സൗദിയിൽ മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ചു, ജാഗ്രതാ നിർദേശം
സൗദിയിൽ തണുപ്പ് കാലത്തിന് മുന്നോടിയായി വിവിധ മേഖലകളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടു.
സൗദിയിൽ തണുപ്പ് കാലത്തിന് മുന്നോടിയായി വിവിധ മേഖലകളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടു.
സൗദിയിൽ തണുപ്പ് കാലത്തിന് മുന്നോടിയായി വിവിധ മേഖലകളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടു.
റിയാദ് ∙ സൗദിയിൽ തണുപ്പ് കാലത്തിന് മുന്നോടിയായി വിവിധ മേഖലകളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടു. പ്രധാനമായും ജിസാൻ. അസീർ, അൽബാഹ മേഖലകളിലും മക്കയുടെ തെക്കൻ പ്രദേശങ്ങളിലും കിഴക്കൻ പ്രവിശ്യയിലുമാണ് മൂടൽ മഞ്ഞ് രൂപപ്പെടുന്നതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇവിടങ്ങളിൽ ആലിപ്പഴം പെയ്യുന്നതിനും ദൂരകാഴ്ചയക്ക് തടസ്സമുണ്ടാക്കുന്ന തരത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
അൽ ജൗഫ്, വടക്കൻ പ്രദേശങ്ങളുടെ അതിർത്തികൾ, ഹായിൽ, ഖസിം, മദീന എന്നിവിടങ്ങളിൽ ഇടിമിന്നലിന്‍റെ അകടമ്പടിയോടെ പൊടിശല്യമുയർത്തുന്ന കാറ്റും വീശുന്നതിനും സാധ്യതയുണ്ട്. കിഴക്കൻ പ്രവിശ്യയിൽ മൂടൽ മഞ്ഞ് കാഴ്ച മറച്ചതിനാൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചു. വരും ദിവസങ്ങളിൽ അർധ രാത്രി മുതൽ പുലർച്ചെ വരെ മൂടൽ മഞ്ഞുണ്ടാകാൻ സാധ്യതയുണ്ട്. ജുബൈൽ - ദമാം ഹൈവേയിൽ സെക്കന്‍റ് ഇൻഡ്രസ്ട്രിയിൽ ഏരിയയിലേക്ക് കയറാനുള്ള വളവിൽ റോഡിലെ കാഴ്ച മറച്ച കനത്ത മൂടൽ മഞ്ഞ് മൂലം നിരവധി വാഹനങ്ങളാണ് കഴിഞ്ഞ ദിവസം കൂട്ടിയിടിച്ചത്.
സമൂഹ മാധ്യമങ്ങളിലടക്കം അപകടത്തിന്‍റെയും മൂടൽ മഞ്ഞിന്‍റെയും ദൃശ്യങ്ങളും വിഡിയോയുമൊക്കെ ഇതുവഴി സഞ്ചരിക്കുന്നവർ സുരക്ഷാ മുൻകരുതലെന്ന നിലയ്ക്ക് പങ്കുവച്ചിരുന്നു.അതുപോലെ അൽഹസ-അബ്ഖെയ്ഖ് റോഡിലും മൂടൽമഞ്ഞുമൂലം സമാനരീതിയിൽ വാഹനാപകടം ഉണ്ടായതായി സമൂഹ മാധ്യമങ്ങളിൽ പറയപ്പെടുന്നു.
കിഴക്കൻ മേഖലയിൽ ദീർഘദൂര, പ്രധാന ഹൈവേകളിലൊക്കെ ഈ ദിവസങ്ങളിൽ വ്യാപകമായി മൂടൽ മഞ്ഞ് രൂപപ്പെടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്ര വക്താവ് ഹുസൈൻ അൽ ഖഹ്ത്താനി അറിയിച്ചു. അർധരാത്രി മുതൽ പ്രഭാതം വരെയാണ് മൂടൽ മഞ്ഞ് വ്യാപിക്കുന്നതെന്നും ജാഗ്രതയോടെ വാഹനങ്ങൾ ഓടിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.