ADVERTISEMENT

അബുദാബി ∙ യുഎഇയുടെ ദേശീയ മ്യൂസിയമായ സായിദ് നാഷനൽ മ്യൂസിയത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലേക്ക്. രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വീക്ഷണങ്ങളും മാർഗനിർദേശങ്ങളും അടിസ്ഥാനമാക്കി നിർമിക്കുന്ന മ്യൂസിയം അടുത്ത വർഷം അവസാനത്തോടെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സാദിയാത്തിലെ നിർമാണ കേന്ദ്രത്തിൽ എത്തി നിർമാണ പുരോഗതി വിലയിരുത്തി. നിർമാണം 85 ശതമാനം പൂർത്തിയായി.

ഷെയ്ഖ് സായിദിന്റെ ജനനം മുതൽ മരണം വരെയുള്ള മുഹൂർത്തങ്ങൾ അനാവരണം ചെയ്യുന്ന മ്യൂസിയത്തിൽ രാജ്യത്തിന്റെ ചരിത്രം, സംസ്കാരം, ഭൂമിശാസ്ത്രം എന്നിവയെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. സാദിയാത് ദ്വീപിലെ കൾചറൽ ഡിസ്ട്രിക്ടിൽ മൂന്നാമത്തെ മ്യൂസിയമായിരിക്കും നാഷനൽ മ്യൂസിയം.

മ്യൂസിയം പൂന്തോട്ടത്തിനുള്ളിൽ
മ്യൂസിയം നിർമാണം പൂർത്തിയാകുന്നതോടെ സാദിയാത് ദ്വീപിലെ സാംസ്കാരിക കേന്ദ്രമായി മാറും. അറേബ്യൻ പൈതൃകവും ആതിഥ്യമര്യാദകളും ആധുനികതയും സമന്വയിച്ചാണ് രൂപകൽപന. ഷെയ്ഖ് സായിദിന്റെ പ്രകൃതിസ്നേഹം അറിയിക്കുന്ന മ്യൂസിയം പൂന്തോട്ടത്തിനുള്ളിലാണ് സജ്ജീകരിക്കുന്നത്. വിദ്യാഭ്യാസം, പരിസ്ഥിതി, പൈതൃകം, സംസ്‌കാരം, സുരക്ഷ, സഹിഷ്ണുത എന്നിവയിൽ ഷെയ്ഖ് സായിദിന്റെ വീക്ഷണങ്ങളും ഇവിടെ കാണാനാകും. 

യുഎഇ രൂപീകരിക്കുന്നതിന് മുൻപുള്ള അവസ്ഥയും പരിസ്ഥിതിയിലൂന്നിയ വികസനവും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുമെല്ലാം മ്യൂസിയത്തിലുണ്ടാകും. പുരാതന കാലത്തെ മനുഷ്യവാസത്തിന്റെ തെളിവുകളും പ്രദർശിപ്പിക്കും. വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തുന്നവർക്ക് സഹായകരമായ മുഴുവൻ വിവരങ്ങളും മ്യൂസിയത്തിൽ ലഭ്യമാക്കും. ഷെയ്ഖ് സായിദിനെക്കുറിച്ച് സ്കൂൾ വിദ്യാർഥികൾ ശേഖരിക്കുന്ന വിവരങ്ങളും ചിത്രങ്ങളും പ്രദർശിപ്പിക്കാൻ പ്രത്യേക ഇടം ഒരുക്കുന്നുണ്ട്. 

 ഫാൽക്കണുകളുടെ ചിറകിന്റെ ആകൃതിയിലുള്ള ടവറുകളിൽ സോളർ പാനലുകൾ സ്ഥാപിച്ച് സൗരോർജം ഉൽപാദിപ്പിച്ചാകും പ്രവർത്തനം. പുറത്തുനിന്നുള്ള കാറ്റിനെ തടഞ്ഞ് പ്രത്യേക പൈപ്പിലൂടെ കടത്തിവിട്ട് ശുദ്ധീകരിച്ച് ശുദ്ധ വായു മ്യൂസിയത്തിന് അകത്തെത്തിക്കും. വെളിച്ചവും വായുവുമെല്ലാം ഗാലറികളിൽ ലഭിക്കുംവിധമാണ് നിർമാണം.

English Summary:

Zayed National Museum is scheduled to open in 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com