎഇ പ്രത്യേക നിയമം പാസാക്കി. മിനിറ്റുകൾക്കുള്ളിൽ വിവാഹം റജിസ്റ്റർ ചെയ്യാം. നടപടി ക്രമങ്ങൾ ലളിതമാണ്. കാരണം, എല്ലാവരും കല്യാണം കഴിച്ചു സന്തോഷമായി കഴിയുന്നതു കാണാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. അതുകൊണ്ട്, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരെ നിങ്ങൾക്ക് സ്വാഗതം. ആഢംബരം കുത്തിനിറച്ചു കല്യാണം കഴിച്ചു മടങ്ങാം.
∙ പിൻകുറിപ്പ്: വിവാഹം കഴിക്കുന്നതിനേക്കാൾ വേഗം വിവാഹ മോചനം നേടിയെടുക്കുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്. വിവാഹത്തേക്കാൾ ലളിതമാണ് മോചനത്തിനുള്ള നടപടി ക്രമങ്ങൾ. സന്ദർഭവശാൽ സൂചിപ്പിച്ചുവെന്നു മാത്രം.