സൗദിയിൽ പാർക്കിങ് നിയമലംഘനങ്ങൾക്ക് 900 റിയാൽ വരെ പിഴ
Mail This Article
ജിദ്ദ ∙ സൗദിയിൽ പൊതുസ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് 100 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. പാര്‍ക്കിങ്ങിന് അനുവദിച്ച പരമാവധി സമയം കഴിഞ്ഞും പാർക്ക് ചെയ്യൽ, തെറ്റായ രീതിയില്‍ പാര്‍ക്ക് ചെയ്യല്‍, പെയ്ഡ് പാര്‍ക്കിങ് സമയം കഴിഞ്ഞിട്ടും അതേ സ്ഥലത്ത് വാഹനം പാർക്ക് ചെയ്യൽ, എന്നീ നിയമ ലംഘനങ്ങള്‍ക്ക് 100 റിയാല്‍ പിഴ ചുമത്തും.
പാര്‍ക്കിങ് ഫീസ് നല്‍കാതെ പാര്‍ക്ക് ചെയ്താൽ 200 റിയാലാണ് പിഴ. റിസർവ് ചെയ്ത പാര്‍ക്കിങ്ങില്‍ വാഹനം നിര്‍ത്തിയാൽ 300 റിയാലും പെയ്ഡ് പാര്‍ക്കിങ്ങില്‍ നിരോധിത സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്താൽ 300 റിയാലും പിഴ ചുമത്തും. പാര്‍ക്കിങ്ങില്‍ ബാരിക്കേഡുകളോ വേലികളോ സ്ഥാപിച്ച് പാര്‍ക്കിങ് അടച്ചാൽ 400 റിയാലും കാര്‍ പാര്‍ക്കിങ് കെട്ടിടത്തിന്റെ പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള വഴികളിലും വാഹനം നിര്‍ത്തുന്നതിന് 500 റിയാലും എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് നീക്കിവച്ച സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് 900 റിയാലുമാണ് പിഴ ഈടാക്കുക.
പിഴകൾക്കുള്ള പതിനഞ്ച് ശതമാനം വാറ്റ് ഇതിന് പുറമെ അടയ്ക്കണം. നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാന്‍ ഉപയോഗിച്ച് യാര്‍ഡിലേക്ക് നീക്കം ചെയ്യാനാകുന്ന ഫീസും നിയമ ലംഘകരില്‍ നിന്ന് ഈടാക്കും. കാറുകള്‍ നീക്കം ചെയ്യാന്‍ 250 റിയാലും വലിയ വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ 1,250 റിയാലുമാണ് ഫീസ്.