പ്രവാസിയായി സൗദിയിലെത്തി രണ്ടാം ദിനം തീപിടിത്തത്തിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം; വേദനയായി ലക്ഷ്മൺ
സൗദി അറേബ്യയിൽ തീപിടിത്തത്തിൽ മരിച്ച പ്രവാസി ഇന്ത്യക്കാരന്‍റെ മൃതദേഹം നാട്ടിൽ എത്തിച്ചു.
സൗദി അറേബ്യയിൽ തീപിടിത്തത്തിൽ മരിച്ച പ്രവാസി ഇന്ത്യക്കാരന്‍റെ മൃതദേഹം നാട്ടിൽ എത്തിച്ചു.
സൗദി അറേബ്യയിൽ തീപിടിത്തത്തിൽ മരിച്ച പ്രവാസി ഇന്ത്യക്കാരന്‍റെ മൃതദേഹം നാട്ടിൽ എത്തിച്ചു.
റിയാദ്∙ സൗദി അറേബ്യയിൽ തീപിടിത്തത്തിൽ മരിച്ച പ്രവാസി ഇന്ത്യക്കാരന്‍റെ മൃതദേഹം നാട്ടിൽ എത്തിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ ലക്ഷ്മൺ ജസ്വാലിന്‍റെ മൃതദേഹമാണ് മലയാളി സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെ നാട്ടിലെത്തിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 29-നാണ് ലക്ഷ്മൺ സൗദിയിലെത്തിയത്. ജോലി സ്ഥലത്ത് പാചകവാതക ചോർച്ചയെ തുടർന്നുണ്ടായ തീപിടിത്തത്തിലാണ് അദ്ദേഹം മരിച്ചത്.
ലക്ഷ്മൺ സൗദിയിലെത്തി രണ്ടാം ദിവസമാണ് അപകടത്തിൽപ്പെടുന്നത്. മജ്മ -കുവൈത്ത് റൂട്ടിലെ ഉമ്മുൽ ജമാജം എന്ന സ്ഥലത്തു നിന്നും 30 കിലോമീറ്റർ അകലെയായിരുന്നു ജോലി സ്ഥലം. ഡെസർട്ട് ക്യാംപിൽ കാവൽക്കാരനായിരുന്നു. ജോലിയിൽ പ്രവേശിച്ചത് രണ്ടാം ദിനം ലക്ഷ്മൺ തനിക്കുള്ള പ്രഭാതഭക്ഷണം തയ്യാറാക്കാൻ പാചകം ചെയ്യുന്ന മുറിയിൽ കയറിയതായിരുന്നു. എന്നാൽ പാചകവാതകം ചോർന്ന് അവിടെ മുഴുവൻ നിറഞ്ഞിരുന്നത് അറിയാതെ സ്റ്റൗ കത്തിക്കാൻ ലൈറ്റർ തെളിയിച്ചു. തീ ആളിപടർന്നതോടെ ഗുരുതര പൊള്ളലേറ്റ യുവാവ് നിലവഷളായി മരിക്കുകയായിരുന്നു.
കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് അറുതി വരുത്താനും പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുമൊക്കെ ആഗ്രഹിച്ചെത്തിയ ലക്ഷ്മണിന്‍റെ സ്വപ്നങ്ങളും ജീവനും ജീവിതവും പ്രവാസത്തിന്‍റെ രണ്ടാം ദിനം തന്നെ നിർഭാഗ്യവശാൽ കത്തിയമരുകയായിരുന്നു.
റിയാദ് ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫയർ വൊളന്‍റിയറും കെഎംസിസി വെൽഫെയർവിങ് ചെയർമാനുമായ റഫീഖ് പുല്ലൂർ മറ്റൊരു വിഷയം സംബന്ധിച്ച മജ്മ പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങളുമായി റിയാദ് ഇന്ത്യൻ എംബസിയിൽ ബന്ധപ്പെടുമ്പോഴാണ് അവിടെ നിന്നും ഈ യുവാവിനെ കുറിച്ചുളള വിവരങ്ങൾ ലഭിക്കുന്നത്. തുടർന്ന് എംബസി ചുമതലപ്പെടുത്തിയ പ്രകാരം റഫീഖ് സ്പോൺസറെ മൊബൈൽ മുഖാന്തിരം ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും പ്രതികരണമൊന്നുമില്ലാത്തതിനാൽ മജ്മ പൊലീസിന്‍റെ സഹായം തേടി.
അപ്പോഴാണ് ഉമ്മുൽ ജമാജം എന്ന സ്ഥലത്താണ് ലക്ഷ്മൺ എത്തിയതെന്നും രണ്ടാം ദിവസം തീപിടിത്തത്തിൽ മരിച്ചുവെന്ന വിവരം ലഭിക്കുന്നത്. ഇക്കാര്യം ഇന്ത്യൻ എംബസി അധികൃതരെ അറിയിക്കുകയും അതുവഴി നാട്ടിലെ കുടുംബത്തെ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിച്ചു.അവിടെയുള്ള കെഎംസിസി ഭാരവാഹികളായ മുസ്തഫ കണ്ണൂർ,താജുദ്ദീൻ മേലാറ്റൂർ,റഷീദ് കണ്ണൂർ, മുസ്തഫഎന്നിവരുടെ സഹായത്തോടെ ഉമ്മുൽജമാജം പൊലീസിൽ നിരന്തരം ബന്ധപ്പെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കി. പൊലീസിൽ നിന്നും ആശുപത്രിയിൽ നിന്നുമുള്ള രേഖകൾ ലഭ്യമാക്കി.തുടർന്ന് ഇന്ത്യൻ എംബസിയിൽ നിന്നും മൃതദേഹം നാട്ടിലേക്ക് കയറ്റിവിടുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാനുള്ള അനുമതിയും ലഭിച്ചു.
അടുത്ത ദിവസം തന്നെ റിയാദിൽ നിന്നും 330 കിലോമീറ്റർ അകെലയുള്ള അപകടം നടന്ന ഉമ്മുൽജമാജത്തിൽ വെൽഫെയർവിങ് നേതാക്കളായ റഫീക് പൂല്ലൂരും ഇസഹാഖ് താനൂരും എത്തി മൃതദേഹം ഏറ്റുവാങ്ങാനുള്ള രേഖകൾ പൊലീസിൽ നിന്നും വാങ്ങി. കൂടാതെ അവിടെ നിന്നും 110 കിലോമീറ്റർ അകലെയുള്ള മജ്മ സിവിൽ അഫയേഴ്സിൽ നിന്നും ലക്ഷ്മണിന്‍റെ മരണ സർട്ടിഫക്കറ്റും ലഭ്യമാക്കി. പിന്നീട് എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് കയറ്റിവിടുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ച് മൃതദേഹം സൂക്ഷിച്ചിരുന്ന ഹോത്താ സുദൈർ ആശുപത്രിയിൽ നിന്നും എംബാമിങ് നടപടികൾക്ക് റിയാദ് ഷുമേസി ആശുപത്രിയി മോർച്ചറിയിൽ എത്തിച്ചു.
ദിവസങ്ങൾ നീണ്ടു നിന്ന സങ്കീർണ്ണ നിയമ നടപടികൾ പൂർത്തീകരിച്ച് റിയാദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യാ വിമാനത്തിൽ ലക്നൗവിൽ എത്തിച്ചു. ബന്ധുക്കൾ ഏറ്റുവാങ്ങിയ ലക്ഷ്മണിന്‍റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു.