ADVERTISEMENT

അബുദാബി ∙  സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യമായി മാറ്റുരയ്ക്കാൻ പ്രവാസി വിദ്യാർഥികൾക്ക് അവസരമൊരുക്കി വിദ്യാഭ്യാസ വകുപ്പ്. വർഷങ്ങളായി പ്രവാസികൾ ഉയർത്തുന്ന ആവശ്യത്തിനാണ് ഒടുവിൽ പച്ചക്കൊടി ലഭിച്ചത്.

ഇതോടെ, പഠനത്തിനൊപ്പം കായിക ഇനങ്ങളിലും കേരളത്തിലെ ലക്ഷക്കണക്കിനു വിദ്യാർഥികളോട് മത്സരിക്കാൻ പ്രവാസികൾക്കാകും. കേരള സിലബസ് വിദ്യാർഥികൾക്കാണ് ഇതിന് അവസരം. നവംബറിൽ കൊച്ചിയിൽ നടക്കുന്ന കായിക മേളയിലാണ് പ്രവാസി വിദ്യാർഥികൾ കരുത്ത് കാട്ടുക. 

സംസ്ഥാന ഉന്നതവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസുമായി ഗൾഫിലെ കേരള സിലബസ് സ്കൂൾ പ്രിൻസിപ്പൽമാർ നടത്തിയ വെർച്വൽ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. കായികമേളയിൽ പങ്കെടുക്കുന്ന കേരളത്തിലെ കുട്ടികൾക്കു നൽകുന്ന എല്ലാ സൗകര്യങ്ങളും ഗൾഫിലെ കുട്ടികൾക്കും ലഭ്യമാക്കാമെന്ന് ഡയറക്ടർ ജനറൽ ഉറപ്പുനൽകി. മത്സരത്തിന് ഒരാഴ്ച മുൻപെങ്കിലും കുട്ടികളെ നാട്ടിലെത്തിച്ചാൽ കായിക അധ്യാപകരുടെ സഹായത്തോടെ പ്രത്യേക പരിശീലനത്തിന് സൗകര്യമൊരുക്കും. അതുവഴി, നാട്ടിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള സാവകാശം കുട്ടികൾക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 ∙ അന്തിമതീരുമാനം പ്രവേശന മാനദണ്ഡം അനുസരിച്ച് 
അതേസമയം, വരുംദിവസങ്ങളിലെ പ്രവേശന മാനദണ്ഡം സംബന്ധിച്ചാകും അന്തിമ തീരുമാനം. ഒന്നുകിൽ ഗൾഫിലെ സിബിഎസ്ഇ ക്ലസ്റ്റർ മാതൃകയിൽ കേരള സ്കൂൾ ക്ലസ്റ്റർ രൂപീകരിച്ച് ഇന്റർസ്കൂൾ മത്സരം നടത്തി, ജേതാക്കളെ സംസ്ഥാന കായികമേളയിൽ പങ്കെടുപ്പിക്കുന്ന രീതി സ്വീകരിക്കും. 

അല്ലെങ്കിൽ നാട്ടിൽനിന്ന് എത്തുന്ന കായികവിദഗ്ധർ ഓരോ സ്കൂളിലും വന്ന് കുട്ടികളുടെ കഴിവ് വിലയിരുത്തി മികച്ചവരെ തിരഞ്ഞെടുക്കും. ഇക്കാര്യത്തിൽ അഭിപ്രായം ക്രോഡീകരിക്കുന്നതിനും തുടർ ആശയവിനിമയങ്ങൾക്കുമായി വിദ്യാഭ്യാസ വകുപ്പും വിവിധ സ്കൂൾ പ്രിൻസിപ്പൽമാരും ഉൾപ്പെട്ട വാട്സാപ് ഗ്രൂപ്പ് തുടങ്ങി. മത്സരയിനങ്ങളിൽ വിജയിക്കുന്നവർക്ക് സർട്ടിഫിക്കറ്റിനു പുറമേ ഗ്രേസ് മാർക്കും ലഭിക്കും. ഇത് ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിനു ഗുണം ചെയ്യും.വർഷങ്ങളായുള്ള ആവശ്യമാണ് ട്രാക്കിലായതെന്നും വൈകാതെ സംസ്ഥാന യുവജനോത്സവത്തിലും പ്രവാസികളെ പങ്കെടുപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎഇയിലെ എക്സാം കോഓർഡിനേറ്റർ നിതിൻ സുരേഷ്  പറഞ്ഞു.

English Summary:

State School Sports Meet Welcomes Pravasi Students for Participation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com