രാജാവിനെ സ്വീകരിച്ച് തുടക്കം, അലങ്കാരമായി ഗിന്നസ് നേട്ടവും; വിസ്മയിപ്പിച്ച് ‘സൗദി ഫാൽക്കൺസ്’
Mail This Article
റിയാദ്∙ ആകാശത്ത് വർണ്ണ വിസ്മയവുമായി സൗദി അറേബ്യയുടെ 94 –ാമത് ദേശീയ ദിന ആഘോഷത്തിൽ തിളക്കാമർന്ന പ്രകടനവുമായി സൗദി ഫാൽക്കൺസ് എയ്റോബാറ്റിക് സ്ക്വാഡ്രൺ. പേര് പോലെ തന്നെ സൗദിയുടെ അനന്ത വിഹായസിൽ പാറിപറന്ന് നടക്കുന്ന ഈ ഹോക്ക് വിമാനസംഘം കാഴ്ച്ചക്കാരുടെ മനംകവരുന്ന പ്രകടനമാണ് കാഴ്ച്ചവച്ചത്.
വിവിധ വർണ്ണങ്ങൾ കൊണ്ട് ആകാശത്ത് ചിത്രമെഴുതി ആസ്വാദകർക്ക് വിസ്മയ നിമിഷങ്ങൾ സമ്മാനിച്ച സൗദി ഫാൽക്കൺസ് എയ്റോബാറ്റിക് സ്ക്വാഡ്രൺ സൗദി വ്യോമസേനയുടെ ഭാഗമാണ്. രാജ്യത്തെ സുപ്രധാന ആഘോഷങ്ങളിലും വിശേഷ അവസരങ്ങളിലും ഇതിന് മുൻപും ആകാശവിസ്മയം തീർത്ത ചരിത്രമുള്ള സൗദി ഫാൽക്കൺസ് എയ്റോബാറ്റിക് സ്ക്വാഡ്രൺ 1998 ൽ തലസ്ഥാനമായ റിയാദിന്‍റെ ആകാശത്ത് നടത്തിയ ഗ്രാൻഡ് എയർഷോയിലാണ് അരേങ്ങറ്റം നടത്തിയത്.
സൗദി ഭരണാധിപനായിരുന്ന അബ്ദുൽ അസീസ് രാജാവിന്‍റെ റിയാദിലേക്കുള്ള പ്രവേശനത്തിന്‍റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു അന്ന് പ്രകടനം നടത്തിയത്. സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരന്‍റെ അംഗീകാരത്തൊടെ സൗദി ഫാൽക്കൺസ് എന്ന് നാമകരണം ചെയ്തു. 2000 ൽ ദഹ്‌റാനിലെ കിങ് അബ്ദുൽ അസീസ് എയർ ബേസിൽ നിന്ന് ഇതിന്‍റെ പ്രവർത്തനം തബൂക്കിലെ കിങ് ഫൈസൽ വ്യോമ താവളത്തിലേക്ക് മാറ്റി. എയർ, ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ് എന്നിങ്ങനെ മൂന്ന് വിഭാഗം അടങ്ങിയ ക്രൂ ആണ് സൗദി ഫാൽക്കൺസ്.
വിമാനത്തിന്‍റെ പുക കൊണ്ട് രാജ്യത്തിന്‍റെ ചിഹ്നമായ രണ്ട് വാളുകളുടെയും ഈന്തപ്പനയുടെയും ഏറ്റവും വലിയ ലോഗോ ആകാശത്ത് രചിച്ചതോടെ ടീം ഗിന്നസ് വേൾഡ് റെക്കോർഡിലും മുത്തമിട്ടു .യൂറോപ്യൻ തലത്തിൽ എയർഷോകളിൽ പങ്കെടുക്കുന്നതിനൊപ്പം, യുകെ, ബെൽജിയം, ഓസ്ട്രിയ, ഗ്രീസ്, ഇറ്റലി, പോളണ്ട്, ഹംഗറി, മാൾട്ട, ഫ്രാൻസ് എന്നിവിടങ്ങളിലെ ഷോകളിലും പങ്കെടുത്തു.
ഹോക്ക് വിമാനങ്ങൾ മുഖ്യമായും ഫൈറ്റർ സ്ക്വാഡ്രണുകളിൽ ചേരുന്നതിന് മുൻപ് യുദ്ധവിമാന പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്ന ബ്രിട്ടിഷ് നിർമിത വിമാനമാണ്. ഇതിന്‍റെ അനുയോജ്യമായ വലിപ്പവും ഭാരം കുറഞ്ഞതും ചടുലതയും കാരണത്താൽ ഈ ദൗത്യം നിർവ്വഹിക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച വിമാനങ്ങളിലൊന്നായി ഇതിനെ കണക്കാക്കപ്പെടുന്നു. എയർ ഷോയുടെ ദൗത്യത്തിന് അനുയോജ്യമായ രീതിയിൽ ഇതിന്‍റെ അകവും പുറവും പരിഷ്‌ക്കരിച്ചിരിച്ചിട്ടുണ്ട്. അതൊടൊപ്പം രാജ്യത്തിന്‍റെ പതാകയുടെ നിറങ്ങളുടെ ബഹുമാനാർത്ഥം ഇതിന് പച്ചയും വെള്ളയും നിറമാണ് നൽകിയിരിക്കുന്നത്.