പൊതു പൈപ്പ് ലൈനിലും പെയ്‌ഡ് പാർക്കിങ്ങിലും വലഞ്ഞ് മനാമയിലെ താമസക്കാർ
അതിരൂക്ഷമായ പാർക്കിങ് പ്രശ്നം നിമിത്തം മനാമയിൽ നിന്ന് താമസക്കാർ പലരും ഒഴിയുന്നു.
അതിരൂക്ഷമായ പാർക്കിങ് പ്രശ്നം നിമിത്തം മനാമയിൽ നിന്ന് താമസക്കാർ പലരും ഒഴിയുന്നു.
അതിരൂക്ഷമായ പാർക്കിങ് പ്രശ്നം നിമിത്തം മനാമയിൽ നിന്ന് താമസക്കാർ പലരും ഒഴിയുന്നു.
മനാമ ∙ അതിരൂക്ഷമായ പാർക്കിങ് പ്രശ്നം നിമിത്തം മനാമയിൽ നിന്ന് താമസക്കാർ പലരും ഒഴിയുന്നു. ഒരു കാലത്ത് ആളുകൾ തിങ്ങി നിറഞ്ഞിരുന്ന മനാമയിൽ ഇപ്പോൾ പല ഫ്ലാറ്റുകളും ശൂന്യമാണ്. മനാമയിൽ തന്നെയുള്ള ബിസിനസ് സംരംഭകരോ, മനാമയിൽ ജോലി ചെയ്യുന്നവരോ ആയ പ്രവാസികളാണ് ഇവിടെ താമസിക്കാൻ ആഗ്രഹിക്കുന്നത്. മനാമയിൽ ഉണ്ടായിരുന്ന നിരവധി പാർക്കിങ് സ്‌ഥലങ്ങൾ 'പെയ്‌ഡ് പാർക്കിങ്' സോണുകളായി മാറ്റിയതോടെ വാഹനങ്ങൾ നിർത്തിയിടാനുള്ള സ്‌ഥലത്തിന്റെ ലഭ്യതക്കുറവ് രൂക്ഷമായി.
പെയ്‌ഡ് പാർക്കിങ്ങിന് അരമണിക്കൂർ സമയത്തേക്ക് 100 ഫിൽസ് ആണ് ഈടാക്കുന്നത്. കോയിൻ ഉപയോഗിച്ചുള്ള ഈ രീതിയിൽ പരമാവധി രണ്ടു മണിക്കൂറാണ് ഒറ്റത്തവണ പണമടയ്ക്കാനുള്ള സൗകര്യമുള്ളത്. പലപ്പോഴും ഇത്തരം ബൂത്തുകളിൽ ഏതിലെങ്കിലും തകരാർ സംഭവിച്ചാൽ അടുത്ത ബൂത്ത് തേടി കുറെയധികം ദൂരം സഞ്ചരിക്കേണ്ടിവരുന്നതും ആളുകൾക്ക് പ്രയാസമുണ്ടാക്കുന്നു.
പഴയ കെട്ടിടങ്ങളും പൊതു പൈപ്പ് ലൈനുകളും
ഇവിടെയുള്ള കെട്ടിടങ്ങൾ പലതും പഴക്കമുള്ളവയാണ്. ഇത്തരം കെട്ടിടങ്ങളിലെ ജലവിതരണ സംവിധാനത്തിന് വാട്ടർ അതോറിറ്റിയുടെ മീറ്റർ സ്‌ഥാപിച്ചിരിക്കുന്നത് മെയിൻ പൈപ്പിലാണ്. അതുകൊണ്ട് തന്നെ കെട്ടിടത്തിലെ മൊത്തം താമസക്കാരുടെ ജല ഉപയോഗം കണക്കാക്കി ഓരോ മാസവും ഫ്ലാറ്റിലെ ഓരോ താമസക്കാരിൽ നിന്ന് വെള്ളത്തിന്റെ വാടക ഈടാക്കുന്നു. കുറഞ്ഞ അംഗ സംഖ്യ ഉള്ളവരും കൂടുതൽ അംഗ സംഖ്യ ഉള്ളവരും എന്ന വ്യത്യാസമില്ലാതെ ഈ നിരക്ക് തുല്യമായി അടക്കേണ്ടി വരും.
ബാച്ചിലർമാർ കുത്തി നിറഞ്ഞ് താമസിക്കുന്ന ഫ്ലാറ്റുകളിലെ അമിത ജല ഉപയോഗത്തിന്റെ നിരക്ക് കൂടി മറ്റുള്ളവർ നൽകേണ്ടി വരുന്ന അവസ്ഥയാണ് ഉള്ളത്. പഴയ വൈദ്യതി കേബിളുകളും മറ്റും വൈദ്യുതി നിരക്ക് വർധനവിന് കാരണമാകുന്നു. വളരെ ചുരുക്കം ചില കെട്ടിടങ്ങളിലാണ് അടുത്തിടെയെങ്കിലും പ്രത്യേകം വാട്ടർ മീറ്ററുകൾ സ്‌ഥാപിച്ചിട്ടുള്ളത്.
ഇടുങ്ങിയ വഴികളും ഗതാഗതക്കുരുക്കും കൂടി മാനമയിൽ നിന്ന് ആളുകൾ താമസം മാറുന്നതിന് കാരണമായിട്ടുണ്ട്. അടുത്തിടെ മനാമ സൂഖിൽ ഉണ്ടായ തീപ്പിടുത്തത്തെ തുടർന്ന് അതിനടുത്ത് താമസിക്കുന്നവരുടെ ജീവിതം കുറച്ച് നാളത്തേക്കെങ്കിലും ദുസ്സഹവുമായിരുന്നു.കുടിവെള്ള വിതരണ വാഹനങ്ങൾ പോലും ചില പ്രദേശങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യവും അക്കാലത്ത് ഉണ്ടായിരുന്നു. സൂഖിലുണ്ടായ തീപ്പിടുത്തതിനെ തുടർന്ന് നിരവധി മലയാളികളാണ് പ്രദേശം വിട്ടൊഴിഞ്ഞത്. തലസ്‌ഥാനത്തെ പാരമ്പര്യ കെട്ടിടങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ വലിയ മികച്ച പാർക്കിങ്, ഗതാഗത സംവിധാനവുമുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ തന്നെ നടത്താനുള്ള തയാറെടുപ്പിലാണ് അധികൃതർ.